Kerala NewsPolitics

പാലക്കാട് സിപിഎം, ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് അപരന്മാരില്ലാത്തത് ഡീലിന്‍റെ ഭാഗം: രാഹുല്‍ മാങ്കൂട്ടത്തില്‍‌

Keralanewz.com

കോട്ടയം: പാലക്കാട്ട് തനിക്ക് ലഭിക്കാൻ പോകുന്ന ഓരോ വോട്ടും 2026ല്‍ രൂപപ്പെടാൻ പോകുന്ന സിപിഎം – ബിജെപി മുന്നണി ബന്ധത്തിനെതിരായ വോട്ടുകളാണെന്ന് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍.

തന്‍റെ പേരില്‍ അപരന്മാർ സജീവമായ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെയും ബിജെപിയുടെയും സ്ഥാനാർഥികളുടെ അപരന്മാർ ഇല്ലാത്തത് ഇത്തരം ചില ഡീലുകളുടെ ഭാഗമാണെന്നും രാഹുല്‍ കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പി.പി. ദിവ്യയെ പൊലീസ് പിടിക്കാൻ ശ്രമിക്കാഞ്ഞത് ഒരു പൊളിറ്റിക്കല്‍ തീരുമാനത്തിന്‍റെ ഭാഗമാണെന്നും രാഹുല്‍ പറഞ്ഞു. ബിജെപി പിന്തുണ തേടിയുള്ള സിപിഎമ്മിന്‍റെ കത്തും, പി.പി. ദിവ്യയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു കത്തും വാർത്തയായത് മറയ്ക്കാൻ വേണ്ടിയാണ് പാലക്കാട് ഡിസിസിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച കത്ത് പെട്ടെന്ന് പുറത്ത് വന്നത്. തന്നെ സ്ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ടതുള്‍പ്പെടെ 4 കത്തുകളാണ് ഡിസിസി നേതൃത്വം നല്‍കിയത്. ഇന്ന് കോണ്‍ഗ്രസിലെ ഇല്ലാത്ത ചിലരാണ് ഈ കത്ത് ഇപ്പോള്‍ പുറത്തുവിട്ടത്. ഈ സാഹചര്യത്തില്‍ താൻ സ്ഥാനാർഥിയല്ലായെങ്കിലും ഇത്തരത്തില്‍ മറ്റൊരു കത്തിലൂടെ ആരോപണം നിലവില്‍ ഉണ്ടായേനെ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

ഇടതുപക്ഷത്തിന്‍റെ കടുത്ത വിമർശകനാണ് താൻ എന്ന് പറയുമ്ബോഴും താൻ പറഞ്ഞത് മുഴുവൻ രാഷ്ട്രീയമാണ്. പക്ഷെ പാലക്കാട്ടെ ഇടത് സ്ഥാനാർഥി മുഖ്യമന്ത്രിയെ വ്യക്തിപരമായി പോലും വിമർശിച്ചയാളാണെന്നും രാഹുല്‍ പറഞ്ഞു. ഇമ്ബച്ചി ബാവയുടെ പൈതൃകം മറന്ന ഇടതുപക്ഷത്തിന്‍റെ ചിഹ്നം പോലും ഡമ്മിയായി പോയില്ലേ എന്നുള്ള പ്രതികരണവും അദ്ദേഹം നടത്തി. തൃശൂർ പൂരം കലക്കാൻ വേണ്ടിയുള്ള ശ്രമം ബിജെപിയും സിപിഎമ്മും തമ്മില്‍ നടത്തിയിരുന്നു. ഈ നീക്കുപോക്കിന്‍റെ തുടർച്ചയാണ് പാലക്കാട് നടക്കുന്നത്. വെള്ളാപ്പള്ളി നടേശൻ തനിക്ക് സന്ദർശനത്തിന് അനുമതി നിഷേധിച്ചതായി തന്നോട് പറഞ്ഞിട്ടില്ലെന്നും രാഹുല്‍ കോട്ടയത്ത് പറഞ്ഞു.

Facebook Comments Box