International NewsKerala NewsPravasi news

ബട്ടർ ചിക്കൻ ; ഒരനുഭവ കഥ:ശ്രീമതി ലൗലി ബാബു തെക്കേത്തല .

Keralanewz.com

ശ്രീമതി ലൗലിബാബു എഴുതിയ ഒരു അനുഭവ കഥയാണ് ബട്ടർ ചിക്കൻ.
എഴുത്തുകാരിയുടെ വരികളിലൂടെ ഒന്നു സഞ്ചരിച്ചാലോ.

ബട്ടർ ചിക്കൻ (അനുഭവ കഥ )
പണ്ട് പണ്ട് അല്ല ഒരു ഇരുപത് വർഷം മുമ്പ് ഒരു ഇരുപത്തി മൂന്നുകാരി ചിക്കൻ കറിയും വെച്ച് തൻ്റെ ഭർത്താവിന് ഒരു ഫോൺ ചെയ്തു പ്രണയം തൂകി കൊണ്ട് മന്ത്രിച്ചു ചേട്ടാ ഇന്നു വേഗം വീട്ടിലേക്ക് വരണേ ഞാനിതാ ബട്ടർ ചിക്കനും ആയി കാത്തിരിക്കുന്നു

സ്ഥലം ദുബായിലെ ദെയ്റ!വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞു ഒന്നിച്ചു ജീവിക്കുവാൻ കഴിഞ്ഞ സ്വപ്നജീവി പെൺകുട്ടിയും വീട്ടുകാരോടുള്ള കടമ നിറവേറ്റൽ പയ്യനും ഒരു ഷെയറിംഗ് അക്കമഡേഷൻ അതായത് ഒരു വീട്ടിൽ രണ്ട് കുടുംബങ്ങൾ അടുക്കള ,ഹാൾ ഷെയർ ചെയ്യുന്നു ഓരോ ബെഡ്റൂം ബാത്ത് റൂം ഓരോ ഫാമിലിക്കും ഉണ്ട് , ഞങ്ങളുടെ വീട് ഇത്തരത്തിലായിരുന്നു .
അവിടെ തിരുവനന്തപുരത്തുകാരായ രവിയണ്ണൻ സതി ചേച്ചി മകൾ ശക്തി ആറാം ക്ലാസിൽ പഠിക്കുന്നു .വളരെ നല്ല ഫാമിലി , സതി ചേച്ചിയ്ക്കു ഞാൻ മകളെ പ്പോലെ !ശക്തിക്കു ഞാൻ മൂത്ത ചേച്ചി ! രവിയണ്ണനു ഞങ്ങൾ സ്വന്തം സഹോദരിയുടെ മക്കൾ !ആകപ്പാടെ സ്നേഹ പ്രവാഹം!!

ഞാൻ എന്ന സ്വപ്ന ജീവിക്ക് അടുക്കള എന്നു കേട്ടാൽ വലിയ ഇഷ്ടം ഒന്നും ഇല്ല ഉഷപൂജ ,ഉച്ചപൂജ ,സന്ധ്യാവന്ദനം ഇങ്ങനെ മൂന്നു പ്രാവശ്യം കയറി ചായ, ബ്രെഡ് ഉച്ചയ്ക്ക് ചോറ് ,മുട്ട പൊരിചത് ഒക്കെ ആയി പോവുന്നതിൽ എനിക്ക് രക്ഷ ആയത് സതി ചേച്ചിയാണ് .അവിടെ എന്തു ഉണ്ടാക്കിയാലും എനിക്കു ഒരു പാത്രത്തിൽ കറി കൊണ്ടു വരും .ഞാൻ അത് എടുത്തു വൈകിട്ടു ഭർത്താവ് വരുമ്പോൾ ഒരുമിച്ച് കഴിച്ചും പിന്നെ കൈകൾ കോർത്ത് പിടിച്ച് സായാഹ്ന സവാരിയും ഒക്കെ ആയി സന്തോഷം നിറഞ്ഞ ദിവസങ്ങൾ .അങ്ങനെ രണ്ടാഴ്ച പെട്ടെന്ന് കടന്നു പോയി….

നാട്ടിൽ എനിക്ക് പഠിക്കാന് ഉണ്ട് എന്നു പറഞ്ഞും ആട്ടിൻ കുട്ടിയെയും പട്ടിക്കുട്ടി, മുയൽ ,കാട ,കോഴി ഇങ്ങനെ പക്ഷി മൃഗാദികളെ പരിപാലിച്ചു നല്ല കുട്ടിയായി നടന്ന ഞാൻ വിവാഹ ശേഷം ഭർത്താവ് ഗൾഫിൽ പോയതിൻ്റെ പിറ്റേന്ന് ഹോസ്റ്റലിലേക്കും വണ്ടി കയറി നഴ്സിംഗ് ട്യൂട്ടർ ആയി വിരാജിക്കുമ്പോഴാണ് ഗൾഫിലേക്ക് വിസയെടുത്ത് പാവം പയ്യൻ കൊണ്ടു പോവുന്നത് .
യാതൊരു പാചക പരിചയവും താൽപര്യവും ഇല്ലാത്ത എന്നെക്കാൾ ഭർത്താവിന് കുറച്ചൊക്കെ പാചകം അറിയാം അദ്ദേഹം എന്നെ സാമ്പാർ ഉണ്ടാക്കാൻ പഠിപ്പിച്ചപ്പോൾ എൻ്റെ അമ്മയ്ക്കു പോലും സാധിക്കാത്ത കാര്യം ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു.

അപ്പോഴാണ് അദ്ദേഹം പറയുന്നത് എനിക്ക് ഇനി സതി ചേച്ചി തരുന്ന കറി വിളമ്പണ്ട എൻ്റെ കറി മാത്രം മതി ആദ്യം കോരിത്തരിച്ചെങ്കിലും
പിന്നെ ഞാൻ ഞെട്ടിത്തരിച്ചു എനിക്ക് മെഴുക്കുപുരട്ടി അല്ലാതെ ഒന്നും അറിയില്ല ഭർത്താവ് കട്ടായം പറഞ്ഞു നീ ഉണ്ടാക്കണം ലക്ഷമി നായരുടെ പാചകപുസ്തകം എവിടെ നിന്നോ തപ്പിയെടുത്ത് തന്നു എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ സതി ചേച്ചിയോട് ചോദിച്ചു മനസിലാക്കി കൊള്ളണം .ഞാൻ സമ്മതമെന്ന് തലയാട്ടി…

പിറ്റേ ദിവസം ഉഷപൂജയ്ക്കു ശേഷം നടയടച്ചില്ല …ഫ്രിഡ്ജ് തുറന്ന് ഗവേഷണം നടത്തി .എന്തെങ്കിലും സ്പെഷൽ തന്നെ ഉണ്ടാക്കണം !ലക്ഷ്മ നായരുടെ ഒരു ഐറ്റത്തിൻ്റെ പേര് ബട്ടർ ചിക്കൻ അതാ ഫ്രിഡ്ജിലും ഉണ്ട് ബട്ടറിൻ്റെ വലിയ രണ്ട്‌ പാക്കറ്റ്
സതി ചേച്ചിയോട് അഭിപ്രായം ചോദിച്ചാൽ ക്രെഡിറ്റ് പകുതി അവർക്ക് പോവും ഇല്ല ഞാൻ തന്നെ ഉണ്ടാക്കും ഞാനാരാ മോള് എന്നൊക്കെ മനസിൽ പറഞ്ഞു ഞാൻ ഉണ്ടാക്കി ! കഥാനായകനെ വിളിച്ചു ,ഏട്ടാ ഒന്നു വേഗം വരൂ ചപ്പാത്തിയും ബട്ടർ ചിക്കനുമായി ഞാൻ കാത്തിരിക്കുന്നു എവിടുന്നാണ് ബട്ടർ കിട്ടിയത് ചേച്ചി തന്നോ ? വന്നപാടെ ചോദിച്ചു ഞാൻ പറഞ്ഞു നമ്മുടെ ഫ്രിഡ്ജിലെ ബട്ടർ അതു കൊണ്ടാണ് ഉണ്ടാക്കിയത് .കറി കാണിക്കൂ …ഞാൻ ഒരു ചില്ലു പാത്രത്തിലേക്കു എൻറെ ബട്ടർ ചിക്കൻ പകർത്തി അദ്ദേഹത്തിനു സമർപ്പിച്ചു .ഒന്നു രുചിച്ച് ഇതെന്താ ഇതു മധുരിക്കുന്നത് ?എന്ന് ചോദിച്ച് പുള്ളി ആർത്തു ചിരിച്ചു.ഫ്രിഡ്ജ് തുറന്ന് സംഗതി ഉറപ്പിച്ചു .അതെ ബ്രെഡിൽ പുരട്ടി കഴിക്കാൻ ഉപയോഗിക്കുന്ന Peanut butter (നിലക്കടല വെണ്ണ )ആയിരുന്നു ഞാൻ ഉപയോഗിച്ചത് ഇതറിഞ്ഞ് എനിക്ക് ഒരു അപേക്ഷ മാത്രേ ഉണ്ടായിരുന്നുള്ളൂ ആരോടും പറയരുത് പ്ലീസ് പക്ഷേ പിറ്റേന്ന് രാവിലെ മുതൽ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ ബട്ടർചിക്കൻ്റെ റെസിപ്പി ചോദിച്ചു എന്നെ വിളിച്ചു വല്ലപ്പോഴും കാണുമ്പോൾ ഇപ്പോഴും ബട്ടർച്ചിക്കൻ ഉണ്ടാക്കാറുണ്ടോ എന്ന് കളിയാക്കാറുമുണ്ടായിരുന്നു(ബട്ടർ ചിക്കൻ റെസിപ്പി ഇപ്പോൾ ലഭ്യമല്ല അത് ചോദിച്ച് ബുദ്ധിമുട്ടിക്കരുത്🙏

Facebook Comments Box