Kerala NewsReligion

വിമത വൈദീകര്‍ക്ക് കടിഞ്ഞാണിടാൻ കടുത്ത നടപടിയുമായി എറണാകുളം – അങ്കമാലി അതിരൂപത ! പത്തിലേറെ വൈദീകരെ പുറത്താക്കും. കൂടുതല്‍ ഇടവകകള്‍ സന്ദര്‍ശിക്കാൻ മാര്‍ ബോസ്കോ പുത്തൂര്‍

Keralanewz.com

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയില്‍ വിമത പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങി അതിരൂപത നേതൃത്വം. അതിരൂപത അഡ്മിനിസ്ട്രേറ്ററെ അംഗീകരിക്കാത്ത വൈദികർക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായാണ് നാലു വൈദീകർക്കെതിരെ നടപടി എടുത്തത്. ഫാദർ വർഗീസ് മണവാളൻ, ഫാ. ജോഷി വേഴപ്പറമ്ബില്‍, ഫാ. തോമസ് വാളൂക്കാരൻ, ഫാ. ബെന്നി പാലാട്ടി എന്നിവർക്കെതിരെയാണ് നടപടി ഉണ്ടായത്.

ഇവരെ ചുമതലയില്‍ നിന്നും നീക്കുക മാത്രമല്ല പകരം ചുമതലയും നല്‍കിയിട്ടില്ല. 10ലേറെ വൈദീകർക്ക് കാരണം കാണിക്കല്‍ നോട്ടിസുമുണ്ട്.

അനുസരണം നിത്യ വ്രതമായി സ്വീകരിച്ചവരാണ് വൈദീകർ. എന്നാല്‍ എറണാകുളം – അങ്കമാലിയില്‍ വൈദീകർക്ക് ഇല്ലാത്തത് അനുസരണമാണ്.

സാധാരണ അതിരൂപതാധ്യക്ഷൻ ഒരു വൈദീകനെ സ്ഥലം മാറ്റിയാല്‍ ആ വൈദികൻ ഒഴിയുകയാണ് പതിവ്. എന്നാല്‍ ഇവിടെ അതല്ല സ്ഥിതി.

വൈദീകർ പള്ളി കയ്യടക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പള്ളിമുറി കൂടി ഒഴിയണം എന്ന് ഓർഡറില്‍ ചേർക്കുകയാണ് കൂരിയ.

നേരത്തെ മാർ സിറില്‍ വാസിലിനെതിരെ പ്രതിഷേധിച്ച വൈദീകർക്കെതിരെ ഗുരുതര അച്ചടക്ക ലംഘനത്തിന് നടപടി തുടങ്ങിയിട്ടുണ്ട്. 20 വൈദീകർ കുർബാന വിലക്ക് നേരിടേണ്ടി വരുമെന്നാണ് സൂചന.

അതിനിടെ അതിരൂപതാ അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ തന്റെ ഇടയ സന്ദർശനം തുടങ്ങി. കഴിഞ്ഞാഴ്ച തിരുവാങ്കുളം സെന്റ് ജോർജ്‌ പള്ളിയില്‍ സന്ദർശനത്തിനെത്തിയ മാർ ബോസ്കോ പുത്തരിന് വലിയ സ്വീകരണം ലഭിച്ചിരുന്നു.

കൂടുതല്‍ പള്ളികള്‍ വരും ആഴ്ചകളില്‍ സന്ദർശിക്കാനാണ് അഡ്മിനിസ്ട്രേറ്ററുടെ തീരുമാനം.

Facebook Comments Box