Fri. Dec 6th, 2024

പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് ‘ ചർച്ചകൾ പുരോഗമിക്കുന്നു

By admin Nov 3, 2024 #bjp #CPIM
Keralanewz.com

പാലക്കാട്: ബിജെപി സംസ്ഥാന നേതാവ് സന്ദീപ് വാര്യർ സിപിഎമ്മിലേക്കെന്ന് സൂചന. ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന അദ്ദേഹം സിപിഎം നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

കഴിഞ്ഞ ദിവസം പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വൻഷനില്‍ അദ്ദേഹത്തിന് സ്റ്റേജില്‍ ഇരിപ്പിടം ലഭിച്ചിരുന്നില്ല.

നിരവധി മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത കണ്‍വന്‍ഷനില്‍ അണികളോടൊപ്പം സദസ്സിലായിരുന്നു സന്ദീപ് ഇരുന്നത്. തുടർന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. അതേസമയം സന്ദീപ് വാര്യർക്ക് മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ പറഞ്ഞു. സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കിയാല്‍ സിപിഎം ചർച്ചക്ക് തയ്യാറാണ്.

സന്ദീപ് വാര്യർ നല്ല നേതാവാണ്. നിലപാടുകള്‍ വെട്ടിത്തുറന്നു പറയുന്നയാളാണ്. ബിജെപിയില്‍ നില്‍ക്കാൻ സന്ദീപിന് ബുദ്ധിമുട്ടുണ്ടെന്നും എ.കെ.ബാലൻ കൂട്ടിച്ചേർത്തു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയില്‍ സന്ദീപ് വാര്യരുടെ പേര് ഉണ്ടായിരുന്നു. നിലവില്‍ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ പാർട്ടി നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല.

സന്ദീപും സി.കൃഷ്ണകുമാറും തമ്മില്‍ ചില തർക്കങ്ങള്‍ നില നിന്നിരുന്നു. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് കണ്‍വൻഷനില്‍ വേണ്ട പ്രധാന്യം കിട്ടാതെ പോയതെന്നും ഒരു വിഭാഗം പറയുന്നു. കണ്‍വന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം തനിക്ക് സീറ്റ് നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചിട്ടും തന്നെ അവഗണിച്ചുവെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്.

കണ്‍വന്‍ഷനില്‍ പാര്‍ട്ടി അണികളോടൊപ്പം വേദിയില്‍ ഇരിക്കേണ്ടി വന്നതിന് പിന്നാലെയാണ് സന്ദീപ് പ്രചാരണ ചുമതലകളില്‍ നിന്ന് പിന്മാറിയത്. നേരത്തെ കൃഷ്ണകുമാറിന് വേണ്ടിയുള്ള പ്രചാരണത്തില്‍ വലിയ രീതിയില്‍ സന്ദീപ് വാര്യര്‍ മുന്നിലുണ്ടായിരുന്നു.

1991ല്‍ പാലക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം നേതാവും മുന്‍ ചെയര്‍മാനുമായിരുന്ന എം.എസ്.ഗോപാലകൃഷ്ണന്‍ അന്നത്തെ ബിജെപി ജില്ലാ പ്രസിഡന്‍റ് ടി.ചന്ദ്രശേഖരന് അയച്ച കത്ത് പുറത്തുവിട്ടത് സന്ദീപ് വാര്യരായിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർഥിയായി ഷൊർണൂരില്‍ നിന്ന് മത്സരിച്ച അദ്ദേഹം 36973 വോട്ട് നേടിയിരുന്നു

കോൺഗ്രസിലും ബി ജെ പി യിലും ഉണ്ടായിരിക്കുന്ന പൊട്ടിത്തെറികൾ എൽഡിഎഫി ന് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ.

Facebook Comments Box

By admin

Related Post