കേരളത്തിലെ യൂണിവേഴ്സിറ്റി കളില്‍ പഠിക്കാൻ വിദേശവിദ്യാര്‍ഥികളുടെ ഒഴുക്ക്; അപേക്ഷയില്‍ 55 ശതമാനം വര്‍ധന
കോട്ടയം: എം ജി സര്‍വകലാശാല കാമ്പസിലും അഫിലിയേറ്റഡ് കോളേജുകളിലും ഉന്നത പഠനത്തിന് അപേക്ഷ നല്‍കിയ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ(ഐസിസിആര്‍) സ്‌കോളര്‍ഷിപ്പോടെ പി എച്ച് ഡി, പി ജി, ബിരുദ കോഴ്‌സുകള്‍ പഠിക്കാന്‍ 58 രാജ്യങ്ങളില്‍നിന്ന് 885 പേരാണ് ഇത്തവണ അപേക്ഷ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ ഇത് 571 ആയിരുന്നു.
പിഎച്ച്‌ഡി – 187, പി ജി – 406, ഡിഗ്രി – 292 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലായി ഈ വര്‍ഷം ലഭിച്ച അപേക്ഷകളുടെ എണ്ണം. ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്. 79 പേര്‍ . ആഫ്രിക്കയിലെതന്നെ സുഡാനില്‍നിന്ന് 77 പേരുണ്ട്.
ബൊട്‌സ്വാന -67, ബംഗ്ലാദേശ് -59, ഇറാഖ് -58, ടാന്‍സാനിയ -57, നൈജീരിയ -52, മലാവി -48, യെമന്‍ 39, ശ്രീലങ്ക -39, മാലി -33, ലെസോത്തോ -26, നേപ്പാള്‍ -22, അംഗോള -22 എന്നിവയാണ് കൂടുതല്‍ അപേക്ഷകരുള്ള രാജ്യങ്ങള്‍. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് എം ബി എ കോഴ്‌സിനാണ്. 70 പേരാണ് എം ബി എ കോഴ്‌സിലേക്ക് അപേക്ഷിച്ചിട്ടുള്ളത്.
അതേസമയം കേരളത്തില്‍ നിന്നും വിദ്യാർത്ഥി കുടിയേറ്റത്തില്‍ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. 2018 ല്‍ മാത്രം 1,29,763 വിദ്യാർഥി കുടിയേറ്റക്കാരാണുണ്ടായിരുന്നതെങ്കില്‍ 2023 ആയപ്പോഴേക്കും ഈ കണക്ക് കുത്തനെ ഉയർന്നു. 2023 ല്‍ 2,50,000 വിദ്യാർത്ഥികളാണ് വിദേശത്തേക്ക് പറന്നത്. നോർക്കയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. കേരളത്തില്‍ നിന്നുള്ള പ്രവാസത്തിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റം ചൂണ്ടിക്കാണിക്കുന്നതാണ് ഈ കണക്കെന്നു പറയുന്ന സർവേ റിപ്പോർട്ടില്‍ പറയുന്നു. 17 വയസിനു മുൻപു തന്നെ നാടു വിടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വർധനയുണ്ടായിട്ടുളളതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വിദേശത്തു പഠിക്കാൻ യുവതലമുറ കൂടുതല്‍ താത്പര്യം കാണിക്കുന്നു. കേരളത്തില്‍നിന്നുള്ള മൊത്തം പ്രവാസികളില്‍ 11.3 ശതമാനം പേർ വിദ്യാഥികളാണെന്നും അതേസമയം ആകെ കുടിയേറ്റക്കാരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ ഒമ്പതു ജില്ലകളിലും പ്രവാസികളുടെ എണ്ണം കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു.