സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും തിരിച്ചടി; 700 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ഇഡി; നടപടി നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട്
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും തിരിച്ചടി.
ഇരുവരുമായി ബന്ധപ്പെട്ട സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികള്‍ ആരംഭിച്ചു. നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുത്തിലെ സാമ്ബത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗം ചെയ്തു എന്നുമുള്ള പരാതിയിലാണ് ഇഡി അന്വേഷണം.
700 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളുമായാണ് ഇഡി മുന്നോട്ടു പോകുന്നത്. ലക്‌നൗ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ വസ്തുവകകള്‍ക്ക് പുറമേ ഡല്‍ഹി ബഹാദൂർ ഷാ സഫർ മാർഗിലെ ഹെറാള്‍ഡ് ഹൗസും കണ്ടുകെട്ടും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടി.
ജവാഹർലാല്‍ നെഹ്രു 1937-ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ പുതുതായുണ്ടാക്കിയ യങ് ഇന്ത്യൻ കമ്ബനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് 2012-ല്‍ ബിജെപി നേതാവും സാമ്ബത്തിക വിദഗ്ധനുമായ സുബ്രഹ്‌മണ്യൻ സ്വാമി രംഗത്ത് വന്നതാണ് കേസിന്റെ തുടക്കം.
5000 സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഓഹരിയുണ്ടായിരുന്ന ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എല്‍. കമ്ബനിയെ യങ് ഇന്ത്യൻ എന്നൊരു ഉപായക്കമ്ബനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി ആരോപിക്കുന്നത്.1,600 കോടി രൂപ മതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് ഇവർ സ്വന്തമാക്കിയെതെന്നും സുബ്രഹ്‌മണ്യൻ സ്വാമി ആരോപിച്ചിരുന്നു.
അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുക്കാൻ യങ് ഇന്ത്യൻ കമ്ബനിക്ക് ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് 90 കോടി രൂപ വായ്പ അനുവദിച്ചുവെന്നും ഇത് ചട്ടവിരുദ്ധമാണെന്നും സ്വാമി ആരോപിച്ചു. ഇന്ത്യയിലെ ഒരു രാഷ്ട്രീയപാർട്ടിക്കും വാണിജ്യാവശ്യങ്ങള്‍ക്കു വേണ്ടി വായ്പ നല്‍കാൻ നിയമം അനുവദിക്കുന്നില്ല. അസ്സോസ്സിയേറ്റഡ് പ്രസ്സ് ഏറ്റെടുക്കാൻ മാത്രമാണീ വായ്പ എന്നും ഇതിനു പുറകില്‍ വാണിജ്യ താല്‍പര്യങ്ങളില്ലെന്നുമാണ് കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത്.
2014 ലാണ് ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി കോടതിയില്‍ സുബ്രഹ്മണ്യൻ സ്വാമി സ്വകാര്യ ക്രിമിനല്‍ പരാതി സമർപ്പിച്ചത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവർ ചേർന്ന് യംഗ് ഇന്ത്യൻ വഴി 50 ലക്ഷം രൂപയ്ക്ക് എ.ജെ.എല്ലിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ വഞ്ചനാപരമായി ഏറ്റെടുത്തു എന്നാണ് സുബ്രഹ്മണ്യൻ സ്വാമി പരാതിയില്‍ ആരോപിക്കുന്നത്. തുടർന്ന് 2021 ല്‍ ഇ.ഡി കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു.
നിയമപരമായ വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും, ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും അന്വേഷണം തുടരാൻ അനുവദിച്ചു. അന്വേഷണത്തിനിടെ, ഇ.ഡി. ഒന്നിലധികം സ്ഥലങ്ങളില്‍ റെയ്ഡുകളും പിടിച്ചെടുക്കലുകളും നടത്തി, സാമ്ബത്തിക ക്രമക്കേടുകളുടെ കൂടുതല്‍ തലങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന രേഖകള്‍ കണ്ടെത്തിയതായി അവകാശപ്പെട്ടു.