വയനാടിനെ ചൊല്ലി രാജ്യസഭ പ്രക്ഷുബ്ധം; സഭയിൽ പൊട്ടിത്തെറിച്ച് ജോസ് കെ മാണി.
ന്യൂഡല്‍ഹി: നിലവിലുള്ള അജണ്ട നിർത്തിവെച്ച് ചർച്ച ചെയ്യാൻ നിരവധി കേരള എം.പിമാർ നോട്ടീസ് നല്‍കിയിട്ടും വയനാട് ദുരന്തത്തെ കുറിച്ച് കേരളത്തില്‍ നിന്ന് ഒരു എം.പിയെ പോലും സംസാരിക്കാൻ ചെയർമാൻ ജഗ്ദീപ് ധൻഖർ അനുവദിക്കാത്തതിനെ തുടർന്ന് രാജ്യസഭ വളരെ പ്രക്ഷുബ്ധമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
പ്രതിപക്ഷ എം.പിമാരുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് തുടങ്ങി വെച്ച അജണ്ട മാറ്റിവെച്ച് വയനാട് വിഷയം ഉന്നയിക്കാൻ ചെയർമാൻ ജഗ്ദീപ് ധൻഖർ നിർബന്ധിതനായി. ദുരന്തത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാൻ തയാറാകാത്ത നടപടിക്കെതിരെ കേരള കോണ്‍ഗ്രസ് എം.പി ജോസ് കെ. മാണി സഭയില്‍ പൊട്ടിത്തെറിച്ചു.
ജോസ് കെ. മാണിക്ക് പുറമെ കേരളത്തില്‍ നിന്നുള്ള എം.പിമാരായ എ.പി അബ്ദുല്‍വഹാബ്, ജോണ്‍ ബ്രിട്ടാസ്, എ.എ റഹീം, സന്തോഷ് കുമാർ, ജെബി മേത്തർ, ഡോ. വി. ശിവദാസൻ എന്നിവർ വയനാട് ദുരന്തത്തിന്റെ ഭീതിദമായ അവസ്ഥ സഭക്ക് മുമ്ബാകെ വെച്ചു. സൈനിക സഹായത്തോകൊപ്പം കേരള സർക്കാറിന് സാമ്ബത്തിക സഹായവും ലഭ്യമാക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എല്‍.ഡി.എഫ് യു.ഡി.എഫ് എം.പിമാർ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി ജോർജ് കുര്യനെ അങ്ങോട്ടയച്ചുവെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു രാജ്യസഭയെ അറിയിച്ചു. അടിയന്തരമായി രക്ഷാ പ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവുമാണ് വേണ്ടത്. പുനരധിവാസ പാക്കേജുകളും മറ്റും അത് കഴിഞ്ഞാണെന്നും കിരണ്‍ റിജിജു കൂട്ടിച്ചേർത്തു. എം.പിമാരുടെ വികര പ്രകടനങ്ങള്‍ മനസിലാക്കുന്നുവെന്നും അതേസമയം ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു പ്രക്രിയയുണ്ടെന്ന് മനസിലാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ മറുപടി നല്‍കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിന് ആവശ്യമായത് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ പറഞ്ഞു.