വീണ്ടും ജീവനെടുത്ത് കടുവ; മാനന്തവാടിയില്‍ കാപ്പിക്കുരു പറിക്കാൻ പോയ സ്ത്രീയ്ക്ക് ദാരുണാന്ത്യം
മാനന്തവാടി: വയനാട്ടില്‍ കടുവ ആക്രമണത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. വയനാട് മാനന്തവാടിയിലാണ് സംഭവം. വനംവകുപ്പ് താല്‍ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യ പഞ്ചാരക്കൊല്ലി വനമേഖലയില്‍ രാധയാണ് മരിച്ചത്
പഞ്ചാരക്കൊല്ലി പ്രിയദര്ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്.
തോട്ടത്തില്‍ കാപ്പി വിളവെടുക്കാൻ പോയപ്പോള്‍ കടുവ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. കാടിനുള്ളില് നിന്ന് പാതി ഭക്ഷിച്ച നിലയില്‍ തണ്ടർബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. വനത്തോട് ചേര്ന്ന ഈ പ്രദേശത്ത് പലപ്പോഴും കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര് പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്. ആക്രമിച്ച കടുവ ഉള്‍വനത്തിലേക്ക് കയറിയോ എന്ന കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് ജാഗ്രത വേണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കടുവയെ വെടിവെയ്ക്കാന് ജില്ലാഭരണകൂടം ഉത്തരവിറക്കി.