മുംബൈ: അമിതാഭ് ബച്ചനോട് സഹായഭ്യര്‍ത്ഥിച്ച് കേരളത്തിലെ കോണ്‍ഗ്രസ്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയുള്ള സഹായാഭ്യര്‍ത്ഥന ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നിന്നുള്ള ട്രെയിനിന്റെ ദൃശ്യങ്ങല്‍ പങ്കുവെച്ച് കൊണ്ടായിരുന്നു സഹായം ചോദിച്ചത്.
ഈ ട്രെയിന്‍ ജനത്തിരക്ക് കാരണം തിങ്ങി നിറഞ്ഞിരിക്കുകയാണ് പ്രിയപ്പെട്ട അമിതാഭ് ബച്ചന്‍, ഞങ്ങള്‍ക്ക് നിങ്ങളില്‍ നിന്നൊരു ചെറിയ സഹായം ആവശ്യമുണ്ട്. ഈ വീഡിയോയില്‍ ഉള്ളത് പോലെ കോടിക്കണക്കിന് ആളുകള്‍ ഇന്ത്യയില്‍ ഇതുപോലെ യാത്ര ചെയ്യുന്നുണ്ട്.
റിസര്‍വ് കമ്ബാര്‍ട്ട്‌മെന്റ് പോലും ജനത്തിരക്ക് കാരണം നിറഞ്ഞിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ 52 ഡിഗ്രിയാണ് താപനില. ഈ വീഡിയോ യുപിയിലെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗൊരഖ്പൂരില്‍ നിന്നുള്ളതാണെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
നമ്മുടെ ജനസംഖ്യം കഴിഞ്ഞ ദശാബ്ദത്തില്‍ 14 കോടിയായിട്ടാണ് വര്‍ധിച്ചത്. ഇതുപ്രകാരം ആയിരം ട്രെയിനുകളെങ്കിലും അധികമായി പ്രഖ്യാപിക്കണമായിരുന്നു. ആകെ നമ്മള്‍ പുതിയതായി പ്രഖ്യാപിച്ചത് കുറച്ച് വന്ദേഭാരത് എക്‌സ്പ്രസ്സുകളാണ്. ഇതില്‍ പകുതിയോളം വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് കയറുന്നത്.
നമ്മുടെ ബഹുമാനപ്പെട്ട റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാന്‍ തയ്യാറല്ല. എന്നാല്‍ പ്രശസ്തരായ സെലിബ്രിറ്റികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് അദ്ദേഹം അതിവേഗം പരിഹാരം കാണാറുണ്ട്. അത് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത വിഷയമാണെങ്കില്‍ പോലും അദ്ദേഹം ഇടപെടും.
താങ്കളെ പോലെ സാമൂഹിക ബാധ്യതയുള്ള ഒരാള്‍ ഈ വിഷയത്തെ കുറിച്ച് ട്വീറ്റ് ചെയ്താല്‍ വലിയ ശ്രദ്ധ ലഭിക്കും. നടപടിയെടുക്കാനും അത് കാരണമാകും. ഈ വിഷയത്തില്‍ നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നതായും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. വീഡിയോയില്‍ കൊടും ചൂടില്‍ ട്രെയിനില്‍ നില്‍ക്കുന്നവര്‍ നന്നായി ബുദ്ധിമുട്ടുന്നുമുണ്ട്.
പ്ലാസ്റ്റിക് ഫാനുകള്‍ ഉപയോഗിച്ച് ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിക്കുന്നുമുണ്ട്. അതേസമയം നിരവധി പേരാണ് കേരള കോണ്‍ഗ്രസ് പോസ്റ്റിനെ അഭിനന്ദിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്‍ ഈ വിഷയത്തില്‍ പ്രതികരിക്കില്ലെന്നും, ബിജെപിയോട് ഇത്തരം കാര്യങ്ങള്‍ ചോദിക്കാന്‍ സെലിബ്രിറ്റികള്‍ക്ക് ഭയമാണെന്നും നിരവധി പേര്‍ കുറിച്ചിട്ടുണ്ട്.
അമിതാഭ് ബച്ചനോട് ഇത്തരം ചോദ്യങ്ങളൊന്നും ചോദിക്കരുത്. അദ്ദേഹത്തിന് കേള്‍വിക്കുറവുണ്ട്. അതുകൊണ്ട് നിങ്ങള്‍ എന്തുപറഞ്ഞാലും കേള്‍ക്കില്ലെന്ന് ഒരാള്‍ പരിഹസിച്ചിട്ടുണ്ട്.
അമിതാഭിനെ പാര്‍ലമെന്റില്‍ എത്തിച്ചത് രാജീവ് ഗാന്ധിയാണ്. ആദ്യം കുറ്റപ്പെടുത്തേണ്ടത് രാജീവിനെയാണെന്നും മറ്റൊരാള്‍ ട്രോള്‍ ചെയ്തിട്ടുണ്ട്. ഭീരുവും, നട്ടെല്ലില്ലാത്തവനും, അത്യാര്‍ത്തിക്കാരനുമാണ് ബച്ചന്‍. ബിജെപിക്കെതിരെ അദ്ദേഹം ഒന്നും സംസാരിക്കില്ലെന്നും ഒരു യൂസര്‍ കുറിച്ചിട്ടുണ്ട്.