പി. സരിന്‍റെ എതിര്‍പ്പില്‍ പ്രതികരിച്ച് വി.കെ. ശ്രീകണ്ഠൻ; ‘വിജയ സാധ്യതയുള്ള സീറ്റില്‍ പലര്‍ക്കും ആഗ്രഹമുണ്ടാകാം’
പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് പി. സരിന്‍റെ എതിർപ്പില്‍ പ്രതികരിച്ച് ഡി.സി.സി അധ്യക്ഷൻ വി.കെ.
ശ്രീകണ്ഠൻ. വിജയ സാധ്യതയുള്ള സീറ്റില്‍ സ്ഥാനാർഥിയാകാൻ പലർക്കും ആഗ്രഹമുണ്ടാകാമെന്ന് ശ്രീകണ്ഠൻ വ്യക്തമാക്കി.
സ്ഥാനാർഥിത്വം സംബന്ധിച്ച് പാർട്ടി എടുത്ത തീരുമാനം നേതാക്കള്‍ക്കും പ്രവർത്തകർക്കും ബാധകമാണ്. പാർട്ടി തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടതാണ്. എല്ലാ പാർട്ടിക്കും തെരഞ്ഞെടുപ്പില്‍ ഒരു മാനദണ്ഡമുണ്ട്.
ജില്ല മാറിയും സംസ്ഥാനം മാറിയും മല്‍സരിച്ച ചരിത്രമുണ്ട്. പുറത്തു നിന്നുള്ളവരെ പാലക്കാട് ജില്ലയില്‍ മല്‍സരിപ്പിച്ച് വിജയിപ്പിച്ച ചരിത്രം കോണ്‍ഗ്രസിനും സി.പി.എമ്മിനുമുണ്ട്. അതില്‍ യാതൊരു അർഥവുമില്ല.
സ്ഥാനാർഥിയുടെ കാര്യത്തില്‍ യാതൊരു അതൃപ്തിയും ആരും നടത്തിയിട്ടില്ല. കോണ്‍ഗ്രസിലെ ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്ന ആളാണ് സരിൻ. കഴിഞ്ഞ തവണ ഒറ്റപ്പാലം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരുന്നു. സരിൻ പാർട്ടി വിടുമെന്നോ വിമത സ്ഥാനാർഥിയാകുമെന്നോ വിശ്വസിക്കുന്നില്ല. വിമത സ്ഥാനാർഥിയെ പ്രതിരോധിക്കാനുള്ള ശക്തി പാലക്കാട്ടെ കോണ്‍ഗ്രസിനും യു.ഡി.എഫിനും ഉണ്ടെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി.