Kerala News

പട്ടയഭൂമിയില്‍ നിന്നു വെട്ടിയ ഈട്ടിമരങ്ങള്‍ ഉപയോഗിച്ച്‌ ഉരുപ്പടി നിര്‍മിച്ചെങ്കില്‍ സ്‌ഥലമുടമയില്‍നിന്നു മരത്തിന്റെ മൂന്നിരട്ടി വില ഈടാക്കും

Keralanewz.com

കൊച്ചി : പട്ടയഭൂമിയില്‍ നിന്നു വെട്ടിയ ഈട്ടിമരങ്ങള്‍ ഉപയോഗിച്ച്‌ ഉരുപ്പടി നിര്‍മിച്ചെങ്കില്‍ സ്‌ഥലമുടമയില്‍നിന്നു മരത്തിന്റെ മൂന്നിരട്ടി വില ഈടാക്കും. തടിമില്ലുകളില്‍നിന്നും മറ്റും പിടിച്ചെടുക്കുന്ന ഈട്ടിത്തടി സര്‍ക്കാരിലേക്കു കണ്ടുകെട്ടും.
വയനാട്‌ മുട്ടിലില്‍ ഉള്‍പ്പെടെ നിയമം ലംഘിച്ചു വെട്ടിയെടുത്ത ഈട്ടിത്തടി സംസ്‌ഥാനത്തുടനീളം റെയ്‌ഡ്‌ നടത്തി പിടിച്ചെടുത്തുവരികയാണ്‌. വെട്ടിയ മരങ്ങളില്‍ പകുതിയോളം ഫര്‍ണിച്ചറോ മറ്റ്‌ ഉരുപ്പടികളോ ആയി മാറ്റിക്കഴിഞ്ഞു. മരം വിറ്റുകിട്ടിയ പണം വിവാഹ ആവശ്യത്തിനുള്‍പ്പെടെ ചെലവാക്കുകയും ചെയ്‌തു. ഈ തുക വീണ്ടെടുക്കുക എളുപ്പമല്ല. മാത്രമല്ല, മരം വാങ്ങിയതിനു തെളിവില്ലാത്തതിനാല്‍ കച്ചവടക്കാരില്‍ പലരും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറാകുന്നില്ല. കടക്കെണിയില്‍പ്പെട്ട കര്‍ഷകരെ സഹായിക്കാനെന്ന പേരിലാണു കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിനു തൊട്ടുമുമ്ബു പട്ടയഭൂമിയില്‍നിന്നു ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത്‌. കര്‍ഷകരെ മുന്നില്‍നിര്‍ത്തി തടിമാഫിയ വന്‍തോതില്‍ തടി വെട്ടിക്കടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ ഉത്തരവ്‌ റദ്ദാക്കി. എന്നാല്‍ മരംമുറി നിര്‍ബാധം തുടര്‍ന്നു. മുറിച്ചിട്ട മരം കൊണ്ടുപോകാനുള്ള പ്രത്യേക പാസ്‌ നല്‍കിയതു പലതും റദ്ദാക്കല്‍ തീയതിക്കു ശേഷമാണ്‌. 1950-ലെ ലാന്‍ഡ്‌ അസൈന്‍മെന്റ്‌ (എല്‍.എ) പട്ടയഭൂമിയില്‍ നിന്നു മരം മുറിക്കുന്നതിനാണു തടസമുള്ളത്‌.
ലാന്‍ഡ്‌ അസൈന്‍മെന്റ്‌ (എല്‍.എ.), ലാന്‍ഡ്‌ ട്രിബ്യുണല്‍ (എല്‍.ടി.), കൈവശരേഖ, മിച്ചഭൂമി, മിച്ചഭൂമി സാധൂകരണം, ദേവസ്വം പട്ടയം എന്നിങ്ങനെ വിഭാഗങ്ങളിലാണു പട്ടയങ്ങള്‍ വിതരണം ചെയ്‌തുവരുന്നത്‌. അതില്‍ ലാന്‍ഡ്‌ അസൈന്‍മെന്റിലാണ്‌ ഏറ്റവുമധികം പട്ടയങ്ങളുള്ളത്‌. മരവില നല്‍കാത്ത നിലവിലുള്ള ഈട്ടി, തേക്ക്‌, ചന്ദനം, കരിന്താളി എന്നീ രാജമരങ്ങള്‍ വെട്ടാന്‍ പാടില്ല.
മരം മുറിയെപ്പറ്റി ഫോറസ്‌റ്റ്‌ വിജിലന്‍സ്‌ വിഭാഗം അന്വേഷിച്ചുവരികയാണ്‌. അടുത്താഴ്‌ചയോടെ റിപ്പോര്‍ട്ട്‌ നല്‍കാനാണു നിര്‍ദ്ദേശം. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടി സ്വീകരിക്കും. 2005-ലെ ചട്ടങ്ങള്‍ പ്രകാരം സ്വകാര്യഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ അനുവാദം നല്‍കിയിരുന്നു. എല്ലാ മരങ്ങളും നട്ടുപിടിപ്പിക്കാമെന്ന സ്‌ഥിതിയാണ്‌ ഇപ്പോള്‍

Facebook Comments Box