Kerala NewsPolitics

മുനമ്പം വിഷയം: മുസ്‌ലിം ലീഗ് ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാഗ്വാദം

Keralanewz.com

കോഴിക്കോട്: മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന് പറഞ്ഞതിനെച്ചൊലി ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാദപ്രതിവാദം.

വഖഫ് ഭൂമിയാണെന്ന ഷാജിയുടെ വാദത്തെ എതിർത്ത് കുഞ്ഞാലിക്കുട്ടി, എൻ.ശംസുദ്ദീൻ, അബ്ദുറഹ്മാൻ രണ്ടത്താണി, പാറക്കല്‍ അബ്ദുല്ല, അഡ്വ. മുഹമ്മദ് ഷാ എന്നിവർ രംഗത്തെത്തി. നിലവിലെ സാഹചര്യത്തില്‍ അത് വഖഫ് ഭൂമിയാണെന്ന് പറയുന്നത് പ്രതികൂല ഫലമുണ്ടാക്കും എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാദം. അദ്ദേഹത്തെ പിന്തുണച്ചാണ് മറ്റു നാലുപേർ രംഗത്തെത്തിയത്.

എന്നാല്‍ വഖഫ് ആണെന്ന് പറഞ്ഞുകൊണ്ട് തന്നെ സമവായത്തിലേക്ക് പോണം എന്നായിരുന്നു ഷാജിയടക്കമുള്ളവരുടെ നിലപാട്. വഖഫ് ആണോ അല്ലയോ എന്നത് നിയമപരമായി തീരുമാനിക്കട്ടെ എന്ന ധാരണയിലാണ് ചർച്ച അവസാനിച്ചത്. ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുല്‍ വഹാബ് തുടങ്ങിയ നേതാക്കള്‍ ഷാജിയുടെ നിലപാടിനെ പിന്തുണച്ചു. മുനമ്പം വിഷയം പരിഹരിക്കാൻ സാദിഖലി തങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഷാജി പിന്തുണ അറിയിച്ചു. തന്റെ പരാമർശം തങ്ങളുടെ ശ്രമങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രതികൂലമായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷാജി പറഞ്ഞു.

പേഴ്‌സണല്‍ സ്റ്റാഫിനെ ഉപയോഗിച്ച്‌ കുഞ്ഞാലിക്കുട്ടി പാർട്ടി വാർത്തകള്‍ കൊടുക്കുന്നുവെന്ന് ഷാജി ആരോപിച്ചു. ഇത് സംബന്ധിച്ച്‌ ഷാജിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ വാക്കേറ്റമുണ്ടായി. പാർട്ടി യോഗങ്ങള്‍ വിളിക്കാത്തതുകൊണ്ടാണ് തനിക്ക് മുനമ്പം വിഷയം പൊതുവേദിയില്‍ പറയേണ്ടിവന്നതെന്നും ഷാജി വ്യക്തമാക്കി. തുടർന്ന് സാദിഖലി തങ്ങള്‍ ഇടപെട്ട് ചർച്ചകള്‍ ഉപസംഹരിക്കുകയായിരുന്നു.

എന്തായാലും മുനമ്പം പ്രശ്നം യുഡിഎഫിലും ,ലീഗിലും ഉണ്ടാക്കിയിരിക്കുന്ന പ്രശ്നങ്ങൾ ഉടനൊന്നും തീരാനുള്ള സാധ്യതയില്ല

Facebook Comments Box