Kerala NewsPoliticsReligion

സര്‍ സയ്യിദ് കോളജ് വഖഫ് ഭൂമിയില്‍ തന്നെ’; മലക്കം മറിഞ്ഞ് ലീഗ്, നിലപാട് തിരുത്തി

Keralanewz.com

കണ്ണൂർ: സർ സയ്യിദ് കോളജ് വഖഫ് ഭൂമിയിലല്ല എന്ന മുൻ നിലപാട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂർ ജില്ലാ മുസ്ലിം വിദ്യാഭ്യാസ അസോസിയേഷൻ (സിഡിഎംഇ) തിരുത്തി.

വിഷയം സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്നു കണ്ടാണ് മലക്കം മറിച്ചില്‍. മുസ്ലിം ലീഗും സിപിഎമ്മും നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിനിറങ്ങിയതോടെയാണ് രാഷ്ട്രീയ വിവാദങ്ങള്‍ തുടങ്ങിയത്. ഭൂമി വഖഫ് സ്വത്തല്ല എന്ന പ്രസ്താവനയെച്ചൊല്ലി ലീഗിലും തർക്കങ്ങള്‍ വന്നു. പിന്നാലെയാണ് തിരുത്ത്. ചില ലീഗ് അനുഭാവികള്‍ പാർട്ടി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടേയും ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടേയും ഇടപെടലും ആവശ്യപ്പെട്ടിരുന്നു.

തളിപ്പറമ്ബ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയില്‍ നിന്ന് കോളജിനായി പാട്ടത്തിന് നല്‍കിയ ഭൂമി വഖഫ് സ്വത്തല്ല, നരിക്കോട്ട് ഏറ്റിശ്ശേരി ഇല്ലത്തിന്റേതാണ് എന്നായിരുന്നു മാനേജ്മെന്റ് കമ്മിറ്റി ഹൈക്കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ചില പിഴവുകള്‍ സംഭവിച്ചു എന്നാണ് ലീഗിന്റെ കണ്ണൂർ ജില്ലാ നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. കോളജ് ഭൂമിയുടെ തണ്ടപ്പേർ മാറ്റുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകർക്കു സംഭവിച്ച സാങ്കേതിക പിഴവാണ് വിവാദത്തിനാധാരം എന്നാണ് നേതാക്കളുടെ അവകാശവാദം. പിഴവ് തിരുത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ രേഖകള്‍ കോടതിയില്‍ സമർപ്പിക്കുന്നത് വഖഫ് സ്വത്ത് പിടിച്ചെടുക്കാനുള്ള ബോധപൂർവമായ നീക്കമാണെന്ന് ആരോപിച്ച്‌ വഖഫ് സംരക്ഷണ സമിതി രംഗത്തെത്തിയതും അസോസിയേഷനെ വെട്ടിലാക്കി. കോളജ് കമ്മിറ്റിയുടെ നിലപാടിനെതിരെ വഖഫ് സംരക്ഷണ സമിതി മാർച്ചും സംഘടിപ്പിച്ചു.
സര്‍ സയ്യിദ് കോളജ് സ്ഥിതി ചെയ്യുന്ന വഖഫ് ഭൂമി കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ അസോസിയേഷന്റെ (സിഡിഎംഇ) യുടെ മറവില്‍ മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാക്കിയാണ് സിപിഎം രംഗത്തെത്തിയത്. വഖഫ് സംരക്ഷണ സമിതിയെ മുന്‍നിര്‍ത്തി സിപിഎമ്മാണ് പ്രതിഷേധ പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തിയത്. ഭൂമി പ്രശ്നത്തിലൂടെ ലീഗിന്റെ ഇരട്ടത്താപ്പ് വ്യക്തമായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.

വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജൻ ലീഗിനെ കടന്നാക്രമിച്ചു. വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ ലീഗ് നേതാക്കള്‍ വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാൻ ശ്രമിക്കുന്നു. ഒരു മത ട്രസ്റ്റ് കൈകാര്യം ചെയ്യുന്നതിന്റെ മറവില്‍ വാണിജ്യ സംരംഭങ്ങള്‍ നടത്തുന്നുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉയർത്തിയത്.

Facebook Comments Box