LawNational NewsPoliticsReligion

സുപ്രീംകോടതി നിയമം ഉണ്ടാക്കുമെങ്കില്‍ പാര്‍ലമെന്റ് അടച്ചിടൂ; വഖഫിലെ സുപ്രീംകോടതി പരാമര്‍ശങ്ങളില്‍ ബിജെപി

Keralanewz.com

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീം കോടതി പരാമര്‍ശങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി. ജുഡീഷ്യറിയാണ് നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് എങ്കില്‍ എന്താണ് പാര്‍ലമെന്റിന്റെ ആവശ്യം എന്ന് ബിജെപി എം പി നിഷികാന്ത് ദുബെ ചോദിച്ചു.

സുപ്രീം കോടതി നിയമം ഉണ്ടാക്കിയാല്‍ പാര്‍ലമെന്റ് മന്ദിരം അടച്ചിടണം എന്നായിരുന്നു നിഷികാന്ത് ദുബെ പറഞ്ഞത്.

വഖഫ് നിയമത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ പുനഃപരിശോധനയെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഭേദഗതി ചെയ്ത വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒന്നിലധികം ഹര്‍ജികള്‍ ആണ് ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കാന്‍ തുടങ്ങിയത്.

വഖഫ് ബോര്‍ഡുകളില്‍ മുസ്ലീങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്തല്‍, ‘ഉപയോക്തൃ വഖഫ്’ സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യല്‍ തുടങ്ങിയ നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജികളിലെ വാദം കേള്‍ക്കുന്നതിനിടെ നിയമത്തെ കുറിച്ച്‌ നിരവധി സംശയങ്ങള്‍ കോടതി ഉന്നയിച്ചിരുന്നു. ഇനിയൊരു കോടതി ഉത്തരവുണ്ടാകുന്നതുവരെ വഖഫ് ബോര്‍ഡുകളിലേക്കോ കൗണ്‍സിലുകളിലേക്കോ മുസ്ലീങ്ങളല്ലാത്ത നിയമനങ്ങള്‍ നടത്തരുത് എന്ന് കോടതി പറഞ്ഞു.

‘ഉപയോക്താവ് മുഖേനയുള്ള വഖഫ്’ സ്വത്തുക്കള്‍ ഉള്‍പ്പെടെ ഒരു വഖഫ് സ്വത്തുക്കളും ഡീനോട്ടിഫൈ ചെയ്യില്ലെന്നും ഈ കാലയളവില്‍ ജില്ലാ കളക്ടര്‍മാര്‍ അവയുടെ പദവിയില്‍ മാറ്റം വരുത്തില്ലെന്നുമുള്ള സര്‍ക്കാര്‍ നല്‍കിയ ഉറപ്പും കോടതി രേഖപ്പെടുത്തി. ൗ ഉറപ്പുകള്‍ രേഖപ്പെടുത്തിയ ശേഷം, പ്രസക്തമായ രേഖകള്‍ സഹിതം പ്രാഥമിക മറുപടി സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തിന് ഒരാഴ്ച സമയം അനുവദിച്ചിരിക്കുകയാണ്.

വഖഫ് നിയമ ഭേദഗതികളെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ അടുത്ത വാദം കേള്‍ക്കല്‍ മെയ് 5 ന് നടക്കും. 1995 ലെ വഖഫ് നിയമത്തിലെ 2025 ലെ ഭേദഗതികളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിച്ചത്.

അതിനിടെ 1995 ലെയും 2013-ലെയും മുന്‍ വഖഫ് നിയമങ്ങള്‍ ചോദ്യം ചെയ്ത് ഹിന്ദു കക്ഷികള്‍ സമര്‍പ്പിച്ച കേസുകള്‍ സുപ്രീം കോടതി വേര്‍തിരിച്ചു. 2025-ലെ നിയമത്തെ ചോദ്യം ചെയ്യുന്ന അഞ്ച് ഹര്‍ജികളും ‘ഇന്‍ റീ: വഖഫ് ഭേദഗതി നിയമം 2025’ എന്ന പൊതു തലക്കെട്ടില്‍ പട്ടികപ്പെടുത്തി

Facebook Comments Box