CRIMENational News

വ്യാജ എൻസിസി ക്യാംപ് നടത്തി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്; മുഖ്യപ്രതി ആത്മഹത്യ ചെയ്തു.

Keralanewz.com

സേലം: തമിഴ്‌നാട് കൃഷ്ണഗിരിയില്‍ വ്യാജ എൻസിസി ക്യാംപ് നടത്തി 13 വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പരിശീലകൻ ശിവരാമൻ (28) മരിച്ചു.
എലിവിഷം കഴിച്ചനിലയില്‍ ഇയാളെ സേലത്തെ മോഹൻ കുമാരമംഗലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മരണം.

അറസ്റ്റിലാകുമെന്നു മനസ്സിലായതിനു പിന്നാലെ 16നും 18നും ഇയാള്‍ എലിവിഷം കഴിച്ചുവെന്ന് കൃഷ്ണഗിരി ജില്ലാ എസ്പി പി. തങ്കദുരൈ അറിയിച്ചു. അവശനിലയില്‍ ആയതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് എലിവിഷം കഴിച്ചതായി ഇയാള്‍ പറഞ്ഞത്. തുടർന്ന് ബുധനാഴ്ച വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പാർക്കൂരിനടുത്തുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിനികളെയാണ് ശിവരാമനും സ്‌കൂള്‍ പ്രിൻസിപ്പലും അധ്യാപകരും ഉള്‍പ്പെടെ പീഡിപ്പിച്ചത്. സംഭവത്തില്‍ 11 പേർ പിടിയിലായിട്ടുണ്ട്. എൻസിസി യൂണിറ്റ് ഇല്ലാത്ത സ്‌കൂളില്‍ പുതിയ യൂണിറ്റ് അനുവദിപ്പിക്കാമെന്നു വാഗ്ദാനം ചെയ്‌തെത്തിയ പരിശീലകൻ കാവേരിപട്ടണം സ്വദേശി ശിവരാമൻ (28) ആണ് കേസിലെ മുഖ്യപ്രതി. ഇയാളുടെ നേതൃത്വത്തില്‍ കഴിഞ്ഞ 5 മുതല്‍ 9 വരെ സ്‌കൂളില്‍ നടന്ന ക്യാംപില്‍ 41 വിദ്യാർഥികളാണു പങ്കെടുത്തത്. 8നു പുലർച്ചെ 3ന് ശിവരാമൻ എട്ടാം ക്ലാസ് വിദ്യാർഥിയെ ആക്രമിച്ചു. പീഡനത്തെക്കുറിച്ച്‌ വിദ്യാർഥിനി പ്രിൻസിപ്പല്‍ സതീഷ് കുമാറിനോടു പരാതിപ്പെട്ടെങ്കിലും പുറത്തുപറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. 16ന് ശാരീരികാസ്വാസ്ഥ്യം നേരിട്ടതോടെ കുട്ടി അമ്മയോടു വിവരം പറയുകയായിരുന്നു. ഒളിവിലായിരുന്ന മുഖ്യപ്രതി കാവേരിപട്ടണം തിമ്മപുരം ഗാന്ധി നഗർ സ്വദേശി ശിവരാമനെ കോയമ്ബത്തൂരില്‍ നിന്നാണു പിടികൂടിയത്. പൊലീസിനെ വെട്ടിച്ച്‌ കടക്കാൻ ശ്രമിക്കവേ വീണ ഇയാളുടെ കാലൊടിഞ്ഞു. നാം തമിഴർ പാർട്ടി യുവജന വിഭാഗം നേതാവായിരുന്നു ഇയാള്‍. മറ്റ് 12 വിദ്യാർഥിനികള്‍ കൂടി പീഡിപ്പിക്കപ്പെട്ടതായി പൊലീസ് അറിയിച്ചു.

സംഘാടകരെക്കുറിച്ചു പശ്ചാത്തല പരിശോധനകള്‍പ്പോലും നടത്താതെയാണ് ക്യാംപ് നടത്താൻ അനുമതി നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടികള്‍ രാത്രിയില്‍ തങ്ങിയിരുന്ന ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു പീഡനം. അതേസമയം, സംഘാടകർക്ക് എൻസിസിയുമായി ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Facebook Comments Box