രാഹുലിന് ആരോഗ്യപ്രശ്നം; പ്രചാരണത്തിന്റെ ചുമതല പ്രിയങ്കയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി കോൺഗ്രസ്.
ന്യൂഡല്‍ഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോഗ്യപ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നതിനിടെ പ്രിയങ്ക ഗാന്ധിയെ ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ചുമതല ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാന നേതൃത്വം.
ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഡല്‍ഹിയില്‍ നടന്ന രണ്ട് റാലികളില്‍ പങ്കെടുക്കാൻ രാഹുലിന് കഴിഞ്ഞിരുന്നില്ല. ഈയൊരു സാഹചര്യത്തില്‍ പ്രചാരണത്തിന്റെ ചുമതല പ്രിയങ്കയെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം.
ഡല്‍ഹിയിലെ മുസ്തഫബാദില്‍ നിശ്ചയിച്ചിരുന്ന റാലിയില്‍ വ്യാഴാഴ്ച രാഹുലിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച മാദിപൂരിലാണ് രാഹുല്‍ ഗാന്ധി റാലി നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ രാഹുല്‍ പങ്കെടുക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പായിട്ടില്ല. ഡല്‍ഹിയിലെ റാലികള്‍ക്ക് പുറമേ ബല്‍ഗാവിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നില്ല.
ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിന്റെ ചുമതല പ്രിയങ്ക ഗാന്ധിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ സമീപിക്കുകയായിരുന്നു. ഡല്‍ഹിയില്‍ ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. മുൻവർഷങ്ങളെ പോലെ ഡല്‍ഹിയില്‍ ഇക്കുറിയും ത്രികോണ മത്സരമാണ് നടക്കുന്നത്.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പിയും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും കോണ്‍ഗ്രസും എ.എ.പിയും തമ്മില്‍ പരസ്പരം പോരടിക്കുകയാണ്.