ഒറ്റ രാത്രികൊണ്ട് പ്രിയപ്പെട്ട മക്കളെ നഷ്ടമായ ഞെട്ടലിലാണ് ആലപ്പുഴയിലെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട അഞ്ചു വിദ്യാർഥികളുടെ വീട്ടുകാരും നാട്ടുകാരും.
പഠനത്തിലും സ്പോർട്സിലുമെല്ലാം ഒരുപോലെ മിടുക്കരായ അഞ്ചുപേർ ഇനി വിങ്ങലാർന്ന നീറ്റലാണ്. ഒരുമിച്ച് പഠിക്കാൻ തുടങ്ങിയട്ട് വെറും ഒന്നര മാസം മാത്രം. അപ്പോഴേക്കും ചങ്കും കരളുമായി മാറിയിരുന്നു ആ സംഘം. ഒടുവില്‍ പ്രിയപ്പെട്ട കൂട്ടുകാരെ തനിച്ചാക്കി ഒറ്റരാത്രിയില്‍ അവരഞ്ചുപേർ ഒരുമിച്ചിറങ്ങിപ്പോയി. ക്യാമ്ബസിലും വീടുകളിലും വേദനയല്ലാതെ മറ്റെൊന്നുമില്ല.
കോട്ടയം സ്വദേശികളായ ദേവാനന്ദനും കുടുംബവും 12 വർഷമായി മലപ്പുറം കോട്ടക്കലിലാണ് താമസം. അപകട വിവരം അറിഞ്ഞ മാതാപിതാക്കളും അടുത്ത ബന്ധുക്കളും തകർന്നുപോയി. പാലക്കാട് ശേഖരീപുരം വത്സൻ ബിന്ദു- ദമ്ബതികളുടെ ഏകമകനാണ് ശ്രീദീപ് വത്സൻ. പഠിക്കാൻ മിടുക്കൻ. അച്ഛന്റേയും അമ്മയുടേയും സ്വപ്നങ്ങള്‍ ബാക്കിയാക്കി ശ്രീദിപ് യാത്രയായി.
ആലപ്പുഴ കാവാലം നെല്ലൂർ ഷാജിയുടെയും ഉഷയുടെയും മകനാണ് ആയുഷ്. കുടുംബം നാളുകളായി ഇൻഡോറില്‍ സ്ഥിരതാമസക്കാരാണ്. ഉഷ ഇൻഡോറില്‍ നഴ്സായും ഷാജി അക്കൗണ്ടൻറ് ആയും ജോലി ചെയ്യുന്നു. മകന്റെ വിയോഗ വാർത്തയറിഞ്ഞ കുടുംബം എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയില്‍ കുഴങ്ങിനില്‍ക്കുകയാണ് ബന്ധുക്കള്‍.
ഒരുമാസം മുൻപാണ് ലക്ഷദ്വീപില്‍ നിന്ന കടല്‍കടന്ന് ആന്ത്രോത്ത് ദ്വീപിലെ മുഹമ്മദ് ഇബ്രാഹിം ആലപ്പുഴയില്‍ മെഡിസിൻ പഠിക്കാനെത്തിയത്. അപകടവിവരമറിഞ്ഞയുടൻ മുഹമ്മദ് ഇബ്രാഹിമിന്റെ കേരളത്തിലുള്ള കുടുബസുഹൃത്തുക്കളും നാട്ടുകാരായ ചിലരും ആലപ്പുഴയിലേക്ക് ഓടിയെത്തി. കുടുംബത്തിന്റെ വലിയ പ്രതീക്ഷയാണ് ഒറ്റരാത്രികൊണ്ട് തകർന്നടിഞ്ഞത്.
രണ്ടുമാസം മുമ്ബാണ് കണ്ണൂരില്‍ അബ്ദുള്‍ ജബ്ബാറിന്റെ കുടുംബം പുതിയ വീടുവെച്ചത്. ഏറെ ആശിച്ചുവച്ച ആ വീട്ടിലേക്ക് ചിരിയോടെ ഇനി കയറി വരാൻ അബ്ദുള്‍ ജബ്ബാറില്ല. കരഞ്ഞു തളരുന്ന ബന്ധുക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉരുകുകയാണ് നാട്ടുകാരും സുഹൃത്തുക്കളും. പഠിക്കാൻ മിടുക്കരായ, നാടിന്റേയും വീടിന്റേയും പ്രതീക്ഷയായിരുന്ന ആ അഞ്ചുപേർ മലയാളക്കരയുടെയാകെ നോവായി പടരുന്നു.