അശ്ലീല ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

Spread the love
       
 
  
    

ആലപ്പുഴ: അശ്ലീല ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. കൈനടി അടിച്ചിറയില്‍ പ്രദീപ്കുമാറിന് (46) ആണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. നീലംപേരൂര്‍ ഒന്നാം വാര്‍ഡ് കൈനടി അടിച്ചിറ വീട്ടില്‍ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലാണ് വിധി.

ആലപ്പുഴ ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി എന്‍ സീതയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം ശിക്ഷ കൂടാതെ 447ാം വകുപ്പ് പ്രകാരം പ്രതി ഒരു വര്‍ഷം കഠിന തടവും അനുഭവിക്കണം. കൂടാതെ ഒരു ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

2004 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദീപ്കുമാര്‍ അശ്ലീല ചുവയോടെ സംസാരിക്കുന്നത് സരസമ്മ എതിര്‍ത്തിരുന്നു. സംഭവ ദിവസം പ്രദീപ്കുമാര്‍ സരസമ്മയുടെ വീട്ടിലെത്തി പതിവ് രീതിയില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ സരസമ്മ എതിര്‍ത്തു. ഈ സമയം പ്രദീപ്കുമാര്‍ കൈവശം കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സരസമ്മയുടെ കഴുത്തിലും മുഖത്തും കൈയിലും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കൈനടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 11 സാക്ഷികളെ വിസ്തരിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേസിലെ ഒന്നാം സാക്ഷി കൊല്ലപ്പെട്ട സരസമ്മയുടെ മകന്‍ ഓമനക്കുട്ടന്‍, രണ്ടാം സാക്ഷിയായ ഇയാളുടെ ഭാര്യ അജിത, മൂന്നാം സാക്ഷി സരസമ്മയുടെ ഭര്‍തൃസഹോദരന്‍ അനിയന്‍ എന്നിവര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്

Facebook Comments Box

Spread the love