ഡല്‍ഹിയില്‍ ഒറ്റപ്പെട്ട് കോണ്‍ഗ്രസ്; ഇന്ത്യാ സഖ്യത്തിലെ പ്രമുഖ കക്ഷികളുടെ പിന്തുണ എഎപിക്ക്.
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കാനിരിക്കെ എ എ പിക്ക് പിന്തുണയുമായി ഇന്ത്യാ സഖ്യത്തിലെ കൂടുതല്‍ കക്ഷികൾ രംഗത്ത്.
എസ് പി, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവ സേന (യു ബി ടി), എന്‍ സി പി (എസ്പി) തുടങ്ങിയ പാർട്ടികള്‍ ബി ജെ പിയുമായി കടുത്ത മത്സരം നേരിടുന്ന എ എ പിക്ക് വേണ്ടി പരസ്യമായി രംഗത്ത് വന്നു. കോണ്‍ഗ്രസും ശക്തമായി മത്സര രംഗത്തുള്ളപ്പോഴാണ് ഇന്ത്യ സഖ്യത്തിലെ പ്രമുഖ കക്ഷികള്‍ എ എ പിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.
പൂർവ്വാഞ്ചല്‍ മേഖലയിലെ കിരാരി, മുണ്ട്ക എന്നിവിടങ്ങളില്‍ കഴിഞ്ഞ വ്യാഴാഴ്ച എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എ എ പിക്കുവേണ്ടി പ്രചാരണം നടത്തിയിരുന്നു. അഖിലേഷ് യാദവിന് പുറമെ എസ് പിയുടെ ഇക്ര ചൗധരി എംപി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മത്സരിക്കുന്ന ജങ്പുര മണ്ഡലത്തിലും പ്രചരണത്തിനെത്തി. മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ നിസാമുദ്ദീനിലൂടെയും വിദ്യാർത്ഥി കേന്ദ്രമായ രജീന്ദർ നഗറിലൂടെയുമായിരുന്നു ഇക്ര ചൗധരിയുടെ പ്രചരണം.
തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അവരുടെ പ്രമുഖ എംപി ശത്രുഘ്‌നൻ സിൻഹ, എ എ പി ദേശീയ കണ്‍വീനർ അരവിന്ദ് കെജ്‌രിവാള്‍, മുഖ്യമന്ത്രി അതിഷി എന്നിവർക്ക് വേണ്ടി പ്രചരണത്തിനിറങ്ങി. പൂർവാഞ്ചലിൽ വോട്ടർമാർ കൂടുതലുള്ള മണ്ഡലങ്ങളിലെ മറ്റ് നാല് സ്ഥാനാർത്ഥികള്‍ക്ക് വേണ്ടിയും അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. എന്‍ സി പി (എസ്പി)യുടെ ഭാഗത്ത് നിന്നും ശരദ് പവാർ തന്നെയാണ് എ എ പിക്ക് പിന്തുണയുമായി വന്നത്. ‘ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍, നമ്മള്‍ അരവിന്ദ് കെജ്‌രിവാളിനെ സഹായിക്കണമെന്നാണ് എന്റെ അഭിപ്രായം’ മുംബൈയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ ശരദ് പവാർ വ്യക്തമാക്കി.
അതേസമയം, കോണ്‍ഗ്രസിന് വേണ്ടി ജമ്മു കശ്മീർ നാഷണല്‍ കോണ്‍ഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ട്. വടക്കുകിഴക്കൻ ഡല്‍ഹിയിലെ മുസ്തഫാബാദിലായിരുന്നു അദ്ദേഹത്തിന്റെ പ്രചരണം. ഇന്ത്യ സഖ്യത്തിലെ മറ്റ് പ്രമുഖ കക്ഷികളിലാരും കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിന് എത്തിയിട്ടില്ല.
മറുവശത്ത് എന്‍ ഡി എ പാളയത്തിലേക്ക് നോക്കുകയാണെങ്കില്‍ മഹാരാഷ്ട്രയിലെ ബി ജെ പി സഖ്യകക്ഷിയാ അജിത് പവാർ നയിക്കുന്ന എന്‍ സി പി ഡല്‍ഹിയിലെ 30 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. യുപിയിലെ ബി ജെ പി സഖ്യകക്ഷിയായ എസ്ബിഎസ്പിയും ചില അതിർത്തി മണ്ഡലങ്ങളിലും ജനവിധി തേടുന്നുണ്ട്.