നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ചികിത്സിച്ചു ഭേദമാക്കാമായിരുന്നു: എഡിഎച്ച്‌ഡി കണ്ടെത്തിയതിനെ കുറിച്ച് ഫഹദ് ഫാസിൽ .
കോതമംഗലം :തനിക്ക് എഡിഎച്ച്‌ഡി (അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം) കണ്ടെത്തിയെന്ന് വെളിപ്പെടുത്തി പ്രശസ്ത നടൻ ഫഹദ് ഫാസില്‍.
സാധാരണ കുട്ടികളിലാണ് നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട എഡിഎച്ച്‌ഡി കാണാറുള്ളത്, അപൂർവ്വമായാണ് ഈ അവസ്ഥ മുതിർന്നവരില്‍ കാണപ്പെടാറുള്ളത്.
കുട്ടിക്കാലത്തു തന്നെ രോഗം നിർണയിക്കാനായാല്‍ ചികിത്സിച്ചു മാറ്റാനാവുമെന്നും എന്നാല്‍ 41-ാം വയസ്സില്‍ ഇനി ചികിത്സ കൊണ്ടു മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് പറയുന്നു. കോതമംഗലത്ത് പീസ് വാലി ചില്‍ഡ്രൻസ് വില്ലേജ് നാടിനു സമർപ്പിക്കുന്ന ചടങ്ങിനിടയിലായിരുന്നു ഫഹദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ഇംപള്‍സീവായി പ്രവർത്തിക്കുക, ഹൈപ്പര് ആക്റ്റിവിറ്റി എന്നിവയാണ് എഡിഎച്ച്‌ഡിയുടെ പ്രധാന ലക്ഷണങ്ങള്‍.
ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, വളരെ വേഗം അസ്വസ്ഥനാകുക, പുതിയ കാര്യങ്ങള് പഠിക്കുന്നതിനോ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള് പൂർത്തിയാക്കുന്നതിനോ കഴിയാതെ വരിക, ഒന്നിലധികം കാര്യങ്ങള് അടങ്ങിയ നിർദേശങ്ങൾ ചെയ്തു തീർക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുക, വളരെ പെട്ടെന്നു ബോറടിക്കുക, മറ്റുള്ളവര് പറയുന്ന കാര്യങ്ങള് ശ്രദ്ധിച്ച് കേൾക്കാൻ കഴിയാതെ വരുന്ന അവസ്ഥ, ഒരു കാര്യത്തിനും ക്ഷമയില്ലാത്ത അവസ്ഥ, വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ എടുത്തു ചാടുന്ന സ്വഭാവം, വിട്ടുവീഴ്ച മനോഭാവ കുറവ്, അടങ്ങിയിരിക്കാത്ത പ്രകൃതം, നിര്ത്താതെയുള്ള സംസാരം, ശാന്തമായി ഇരുന്ന് ജോലി ചെയ്യാൻ കഴിയാതെ വരിക, അലസത, ഭയം, വിഷാദം എന്നിവയൊക്കെയാണ് പൊതുവെയുള്ള ലക്ഷണങ്ങള്‍.