Fri. Dec 6th, 2024

രാഹുല്‍ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ; കേന്ദ്ര സര്‍ക്കാരിൻ്റെ പ്രതികരണം തേടി അലഹബാദ് ഹൈക്കോടതി .

By admin Sep 26, 2024 #bjp #congress #news
Keralanewz.com

അലഹബാദ് ; രാഹുല്‍ ഗാന്ധിയുടെ പൗരത്വ പ്രശ്നവുമായി ബന്ധപ്പെട്ട ഹർജിയില്‍ കേന്ദ്ര സർക്കാരിനോട് പ്രതികരണം ആരാഞ്ഞ് അലഹബാദ് ഹൈക്കോടതി .

രാഹുല്‍ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാൻ ആഭ്യന്തര മന്ത്രാലയത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നേരത്തെയും രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തെച്ചൊല്ലി വിവാദങ്ങള്‍ ഉയർന്നിരുന്നു. ഈ വിഷയത്തില്‍ പലരും രാജ്യത്തെ വിവിധ കോടതികളില്‍ ഹർജി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതിയുടെയും പരിഗണനയിലാണ്.

എസ് വിഘ്നേഷ് ശിശിറിന്റെ ഹർജിയാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ഓം പ്രകാശ് ശുക്ല എന്നിവരുടെ ബെഞ്ച് പരിഗണിച്ചത് . രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നാണ് ശിശിരിൻ്റെ ഹർജിയില്‍ പറയുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ശിശിർ ആവശ്യപ്പെട്ടു

രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് രണ്ട് അപേക്ഷകള്‍ നല്‍കിയിട്ടുണ്ടെന്നും ശിശിർ ഹൈക്കോടതിയെ അറിയിച്ചു. പൗരത്വ നിയമപ്രകാരമാണ് ഈ അപേക്ഷകള്‍ നല്‍കിയിരിക്കുന്നത്. ഈ അപേക്ഷകളില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഹർജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതി ആഭ്യന്തര മന്ത്രാലയത്തോട് വിവരങ്ങൾ ചോദിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയുടെ വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കാൻ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ സൂര്യഭാൻ പാണ്ഡെയോട് ഹൈക്കോടതി ഉത്തരവിട്ടു.

രാഹുല്‍ ഗാന്ധിയുടെ പൗരത്വം ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് അറിയണമെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഇതേ കേസില്‍ നല്‍കിയ ഹർജി പിൻവലിക്കാൻ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ശിശിർ തന്നെയാണ് ഈ ഹർജിയും നല്‍കിയത്.

ഒരു ഇന്ത്യൻ പൗരന്റെ വിദേശ പൗരത്വം സ്വീകരിക്കുന്നതിനുള്ള കാരണവും സമയവും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാൻ പൗരത്വ നിയമപ്രകാരം കേന്ദ്ര സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയത്തിന് അധികാരമുണ്ട്. രാഹുലിന്റെ പൗരത്വം റദ്ദാക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടാണ് ശിശിർ അപേക്ഷ നൽകിയിരിക്കുന്നത്.

Facebook Comments Box

By admin

Related Post