Wed. Nov 6th, 2024

വയനാട് ജില്ലയിലെ 13 വില്ലേജുകള്‍ പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയില്‍, ജനങ്ങൾ ആശങ്കയിൽ

By admin Sep 26, 2024 #news
Keralanewz.com

കല്‍പറ്റ: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുമായ ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതുക്കി ഇറക്കിയ കരട് വിജ്ഞാപനത്തില്‍ വയനാട്ടിലെ 13 വില്ലേജുകള്‍ കൂടി .

ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ രണ്ട് താലൂക്കുകളിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്ററാണ് ലോല പ്രദേശമായി കണക്കാക്കിയിരിക്കുന്നത്.

കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ 56,800 ചതുരശ്ര കിലോമീറ്ററാണ് ആകെ ഇതില്‍ ഉള്‍പ്പെടുന്നത്. എതിര്‍പ്പുകളും നിര്‍ദേശങ്ങളും 60 ദിവസത്തിനകം അറിയിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. പെരിയ, തിരുനെല്ലി, തൊണ്ടർനാട്, തൃശ്ശിലേരി, കിടങ്ങനാട്, നൂല്‍പുഴ, അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നിവയാണ് വയനാട്ടിലെ വില്ലേജുകള്‍. ഉരുള്‍പൊട്ടല്‍ മേഖലയാണ് വെള്ളരിമല വില്ലേജ്. 13 വില്ലേജുകള്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടത് വയനാട്ടില്‍ ആശങ്ക ഉയർത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട എതിർപ്പുകളും നിർദേശങ്ങളും 60 ദിവസത്തിനകം അറിയിക്കണമെന്നാണ് കരട് വിജ്ഞാപനത്തിലുള്ളത്. ഉരുള്‍പൊട്ടലിന്റെ പിറ്റേ ദിവസമായ ജൂലൈ 31നാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഇതനുസരിച്ച്‌, പരാതി നല്‍കാനുള്ള സമയപരിധി സെപ്റ്റംബർ 28ന് അവസാനിക്കുകയാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് തപാലിലോ ഇ-മെയിലിലോ പരാതി അയക്കാം. അതിനു മുന്നോടിയായി ആശങ്കകള്‍ ഒഴിവാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിച്ചു നല്‍കിയ ഭൂപടത്തിന് എന്തുസംഭവിച്ചുവെന്നു വ്യക്തമാക്കാനും മന്ത്രിതല യോഗം ചേരണമെന്ന ആവശ്യമാണ് ഉയരുന്നത്.

പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ വിവിധ നിയന്ത്രണങ്ങള്‍ വരും. ക്വാറികള്‍ക്കു നിരോധനമുണ്ടാകും. നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണങ്ങള്‍ക്കും ഒഴികെ വലിയ തോതിലുള്ള നിർമാണപ്രവർത്തനങ്ങള്‍ക്ക് അനുമതി നല്‍കില്ല. റോഡ് നിർമാണത്തിനും ചെറുകിട വ്യവസായങ്ങള്‍ക്കും നിബന്ധനകളേറെ. കൃഷിരീതികളിലും വൻ മാറ്റങ്ങളാണ് നിർദേശിക്കുന്നത്. ടൗണ്‍ഷിപ്പുകളും പുതിയ താപവൈദ്യുതി പദ്ധതികളും അനുവദിക്കില്ല. നിലവിലുള്ള പദ്ധതികള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാമെന്നും എന്നാല്‍, വിപുലീകരണം അനുവദിക്കില്ലെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനും ഒഴികെ, വലിയ തോതിലുള്ള നിര്‍മാണ പദ്ധതികള്‍ക്കും ടൗണ്‍ഷിപ്പുകള്‍ക്കും ഇതിലൂടെ നിരോധനം വരും.

ജില്ലയിലെ 13 വില്ലേജുകളിലും അന്തിമ സ്ഥലപരിശോധന നടത്തി ജനവാസമേഖലകള്‍ ഒഴിവാക്കി തദ്ദേശ സ്ഥാപനങ്ങള്‍ നേരത്തേ റിപ്പോർട്ട് നല്‍കിയിരുന്നു. എന്നാല്‍, പരിസ്ഥിതി കാലാവസ്ഥ ഡയറക്ടറേറ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച രണ്ട് ഭൂപടങ്ങളില്‍ ഈ വില്ലേജുകള്‍ ഒഴിവാക്കിയിട്ടില്ല. ജില്ലയില്‍ 665 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് പരിസ്ഥിതിലോല മേഖലയില്‍ വരുന്നത്. സർക്കാരിൻ്റെ കൃത്യമായ ഇടപെടലുണ്ടായില്ലെങ്കിൽ അവിടുത്തെ ജനങ്ങൾക്കുണ്ടാകാൻ പോകുന്നത് വലിയ ദുരിതങ്ങളായിരിക്കും.

Facebook Comments Box

By admin

Related Post