Kerala NewsPolitics

ഒരുപാധിയും സ്വീകാര്യമല്ല, ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിൻവലിക്കില്ല -അൻവറിനെ തള്ളി പ്രതിപക്ഷ നേതാവ്

Keralanewz.com

തൃശൂർ: ചേലക്കരയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിച്ച്‌ തന്റെ സ്ഥാനാർഥിക്ക് പിന്തുണ നല്‍കണമെന്ന പി.വി.അൻവറിന്റെ ആവശ്യം തള്ളി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും.

അൻവർ ഇതുപോലുള്ള തമാശകള്‍ പറയരുതെന്ന് ഇരുവരും ചേലക്കരയില്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്ക് എതിരായ പോരാട്ടത്തില്‍ യോജിക്കാന്‍ കഴിയുന്നവര്‍ യോജിച്ച്‌ പ്രവര്‍ത്തിക്കുന്നത് നല്ലതാണെന്ന് അന്‍വറിനോട് പ്രതിപക്ഷ നേതാവ് നേരിട്ട് പറഞ്ഞതായി സുധാകരൻ അറിയിച്ചു. അൻവർ നെഗറ്റീവും പോസിറ്റീവും ആയിരുന്നില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ രാഷ്ട്രീയ കാഴ്ചപ്പാട് വിനിയോഗിക്കണമെന്നാണ് അന്‍വറിനോട് പറയുന്നത്. വര്‍ഗീയ ഫാസിസത്തിനെതിരെ പോരാട്ടം നടത്തി സി.പി.എമ്മില്‍നിന്നും പുറത്തു വന്ന അന്‍വറിന് ജനാധിപത്യ മതേതര ശക്തികള്‍ക്കൊപ്പം നില്‍ക്കാനേ സാധിക്കൂ. ജനാധിപത്യ മതേതര ശക്തികളുടെ സ്ഥാനാര്‍ഥിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികൾ. അത് ഉള്‍ക്കൊള്ളാന്‍ അന്‍വറിന് സാധിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ചേലക്കരയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിക്കും എന്ന മട്ടില്‍ ഊതി വീര്‍പ്പിച്ച വാര്‍ത്തകളാണ് പുറത്തു വരുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. അൻവര്‍ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. രണ്ടു സ്ഥലത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ട് നിങ്ങള്‍ എങ്ങനെയാണ് ഞങ്ങളുമായി ബന്ധപ്പെടുന്നതെന്ന് ചോദിച്ചു. സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. അപ്പോള്‍ നിങ്ങള്‍ റിക്വസ്റ്റ് ചെയ്താല്‍ പിന്‍വലിക്കാമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ റിക്വസ്റ്റ് ചെയ്തു. അപ്പോഴാണ് ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച്‌ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിയെ യു.ഡി.എഫ് പിന്തുണക്കണമെന്ന ആവശ്യം അന്‍വര്‍ ആ
ഉന്നയിച്ചത്. ഇത്തരം തമാശയൊന്നും പറയരുത്. ഞങ്ങള്‍ക്കൊപ്പം നില്‍ക്കാമെന്ന നിലപാടുമായി വന്നാല്‍ അവരല്ലേ സ്ഥാനാര്‍ഥിയെ പിന്‍വലിക്കേണ്ടത്? യു.ഡി.എഫ് നേതൃത്വമോ കെ.പി.സി.സിയോ ഇതു സംബന്ധിച്ച്‌ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. കെ.പി.സി.സി യോഗത്തില്‍ ഈ പേരു പോലും പറഞ്ഞിട്ടില്ല.

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കും പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും എതിരായ പോരാട്ടമാണ് നടക്കുന്നത്. പ്രതിപക്ഷം പറയുന്ന അതേ കാര്യങ്ങളാണ് അന്‍വറും പറയുന്നത്. അങ്ങനെ നിലപാട് എടുക്കുന്നവര്‍ എന്തിനാണ് സി.പി.എമ്മിനെ സഹായിക്കാൻ മത്സരിക്കുന്നത്?. അൻവർ സ്ഥാര്‍ഥിയെ പിന്‍വലിച്ചാലും ഇല്ലെങ്കിലും ഒരു പ്രശ്‌നവുമില്ല. ഇതെക്കുറിച്ച്‌ ഇല്ലാത്ത കാര്യങ്ങളാണ് വാർത്തയായി വരുന്നത്. മാധ്യമങ്ങള്‍ ഇല്ലാത്ത വാര്‍ത്തകള്‍ നല്‍കരുത്. അൻവർ സ്ഥാനാര്‍ഥികളെ പിന്‍വലിച്ചാല്‍ നല്ല കാര്യം. ഇതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. രമ്യ ഹരിദാസിനെ മാറ്റണമെന്ന് അന്‍വര്‍ തമാശ പറയരുത്. ഈ വിഷയത്തില്‍ ഇനി ഒരു ചര്‍ച്ചയുമില്ല. അന്‍വര്‍ സി.പി.എമ്മില്‍ നിന്നും വന്ന ആളല്ലേ. അവരുടെ സ്ഥാനാര്‍ഥികള്‍ ഞങ്ങളുടെ മൂന്ന് സ്ഥാനാര്‍ഥികളുടെയും വിജയ സാധ്യതയെ ബാധിക്കില്ല. ആര് മത്സരിച്ചാലും ഒരു കുഴപ്പവുമില്ല. ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന കണ്ടീഷന്‍ വച്ച്‌ യു.ഡി.എഫിനെ പരിഹസിക്കുകയാണോ? ആര്‍ക്കും നേരെ വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല.

പാലക്കാട്ടെ സ്ഥാനാര്‍ഥിയെക്കൊണ്ട് സി.പി.എം ഇനി അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ. ഇന്നലെ തുടങ്ങിയിട്ടേയുള്ളൂ. അത് അനുഭവിച്ച്‌ കാണുക എന്നു മാത്രമെയുള്ളൂ എന്നും വിഡി സതീശൻ പറഞ്ഞു.

Facebook Comments Box