National NewsPolitics

ഹരിയാന റിസൾട്ട് അപ്രതീക്ഷിതം,”ഓവര്‍ കോണ്‍ഫിഡൻസ് ഇനി വേണ്ട!” ഹരിയാന നല്‍കുന്നത് പാഠം വലുതെന്ന് കെജ്‌രിവാള്‍.

Keralanewz.com

ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി ഹാട്രിക് വിജയം ഉറപ്പിച്ചതോടെ ഇത്തവണ ഒറ്റയ്‌ക്ക് മത്സരിച്ച ആം ആദ്മി പാർട്ടിയുടെ സ്ഥിതി പരമ ദയനീയം.

ഇതുവരെയും ഒരു സീറ്റില്‍ പോലും അക്കൗണ്ട് തുറക്കാൻ അരവിന്ദ് കെജ്‌രിവാളിന്റെ ആംആദ്മിക്കായിട്ടില്ല. ഒരിക്കലും അമിത ആത്മവിശ്വാസം പാടില്ലെന്ന വലിയ പാഠമാണ് ഹരിയാന തെരഞ്ഞെടുപ്പ് നല്‍കുന്നതെന്നായിരുന്നു ഫലം പുറത്തുവന്ന ഉടനെ കെജ്‌രിവാൾ നടത്തിയ പ്രതികരണം

ഡല്‍ഹിയിലെ ആംആദ്മി കൗണ്‍സിലർമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഹരിയാനയിലെ ഫലം നമുക്ക് നോക്കാം. തെരഞ്ഞെടുപ്പുകളില്‍ അമിത ആത്മവിശ്വാസം പാടില്ലെന്നതാണ് ഇത് നല്‍കുന്ന വലിയ പാഠം” കെജ്‌രിവാള്‍ പറഞ്ഞു. ഹരിയാനയില്‍ 9 സീറ്റുകളില്‍ മത്സരിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് ആം ആദ്മി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാതെ ഇത്തവണ ഒറ്റയ്‌ക്ക് മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളില്‍ 89 ലും ആം ആദ്മി സ്ഥാനാർത്ഥികള്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഒരു സീറ്റില്‍ പോലും വിജയം കണ്ടെത്താൻ പാർട്ടിക്കായില്ല.

AAP യുടെ പിന്തുണയില്ലാതെ ഒരുപാർട്ടിക്കും ഹരിയാനയില്‍ സർക്കാർ രൂപീകരിക്കാനാവില്ലെന്നായിരുന്നു പ്രചാരണവേളയില്‍ കെജ്‌രിവാളിന്റെ അവകാശവാദം. ഈ തോല്‍‌വിയില്‍ നിരാശരായിരിക്കാതെ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടിയെങ്കിലും പ്രചാരണം ഊർജ്ജിതമാക്കണമെന്ന് കെജ്‌രിവാള്‍ കൗണ്‍സിലർമാർക്ക് ഉപദേശം നല്‍കുകയും ചെയ്തു.
ഈ നില തുടർന്നാൽ ഡൽഹി ഇലക്ഷനിലും കാര്യങ്ങൾ അത്ര പന്തിയാവില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ.

Facebook Comments Box