AccidentKerala News

ബെയ്ലി പാലം ഇന്ന് പൂർത്തിയാകും. രക്ഷാപ്രവർത്തനങ്ങൾ സുഗമമാകും.

Keralanewz.com

ചൂരല്‍മല : വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍നിന്ന് നിർമിക്കുന്ന താല്‍ക്കാലിക പാലം ഇന്ന് വൈകീട്ടോടെ പൂർത്തിയാകും.

190 അടി നീളത്തിലാണ് പാലം നിർമിക്കുന്നത്. 24 ടണ്‍ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാവും. ചൂരല്‍മല അങ്ങാടിയോട് ചേർന്നുള്ള കോണ്‍ക്രീറ്റ് പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയതോടെയാണ് ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ ഒറ്റപ്പെട്ടത്.

നീളം കൂടുതലായതിനാല്‍ പുഴക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് സൈന്യം പാലം നിർമിക്കുന്നത്. ഡല്‍ഹിയില്‍നിന്നും ബംഗളൂരുവില്‍നിന്നുമാണ് പാലം നിർമിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ എത്തിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് കണ്ണൂർ വിമാനത്താവളത്തില്‍ എത്തിക്കുന്ന സാമഗ്രികള്‍ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവരുന്നത്. നൂറോളം സൈനികരാണ് പാലം നിർമാണത്തില്‍ പങ്കാളിയാവുന്നത്. ബംഗളൂരുവില്‍നിന്ന് രക്ഷാദൗത്യത്തിന് വേണ്ട സാമഗ്രികളും ചൂരല്‍മലയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

കേരള ആൻഡ് കർണാടക സബ് ഏരിയ ജനറല്‍ ഓഫിസർ കമാൻഡിങ് (ജി.ഒ.സി) മേജർ ജനറല്‍ വി.ടി. മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. കരസേനയുടെ 100 പേർകൂടി രക്ഷാദൗത്യത്തിന് ഉടൻ ദുരന്തമുഖത്ത് എത്തും.

മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവർ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്നിഫർ നായ്ക്കള്‍ ബുധനാഴ്ച രാത്രിയോടെ ദുരന്തമേഖലയില്‍ എത്തി.

മീററ്റില്‍നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇവ കണ്ണൂർ വിമാനത്താവളം വഴിയാണ് ദുരന്ത മേഖലയില്‍ എത്തിയത്.

Facebook Comments Box