പാര്‍ലമെന്റ് പ്രതിഷേധങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി തന്റെയടുത്ത് വന്ന് ഉച്ചത്തില്‍ ആക്രോശിച്ചു, മോശമായി പെരുമാറി, ബിജെപി വനിതാ എംപി, അപമാനിക്കാനുള്ള നീക്കമെന്ന് പ്രിയങ്ക
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യസഭാ ചെയർമാന് പരാതി നല്‍കി നാഗാലാൻഡില്‍ നിന്നുള്ള ബിജെപി എംപി ഫോങ്‌നോൻ കോന്യാക്.
പാർലമെന്റിന് പുറത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കിടെ രാഹുല്‍ഗാന്ധി തന്റെ വളരെ അടുത്തുവന്ന് നിന്നുവെന്നും അത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
പരാതി ഇങ്ങനെ: കൈയില്‍ പ്ലക്കാർഡേന്തി കോണിപ്പടിക്ക് സമീപം നല്‍ക്കുമ്ബോഴാണ് തനിക്ക് മോശം അനുഭവമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കി എംപിമാർക്ക് കടന്നുപോകാനുള്ള വഴിയൊരുക്കി. അതിനിടെയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എംപിമാരും തന്റെയടുത്ത് എത്തുന്നത്. തുടർന്ന് അദ്ദേഹം വളരെ ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട് തന്നോട് മോശമായ രീതിയില്‍ പെരുമാറി. സ്ത്രീയെന്ന പരിഗണന നല്‍കാതെ തന്റെ വളരെ അടുത്തുവന്നാണ് അദ്ദേഹം നിന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. പാർലമെന്റിലെ മറ്റൊരംഗവും തന്നോട് ഇത്തരത്തില്‍ പെരുമാറുമെന്ന് കരുതുന്നില്ലെന്നും ബിജെപി എംപി ആരോപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്തു.
രാജ്യസഭ എംപിമാർക്ക് നേരെയുള്ള ആക്രമണം പരിശോധിക്കാമെന്ന് ജഗദീപ് ധൻകർ ഉറപ്പ് നല്‍കി. വനിതാ എംപി കണ്ണീരോടെയാണ് കാര്യങ്ങള്‍ വിശദീകരിച്ചെന്ന് ധൻകർ പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് പ്രിയങ്ക ഗാന്ധി എംപി രംഗത്ത് വന്നു. രാഹുല്‍ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബിജെപി എംപിമാരാണ് രാഹുലിനെ കൈയേറ്റം ചെയ്തതതെന്ന് പ്രിയങ്ക പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വാർത്താ സമ്മേളനം നാല് മണിക്ക് നടക്കും. എഐസിസി ആസ്ഥാനത്താണ് വാർത്താ സമ്മേളനം.