Mon. Jan 13th, 2025

വിദ്വേഷ പ്രസംഗം; കേന്ദ്ര സഹമന്ത്രി ശോഭ കരന്ത്‍ലാജെക്കെതിരായ കേസ് റദ്ദാക്കാനാവില്ല : മദ്രാസ് ഹൈക്കോടതി .

By admin Jul 11, 2024 #bjp
Keralanewz.com

ചെന്നൈ: ബംഗളൂരുവിലെ രാമേശ്വരം കഫേയിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്ത്‍ലാജെക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് മദ്രാസ് ഹൈകോടതി വ്യക്തമാക്കി.

അന്വേഷണം അവസാനിപ്പിക്കണമെന്ന ആവശ്യം തള്ളിയ ജസ്റ്റിസ് ജി. ജയചന്ദ്രൻ കേസ് റെക്കോർഡ് കോടതിയില്‍ സമർപ്പിക്കാൻ പ്രോസിക്യൂഷന് നിർദേശം നല്‍കി.

മാർച്ച്‌ ഒന്നിന് രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. കഫേയിലെ സ്ഫോടനത്തിനു പിന്നില്‍ തമിഴ്നാട്ടില്‍ നിന്ന് വന്നവരാണെന്നായിരുന്നു ശോഭയുടെ പ്രസ്താവന. കേരളത്തില്‍നിന്ന് എത്തിയവർ കർണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നും ഇവർ പറഞ്ഞിരുന്നു.

ശോഭയുടെ പ്രസ്താവനക്കെതിരെ തമിഴ്നാട്ടില്‍ വ്യാപക വിമർശനം ഉയർന്നു. ഇതോടെ പ്രസ്താവന പിൻവലിച്ച്‌ ഇവർ മാപ്പുപറഞ്ഞിരുന്നു. ത്യാഗരാജൻ എന്ന വ്യക്തി മധുരൈ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടർന്ന് ശോഭക്കെതിരെ കേസെടുക്കുകയായിരുന്നു.

വിദ്വേഷ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കണമെന്നും മതസൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരാമർശങ്ങള്‍ നടത്തുന്നവർ ഒന്നുകില്‍ എൻ.ഐ.എ ഉദ്യോഗസ്ഥരായിരിക്കണം, അല്ലെങ്കില്‍ സ്ഫോടനവുമായി ബന്ധമുള്ളവരായിരിക്കണമെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു.

Facebook Comments Box

By admin

Related Post