പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല ; അതൃപ്‌തി വെളിപ്പെടുത്തി കെ മുരളീധരൻ
പാലക്കാട് : നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ. വയനാട്ടില്‍ പ്രീയങ്ക ഗാന്ധിക്കായി പ്രചാരണത്തിനിറങ്ങും .
പാർട്ടി അവഗണന തുടർന്നാല്‍ രാഷ്‌ട്രീയ വിരമിക്കലാണ് നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെ നാളുകളായി കെ പി സി സി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ മുരളീധരന്റെ തിരഞ്ഞെടുപ്പ് കാലത്തെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് ക്യാമ്ബുകളെ ഞെട്ടിച്ചിട്ടുണ്ട് .
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ വടകര ഒഴിവാക്കി തൃശൂർ നല്‍കിയപ്പോള്‍ തന്നെ മുരളീധരൻ അതൃപ്‌തി വ്യക്തമാക്കിയിരുന്നു. തൃശൂരില്‍ മൂന്നാം സ്ഥാനത്തായതിന് പിന്നിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ ആണെന്ന് മുരളീധരൻ വ്യക്തമാക്കിയിട്ടുരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രമ്യ ഹരിദാസിന് ചേലക്കരയില്‍ സീറ്റ് നല്‍കിയപ്പോള്‍ പാലക്കാട് സ്വപ്നം കണ്ട മുരളീധരനെ പാർട്ടി തഴഞ്ഞതാണ് പുതിയ വെളിപ്പെടുത്തലിന് പിന്നിലെന്നാണ് സൂചന. പാലക്കാട് മത്സരിക്കാനുള്ള മോഹം കെപിസിസി നേതൃത്വത്തെ കണ്ട് മുരളീധരൻ അറിയിച്ചിരുന്നുവെങ്കിലും ഷാഫി പറമ്ബില്‍ എംപിയുടെ ഇടപെടലില്‍ രാഹുല്‍ മാങ്കൂട്ടത്തിന് നറുക്ക് വീഴുകയായിരുന്നു.