“മുണ്ടക്കൈ ടൗണ്‍ ഒറ്റയടിക്ക് കാണാതായി . അഭയം തേടി ഓടിക്കയറിയത് കുന്നിൻ മുകളിലേക്ക്..”വയനാടിനെ സങ്കടക്കടലിലാക്കിയ ഉരുള്‍പ്പൊട്ടലില്‍ മുണ്ടക്കൈയില്‍ 150 ഓളം പേര്‍ കുന്നിൻ മുകളില്‍ കുടുങ്ങിക്കിടക്കുന്നു !
മുണ്ടക്കൈ : വയനാടിനെ സങ്കടക്കടലിലാക്കിയ ഉരുള്‍പ്പൊട്ടലില്‍ മുണ്ടക്കൈ പ്രദേശത്ത് 150 ഓളം പേർ കുന്നിൻ മുകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് വിവരം.
രാത്രി ഒരു മണിയോടെ ഉരുള്‍പ്പൊട്ടി മലവെള്ളം ഒലിച്ചെത്തുന്ന ഭീകര ശബ്ദം കേട്ട് ഭയന്ന് കുന്നിൻ മുകളിലേക്ക് ഓടിക്കയറിയവരാണ് കുടുങ്ങിക്കിടക്കുന്നത്. റോഡ് അടക്കം ഒലിച്ചു പോയതിനാല്‍ മുണ്ടക്കൈ പ്രദേശത്ത് അല്‍പ്പ നേരം മുമ്ബ് മാത്രമാണ് എത്തിച്ചേരാൻ സാധിച്ചത്. കുടുങ്ങിക്കിടക്കുന്ന മിന്നത്ത് എന്ന സ്ത്രീയുടെ പ്രതികരണം ലഭ്യമായിട്ടുണ്ട്.
“രാത്രി ഒരു മണിക്ക് ഭീകരമായ ശബ്ദം കേട്ടതോടെയാണ് തങ്ങള്‍ മദ്രസക്ക് സമീപത്തെ കുന്നില്‍ ഓടിക്കയറിയത്. 150 ഓളം പേരാണ് ഈ കുന്നില്‍ കുടുങ്ങിക്കിടക്കുന്നത്. നിരവധി പേർ ഗുരുതര പരുക്കേറ്റ് കിടക്കുകയാണ്. എന്തു ചെയ്യണമെന്ന് പോലും അറിയില്ല. രാവിലെ വെളിച്ചം വീണതോടെയാണ് കുന്നിന് കീഴെ സകലതും ഒലിച്ചു പോയതായി കണ്ടത്. മുണ്ടക്കൈ ടൗണ്‍ ഒറ്റയടിക്ക് കാണാതായി.
വെള്ളത്തില്‍ ഒഴുകി പോയ മൂന്ന് പേരെ തങ്ങള്‍ക്ക് രക്ഷിക്കാൻ സാധിച്ചു. കൂടുതലും സ്ത്രീകളും കുട്ടികളുമാണ് മദ്രസയ്ക്ക് സമീപത്തെ കുന്നിലുള്ളത്.വയോധികരായ രണ്ടു പേർ ചോരയൊലിപ്പിച്ചാണ് കിടക്കുന്നത്. ഗുരുതരമായ പരുക്കാണ് ഇവർക്കുള്ളത്. നിസ്സഹായാവസ്ഥയിലാണ് തങ്ങള്‍.” – മിന്നത്ത് പറയുന്നു.