Wed. Jul 17th, 2024

തൊടുപുഴയുടെ വികസനം, എം എൽ എ യുടെ നിസ്സംഗത അവസാനിപ്പിക്കണം; കേരള കോൺഗ്രസ് (എം)

Keralanewz.com

തൊടുപുഴ:തൊടുപുഴയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട തൊടുപുഴ എംഎൽഎ യുടെ നിസ്സംഗതയ്ക്ക് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ്എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. കഴിഞ്ഞ എട്ടു വർഷത്തിലേറെയായി എംഎൽഎ തൊടുപുഴയുടെ ആവശ്യങ്ങൾ നിയമ സഭയിൽ ഉന്നയിക്കുവാനോ തൊടുപുഴയിലെ പൊതുവായ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് മന്ത്രിമാരെ കാണുവാനോ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. ജനപ്രതിനിധി എന്ന നിലയിൽ തൻറെ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുന്ന സമീപനമാണ് കാലങ്ങളായി അദ്ദേഹം സ്വീകരിച്ചു വരുന്നത്. കേരളത്തിലെ മറ്റുള്ള നിയോജകമണ്ഡലങ്ങൾ അതിശയിപ്പിക്കുന്ന തരത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ തൊടുപുഴ എംഎൽഎയുടെ സമീപനം തൊടുപുഴയെ പിന്നോട്ടടിക്കുകയാണ്. കഴിഞ്ഞ എട്ടു വർഷക്കാലമായി തൊടുപുഴയിൽ കാര്യമായ ഒരു വികസന പ്രവർത്തനങ്ങളും നടക്കുന്നില്ല. സ്വന്തം മണ്ഡലത്തിലെ വികസന ആവശ്യങ്ങൾ ചോദിച്ചു വാങ്ങിയെടുക്കുവാനും അതിനായി നിയമസഭയിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും അവ തിരസ്കരിക്കുകയാണെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യേണ്ടത് ജനപ്രതിനിധിയുടെ ചുമതലയാണ്. ജനപ്രതിനിധിയുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുന്ന സമീപനം സ്വീകരിക്കുന്നത് പിജെ ജോസഫിനെ പോലെ ഒരാൾക്ക് ഭൂഷണമല്ല. തൊടുപുഴയുടെ ഗതാഗത കുരുക്കിന് പരിഹാരമായി മോർ ജംഗ്ഷൻ, മുനിസിപ്പൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഫ്ലൈ ഓവർ, ഇൻഡോർ സ്റ്റേഡിയം, പുഴയോര വാക്ക് വെ, മിനി സിവിൽ സ്റ്റേഷൻ അനക്സ് തുടങ്ങി വിവിധ പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങി നിൽക്കുകയാണ്. മാരീ യിൽക്കടവ് പാലത്തിൻറെ നിർമ്മാണം പൂർത്തീകരിച്ച് തുറന്നു കൊടുക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. ടൗണിലെ ഗതാഗതക്കുരു ഒഴിവാക്കാൻ വേണ്ടി പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച പദ്ധതികൾ ചുവപ്പുനാടയിൽ കുരു ങ്ങിക്കിടക്കുകയാണ്. എംഎൽഎയുടെ വ്യക്തിപരമായ സൗകര്യം പറഞ്ഞ് ഈ പദ്ധതികൾക്ക് കാലതാമസം വരുത്തുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. മുൻ പ്രവർത്തനങ്ങളുടെ വീമ്പ് പറച്ചിൽ മാത്രമാണ് സ്ഥിരം പല്ലവി. തൊടുപുഴയുടെ വികസന പ്രവർത്തനങ്ങൾ പാതിവഴിയിൽ മുടങ്ങിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും എംഎൽഎക്ക് ഒളിച്ചോടുവാൻ കഴിയില്ല. പ്രതിപക്ഷ എംഎൽഎമാരുള്ള ഇതര മണ്ഡലങ്ങൾപോലും വികസന പ്രവർത്തനങ്ങളിൽ തൊടുപുഴയ്ക്ക് മുൻപിൽ ആണ്. വികസന പ്രവർത്തനങ്ങളിൽ നേതൃത്വം കൊടുക്കേണ്ട എംഎൽഎ കഴിഞ്ഞ എട്ടു വർഷത്തെ തൊടുപുഴയുടെ പിന്നോക്കാവസ്ഥയ്ക്ക് പൊതുജനങ്ങളോട് മാപ്പ് പറഞ്ഞു വികസന പ്രവർത്തനങ്ങളിൽ നടത്തിവരുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.നിയോജകമണ്ഡലം പ്രസിഡന്റ്‌ ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. കെ ഐ ആന്റണി, ജയകൃഷ്ണൻ പുതിയടത്ത്, മാത്യു വാരികാട്ട്, അപ്പച്ചൻ ഓലിക്കരോട്ട്, അംബിക ഗോപാലകൃഷ്ണൻ,റോയ്സൺ കുഴിഞ്ഞാലിൽ, കുര്യാച്ചൻ പൊന്നാമറ്റം, റോയ് പുത്തൻകുളം ശ്രീജിത്ത്‌ ഒളിയറക്കൽ, ജോസ് കുന്നുംപുറം, തോമസ് വെളിയത്തുമാലി, ബെന്നി വാഴചാരി, മനോജ് മാമല, ജോർജ് പാലക്കാട്ട്, ജോസ് മഠത്തിനാൽ,ലിപ്സൺ കൊന്നക്കൽ, തോമ്മാച്ചൻ മൈലാടൂർ, ജോസ് സണ്ണി കടുത്തലക്കുന്നേൽ,സി ജെ ജോസ്,ജോസ് പാറപ്പുറം,ഡോണി കട്ടക്കയം,റോയ് വാലുമ്മേൽ,ജരാർഡ് തടത്തിൽ, ജെഫിൻ കൊടുവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post