Kerala NewsSports

മുനമ്പം വിഷയത്തില്‍ KCBC; പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ സമരരീതിയും സമരസ്ഥലവും മാറും: കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്

Keralanewz.com

മുനമ്പം വിഷയത്തില്‍ മുന്നറിയിപ്പുമായി കെസിബിസി രംഗത്ത് ‘ പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ സമരരീതിയും സമരസ്ഥലവും മാറുമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാള്‍ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിയുടെ സർവകക്ഷി യോഗത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും രണ്ട് ഭാവമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞും രാഷ്ട്രീയപാർട്ടികള്‍ക്ക് ഇവിടെ നിലനില്‍പ്പ് വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംസാരിക്കുകയായിരുന്നു ബാവ.

ഒട്ടേറെ വിഷയങ്ങളില്‍ വർഗീയ ധ്രുവീകരണം നടക്കുമ്പോള്‍ പക്വമായ തീരുമാനമെടുക്കാത്ത സമീപനം ഈ ജനതയുടെ ക്ലേശം വർദ്ധിപ്പിക്കുന്നു. ജനതയുടെ ക്ലേശങ്ങളില്‍ എന്ത് തീരുമാനം എടുത്തു. ഈ മുനമ്പത്ത് താമസിക്കുന്നവരെ കുറിച്ച്‌ എന്ത് തീരുമാനമാണ് എടുക്കാൻ പോകുന്നത്? പക്വമായ നീണ്ടുനില്‍ക്കുന്ന ഒരു പരിരക്ഷ ഈ ജനങ്ങള്‍ക്ക് ലഭിക്കണം. ഇത് പരിഹരിക്കപ്പെടണമെന്നുള്ള അഭിപ്രായം പല കോണുകളില്‍ നിന്ന് ഉയരുന്നത് പ്രതീക്ഷ ഉളവാക്കുന്നു. ഇവിടുത്തെ സാധാരണകാരോട് ഒപ്പം നില്‍ക്കാൻ സർക്കാരിന് എന്താണിത്ര ബുദ്ധിമുട്ട് ? തിരഞ്ഞെടുപ്പുകള്‍ വരികയും പോകുകയും ചെയ്യും. ആ സമയത്തുള്ള മൗനം നമുക്ക് മനസ്സിലാക്കാം. പക്ഷേ തിരഞ്ഞെടുപ്പ് കഴിഞ്ഞും നിങ്ങള്‍ക്ക് ഇവിടെ നിലനില്‍പ്പ് വേണ്ടേ. കേരളത്തിലെ കത്തോലിക്ക സഭ ഇവരോടൊപ്പം അവസാനം വരെയും ഉണ്ടാകും – കർദിനാള്‍ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

മൂവാറ്റുപുഴ രൂപത ആർച്ച്‌ ബിഷപ്പും കെസിബിസി ജാഗ്രത കമ്മിറ്റി കണ്‍വീനറുമായ യൂഹന്നാൻ മാർ തെയോഡേഷ്യസ്, ആലപ്പുഴ രൂപത ആർച്ച്‌ ബിഷപ്പ് ജെയിംസ് ആനാ പറമ്ബില്‍ തുടങ്ങിയവർ മുനമ്പം സമരവേദിയിലെത്തി. ആലപ്പുഴ രൂപതയിലെ വൈദികരാണ് ഇന്ന് മുനമ്പത്ത് നിരാഹാരം അനുഷ്ഠിക്കുന്നത്.

Facebook Comments Box