National NewsPolitics

ഹരിയാന തിരഞ്ഞെടുപ്പ് ഫലം; ഞെട്ടലിൽ കോൺഗ്രസ്, കോണ്‍ഗ്രസിന് പണി കൊടുത്തത് വിമതരോ?, ബിജെപിക്ക് ചിരി, ബിജെപിയുടെ തന്ത്രം വിജയിച്ചു?

Keralanewz.com

അസംബ്ലി ഇലക്ഷനിൽ ഹരിയാനയില്‍ ബി ജെ പിയുക്കുണ്ടായ അപ്രതീക്ഷിത മുന്നേറ്റത്തിൽ ഞെട്ടി വിറച്ച് കോണ്‍ഗ്രസ് ക്യാമ്പ്.ഭരണം പിടിച്ചുവെന്ന പ്രതീക്ഷയില്‍ പാർട്ടി ആസ്ഥാനത്ത് ആഘോഷങ്ങള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു നേതൃത്വത്തെ ഞെട്ടിച്ച്‌ കൊണ്ട് കണക്കില്‍ വൻ ട്വിസ്റ്റ് സംഭവിച്ചത്.

കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി വമ്പൻ കുതിപ്പാണ് ഇപ്പോള്‍ ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 46 സീറ്റിലാണ് ബി ജെ പി മുന്നേറ്റം. കോണ്‍ഗ്രസ് ആകട്ടെ 37 ലേക്ക് ചുരുങ്ങി. 7 സ്വതന്ത്രരും മുന്നേറുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് ബി ജെ പി മൂന്നാമതും അധികാരത്തിലേറുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

പോസ്റ്റല്‍ വോട്ടുകളും ബാലറ്റുകളും എണ്ണി തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് ലഭിച്ചത് കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ ആദ്യ നാല് റൗണ്ട് കഴിഞ്ഞതോടെയാണ് ബിജെപിയുടെ സീറ്റുകള്‍ കുതിച്ചു കയറാൻ തുടങ്ങിയത്. നിലവില്‍ പല സീറ്റുകളിലും കോണ്‍ഗ്രസിന്റെ ലീഡ് ആയിരത്തില്‍ താഴെ വോട്ടുകള്‍ക്ക് മാത്രമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. തെക്കൻ ഹരിയാന ഉള്‍പ്പെടെയുള്ള മേഘലകള്‍ ബി ജെ പി തൂത്തുവാരുന്ന കാഴ്ചയാണ് കാണുന്നത്. മാത്രമല്ല ജാട്ട് വോട്ടുകളും ബി ജെ പിയിലേക്ക് ഒഴുകിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം കോണ്‍ഗ്രസിന് വിമതരാണോ പണികൊടുത്തത് എന്ന നിരീക്ഷണവും വരുന്നുണ്ട്. സീറ്റ് ലഭിക്കാത്തതിനെ ചൊല്ലി നിരവധി കോൺഗ്രസ് നേതാക്കള്‍ പാർട്ടി വിട്ടിരുന്നു. ഇതില്‍ പലരും സ്വതന്ത്രരായി മത്സരിക്കുകയും ചെയ്തു. ഇവരെല്ലാം തന്നെ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കോണ്‍ഗ്രസ് വിമതർക്കെതിരെ ദുർബലരായ സ്ഥാനാർത്ഥികളെയായിരുന്നു ബി ജെ പി ഇറക്കിയത്. ഇതുവഴി വോട്ട് ഭിന്നിപ്പിക്കുകയാണ് ബി ജെ പി ലക്ഷ്യം. ഇതും വിജയം കണ്ടെന്ന് വേണം കരുതാൻ.

90 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യം 46 സീറ്റുകളാണ്. മാന്ത്രിക സംഖ്യ തൊടാൻ സാധിച്ചില്ലെങ്കിലും സ്വതന്ത്രരെ കൂട്ടുപിടിച്ച്‌ ഭരണം പിടിക്കാൻ ബി ജെ പി ശ്രമിച്ചേക്കും. കോണ്‍ഗ്രസ് വിമതരില്‍ പലരും ബി ജെ പിയ്ക്ക് പിന്തുണ കൊടുക്കാനുള്ള സാധ്യതയും ഏറെയാണ്. അതേസമയം മികച്ച വിജയം നേടാനായില്ലെങ്കില്‍ ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരിങ്ങലിലായേക്കും. ഇതിനോടകം തന്നെ പാർട്ടിയില്‍ അധികാരത്തർക്കം നിലനില്‍ക്കുന്നുണ്ട്. മുതിർന്ന നേതാവ് ഭൂപേന്ദർ സിംഗ് ഹൂഡയും ദളിത് നേതാവ് കുമാര സെല്‍ജയും തമ്മിലാണ് തർക്കങ്ങള്‍. ഫലം അനുകൂലമായാലും പ്രതികൂലമായും ഇത് കോണ്‍ഗ്രസിൽ സൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങൾ ചെറുതാവില്ല .

Facebook Comments Box