Tue. May 21st, 2024

ഡെങ്കിപ്പനി തടയാൻ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം: മന്ത്രി വീണാ ജോര്‍ജ്

By admin May 1, 2024
Keralanewz.com

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

വേനല്‍ മഴയും തുടർന്ന് മഴക്കാലവും വരുന്നതോടെ മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഡെങ്കിപ്പനി വ്യാപനത്തിന് ഏറെയാണ്. അതിനാല്‍ വകുപ്പുകള്‍ ഏകോപിച്ചുള്ള പ്രവർത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കണം. കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച്‌ യോഗങ്ങള്‍ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തണം. മെഡിക്കല്‍ ഓഫീസർ പബ്ലിക് ഹെല്‍ത്ത് ഓഫീസറായതിനാല്‍ യോഗം ചേർന്ന് പ്രാദേശികമായി പ്രവർത്തനങ്ങള്‍ നടത്തണം. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ തുടർച്ചയായ പ്രവർത്തനങ്ങള്‍ നടത്തണം. വാർഡ്തല സാനിറ്ററി കമ്മിറ്റികളുടെ പ്രവർത്തനം ശക്തമാക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും കൊതുകിന്റെ ഉറവിട നശീകരണവും വളരെ പ്രധാനമാണ്. ഹോട്ട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ച്‌ പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കണമെന്നും മന്ത്രി നിർദേശം നല്‍കി.

ഉഷ്ണ തരംഗത്തിന്റെ നിലവിലെ സാഹചര്യവും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും മന്ത്രിയുടെ നേതൃത്വത്തില്‍ ചർച്ച ചെയ്തു. ആരോഗ്യ ജാഗ്രത കലണ്ടർ അനുസരിച്ചുള്ള ഡ്രൈ ഡേ ഉള്‍പ്പെടെയുള്ള പ്രവർത്തനങ്ങള്‍ കൃത്യമായി നടത്താൻ മന്ത്രി നിർദേശം നല്‍കി. ഇടവിട്ടുള്ള മഴ, അമിതമായ ചൂട്, കാലാവസ്ഥ വ്യതിയാനം എന്നിവ കാരണം പലതരം പകർച്ചവ്യാധികളുണ്ടാകാൻ സാധ്യതയുണ്ട്. അതനുസരിച്ചുള്ള ജാഗ്രത പാലിക്കണം. ഡെങ്കിപ്പനി ചെറുതായി വർധിച്ചു വരുന്നതായാണ് സൂചന. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകള്‍ വളരെയധികം ശ്രദ്ധിക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ ആക്ഷൻ പ്ലാൻ രൂപീകരിച്ച്‌ പ്രവർത്തനം ശക്തമാക്കാൻ നിർദേശം നല്‍കി. വീടിനും സ്ഥാപനങ്ങള്‍ക്കും അകത്തും പുറത്തും വെള്ളം കെട്ടി നിർത്താനുള്ള സാഹചര്യം ഒഴിവാക്കണം. ഡെങ്കിപ്പനി പ്രതിരോധം എല്ലാവരുടേയും ഉത്തരവാദിത്തമാണ്.

എലിപ്പനി ഏറെ ശ്രദ്ധിക്കണം. മലിന ജലത്തിലിറങ്ങുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. ആശുപത്രികളില്‍ മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പ് വരുത്തണം.

എച്ച്‌ 1 എൻ 1, ചിക്കൻ പോക്സ്, ഹെപ്പറ്റെറ്റിസ്, മലമ്ബനി, ജലജന്യ രേഗങ്ങള്‍ തുടങ്ങിയവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിഥി തൊഴിലാളികളിലുള്‍പ്പെടെ മലമ്ബനി റിപ്പോർട്ട് ചെയ്തതിനാല്‍ പ്രതിരോധം ശക്തമാക്കണം. തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ അവബോധം ശക്തമാക്കും. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കും. താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നു. സംസ്ഥാന തലത്തില്‍ പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. തയ്യാറാക്കാൻ നിർദേശം നല്‍കി. കോഴിക്കോട്, വയനാട് ജില്ലകളില്‍ നിപ പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കണം.

ഉഷ്ണ തരംഗം തുടരുന്നതിനാല്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ശുദ്ധമായ വെള്ളം മാത്രമേ കുടിക്കാവൂ. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്. ഭക്ഷ്യ വസ്തുക്കള്‍ തുറന്ന് വയ്ക്കരുത്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ ഉടൻ ചികിത്സ തേടേണ്ടതാണ്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി, എൻ.എച്ച്‌.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണല്‍ ഡയറക്ടർമാർ, ജില്ലാ മെഡിക്കല്‍ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ, മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടർമാർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

പി.എൻ.എക്‌സ്. 1547/2024

വേനല്‍ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി ജാഗ്രത നിർദേശങ്ങള്‍ പുറപ്പെടുവിച്ചു. സൂര്യഘാതം ഏറ്റവും കൂടുതല്‍ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ പൊള്ളുന്ന വെയിലില്‍ തുറസായ സ്ഥലത്തു മേയാൻ വിടുന്നത് ഒഴിവാക്കണം. 11നു മുൻപും നാലിനു ശേഷവും മാത്രം പശുക്കളെ മേയാൻ വിടണം.

തൊഴുത്തില്‍ വായുസഞ്ചാരം ഉറപ്പാക്കണം. ഫാൻ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാൻ സഹകരമാവും. മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍ / തുള്ളി നന/ സ്പ്രിങ്ക്‌ളർ / നനച്ച ചാക്കിടുന്നത് ഉത്തമമാണ്. ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തില്‍ എല്ലാ സമയവും ലഭ്യമായിരിക്കണം (കറവപശുക്കള്‍ക്ക് 80- 100 ലിറ്റർ വെള്ളം / ദിവസം) ധാരാളം പച്ചപ്പുല്ല് തീറ്റയായി ലഭ്യമാക്കണം.മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോല്‍ രാത്രിയിലുമായി പരിമിതപ്പെടുത്തണം.

ചൂടും ഈർപ്പവും (ഹ്യൂമിഡിറ്റി) കൂടിയ പകല്‍ സമയങ്ങളില്‍ നനയ്ക്കുന്നത് മൂലം കന്നുകാലികളുടെ ശരീരം പെട്ടെന്ന് തണുക്കുകയും തുടർന്ന് ശരീരോഷമാവ് സ്വയം നിയന്ത്രിക്കുന്നതിലേക്കായി കുറച്ചു സമയത്തിന് ശേഷം ശരീരോഷ്മാവ് സ്വയം വർദ്ധിക്കുന്നതിനും മറ്റു അസ്വസ്ഥതകള്‍ക്കും കാരണമാകും. താരതമ്യേന ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാൻ ശ്രദ്ധിക്കണം.

കനത്ത ചൂട് മൂലം കന്നുകാലികളില്‍ കൂടുതല്‍ ഉമിനീർ നഷ്ടപ്പെടുന്നത് മൂലം ദഹനക്കേടും വയറിളക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്‌സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തണം. വേനല്‍ ചൂട് മൃഗങ്ങളുടെ ശരീര സമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. ചൂടുകാലത്തു ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേൻ , ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാല്‍ അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്‌മോസിസ്, ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതല്‍ കൂടി കർഷകർ സ്വീകരിക്കണം.

ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനല്‍ക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ഇതു നിയന്ത്രിക്കുന്നതിനു കറവയുള്ള മൃഗങ്ങളുടെ അകിടില്‍ നിന്നും പാല്‍ പൂർണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടുമായി കറവ ക്രമീകരിക്കണം. കൃഷിപ്പണിക്കുപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മുതല്‍ വൈകിട്ടു നാലു വരെയുള്ള സമയങ്ങളില്‍ കൃഷിപ്പണിക്കായി നിയോഗിക്കരുത്. പ്രാദേശികമായി പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കുകയും മുൻകരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം.

സൂര്യാഘാത ലക്ഷണങ്ങളും ശ്രദ്ധിക്കണം. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായില്‍ നിന്നും നുരയും പതയും വരിക, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടണം.

സൂര്യാഘാതമേറ്റാല്‍ ആദ്യം ചെയ്യേണ്ടത്

1. തണുത്ത വെള്ളം തുണിയില്‍ മുക്കി ശരീരം നന്നായി തുടയ്ക്കുക.

2. കുടിക്കാൻ ധാരാളം വെള്ളം നല്‍കുക

വേനല്‍ക്കാലത്ത് അരുമ മൃഗങ്ങളുടെ പരിപാലനം

· വളർത്തു മൃഗങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ശുദ്ധമായ തണുത്ത ജലം കുടിയ്ക്കാൻ പാകത്തിന് എല്ലാസമയത്തും ലഭ്യമാണെന്ന് ഉറപ്പാക്കുക.

· പകല്‍ സമയത്തു അടച്ചിട്ടതും വായു സഞ്ചാരമില്ലാത്തതുമായ മുറികളില്‍ അരുമമൃഗങ്ങളെ പാർപ്പിക്കരുത്.

· ഫാനുകളോ എയർ കൂളറുകളോ ഉള്ള മുറികളില്‍ പകല്‍ സമയങ്ങളില്‍ അരുമ മൃഗങ്ങളെ പാർപ്പിക്കുന്നതു അഭികാമ്യം ആയിരിക്കും.

· രോമം കൂടിയ ഇനത്തില്‍ പെട്ട അരുമ മൃഗങ്ങളെ വേനല്‍ക്കാലത്തു ഗ്രൂമിംഗിന് വിധേയമാക്കി അവയുടെ രോമക്കെട്ടുകളുടെ അളവു കുറയ്ക്കുന്നത് ചൂട് കുറക്കുന്നതിന് സഹായകരമാകും.

· കോണ്‍ക്രീറ്റ്/ ടിൻ ഷീറ്റുകൊണ്ടുള്ള കൂടുകളുടെ മേല്‍ക്കൂരകളില്‍ നനഞ്ഞ ചണം ചാക്ക് വിരിക്കുന്നതും ഇടയ്ക്കിടയ്ക്ക് ചാക്കില്‍ വെള്ളം തളിക്കുന്നതും കൂടുകളില്‍ ചൂട് കുറക്കുന്നതിന് സഹായകരമായിരിക്കും.

· രാവിലെ ഒൻപതു മണി മുതല്‍ വൈകീട്ട് നാല് മണി വരെയുള്ള സൂര്യപ്രകാശത്തിനു ചൂട് വളരെ കൂടുതലായതിനാല്‍ അവയെ പാർപ്പിച്ചിരിക്കുന്ന കൂടുകളില്‍ നേരിട്ട് സൂര്യപ്രകാശം പതിയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.

· ശുദ്ധമായ കുടിവെള്ളത്തോടൊപ്പം വിറ്റാമിൻ തുള്ളിമരുന്നുകള്‍ നല്‍കുന്നത് ചൂടുകാലത്തു ഓമന മൃഗങ്ങള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ക്ക് പ്രതിരോധം തീർക്കാൻ സഹായകരമായിരിക്കും

· ചൂടുകാലത്തു ബാഹ്യ പരാദങ്ങള്‍ പെറ്റുപെരുകുന്ന സമയമായതിനാല്‍ ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതല്‍ കൂടി അരുമ മൃഗങ്ങളുടെ ഉടമസ്ഥർ സ്വീകരിക്കേണ്ടതാണ്.

· ചൂട് കൂടിയ ഉച്ച സമയങ്ങളില്‍ ആഹാരം നല്‍കാതെ ചൂട്കുറവുള്ള സമയങ്ങളില്‍ പ്രത്യേകിച്ച്‌ രാവിലെയും വൈകീട്ടും പല നേരങ്ങളിലായി എളുപ്പം ദഹിക്കുന്ന ആഹാരം നല്‍കുന്നതാണ് നല്ലത്.

· അടച്ചിട്ട കാറുകളില്‍ അരുമ മൃഗങ്ങളെ ഒറ്റക്കാക്കി ഉടമസ്ഥർ പുറത്തുപോകരുത് .

· വളർത്തു മൃഗങ്ങളുമായുള്ള വാഹനത്തിലെ യാത്രകള്‍ കഴിവതും രാവിലെയും വൈകിട്ടുമായി ക്രമീകരിക്കേണ്ടതാണ്.

· യാത്രകളുടെ ഇടവേളകളില്‍ ശുദ്ധമായ കുടിവെള്ളം നല്‍കേണ്ടതാണ്.

· ചൂട് കൂടിയ പകല്‍ സമയങ്ങളില്‍ റോഡിലോ കോണ്‍ക്രീറ്റ് നടപ്പാതയിലോ അരുമ മൃഗങ്ങളെ നടത്തരുത്.

· ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം അരുമ മൃഗങ്ങളെ നടത്താനും വ്യായാമത്തിനും കൊണ്ട് പോകാൻ ശ്രദ്ധിക്കേണ്ടതാണ്.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍

· ശരീരോഷ്മാവ് വർധിക്കുക

· അമിതമായ ശ്വാസോച്ഛാസം

· സാധാരണ ഗതിയിലും കൂടുതലായി ഉമിനീർ കാണുക

· വിറയല്‍

· തളർന്നു വീഴുക

· ആഹാരം കഴിയ്ക്കാതിരിക്കുക

· ക്ഷീണം

· ഛർദി

സൂര്യാഘാതമേറ്റാല്‍ ആദ്യം ചെയ്യേണ്ടത്

1. സൂര്യാഘാതമേറ്റാല്‍ ഉടൻ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക.

2. തണുത്ത വെള്ളം തുണിയില്‍ മുക്കി ശരീരം നന്നായി തുടയ്ക്കുക.

3. കുടിക്കാൻ തണുത്ത വെള്ളം നല്‍കുക.

4. ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടുക

Facebook Comments Box

By admin

Related Post