CRIMEKerala NewsPolitics

നീല പെട്ടിയില്‍ പണം കൊണ്ടുവന്നു എന്ന് വിവരം ലഭിച്ചുവെന്ന് സിപിഎം; പണം കൊണ്ടുവന്നത് വെല്‍ഫയര്‍ കാറിലെന്ന് ബിജെപി

Keralanewz.com

പാലക്കാട്: കോണ്‍ഗ്രസ് വനിത നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ അനധികൃതമായി പണം എത്തിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് വ്യാപക ആരോപണങ്ങളാണ് ഉയരുന്നത്.

സംഭവത്തില്‍ പ്രതികരിച്ച്‌ സിപിഎമ്മും ബിജെപിയും രംഗത്ത് എത്തി. ഹോട്ടലിലേക്ക് വലിയ രീതിയില്‍ പണം എത്തിയെന്നും അത് തിരിച്ചുകടത്താൻ ശ്രമം നടന്നെന്നും എ.എ. റഹീം എം.പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്നും പോലീസ് പരിശോധന സജീവമാക്കിയ സമയത്ത് കോണ്‍ഗ്രസിന്റെ രണ്ട് എം.പിമാര്‍ അക്രമം അഴിച്ചുവിട്ടുവെന്നും റഹീം പറഞ്ഞു.

പോലീസും ഇലക്ഷൻ ഉദ്യോഗസ്ഥരും വന്ന് എല്ല മുറികളും പരിശോധിച്ചെന്നും ആദ്യം എക്സ് എംഎല്‍എ ടി.വി. രാജേഷിന്റെ മുറിയാണ് പരിശോധിക്കുന്നത്. അദ്ദേഹത്തിന്റെ പെട്ടിയും ബെഡുമെല്ലാം പരിശോധിച്ചുവെന്നും റഹീം പറയുന്നു. എന്നാല്‍ ഷാനിമോള്‍ ഉസ്മാന്റെ മുറി മാത്രം തുറന്നില്ലെന്നും വാതിലിനു മുന്നില്‍ മണിക്കൂറുകള്‍ വരെ പോലീസ് കാത്തിരിക്കേണ്ടിവന്നുവെന്നും ഇത് പരിശോധന പൂര്‍ണമായി തടസ്സപ്പെടുത്തി. നീല പെട്ടിയില്‍ പണം കൊണ്ടു വന്നു എന്ന് കോണ്‍ഗ്രസില്‍ നിന്ന് വിവരം ലഭിച്ചുവെന്നും റഹീം ട്വൻ്റി ഫോർ ന്യൂസിനു നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. ഷാനി മോള്‍ പരിശോധനയില്‍ സഹകരിക്കാത്തത് മുതല്‍ സംശയമുയര്‍ന്നുവെന്നും റഹീം ട്വന്റിഫോറിനോട് പറഞ്ഞു.

സമഗ്രമായ പരിശോധന നടക്കേണ്ട ഒരു പ്രത്യേക സമയത്ത് രണ്ട് എം പിമാര്‍ വന്ന് പ്രശ്‌നമുണ്ടാക്കി. മാധ്യമങ്ങളെ തല്ലി. സംഘര്‍ഷം ഉണ്ടാക്കി. നിയമപരമായ പരിശോധനയെ തടഞ്ഞു. നിയമവാഴ്ചയെ പരസ്യമായി വെല്ലുവിളിച്ചു. എല്ലാ മുറികളും പരിശോധിക്കാനല്ലേ അവര്‍ ആവശ്യപ്പെടേണ്ടത്. ഇവിടെ ഉണ്ടായിരുന്ന പണം എംപിമാരുടെ നേതൃത്വത്തില്‍ ബഹളമുണ്ടാക്കിയിട്ട് പുറത്തേക്കോ ഹോട്ടലിലെ മറ്റ് മുറിയിലേക്കോ മാറ്റിയിരിക്കാമെന്നും റഹീം ആരോപിച്ചു.

അതേസമയം, വെല്‍ഫയര്‍ വണ്ടിയിലാണ് സ്യൂട്‌കേസ് വന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതിയുമായ ഫെനി എന്നയാളാണ് സ്യൂട്‌കേസ് എത്തിച്ചതെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ ആരോപിച്ചു. കള്ളംപ്പണം എത്തിച്ചിട്ടുണ്ട്. ഇതിനായി സി.സി.ടി.വി. പിടിച്ചെടുക്കണം. സംഘർഷണുണ്ടാക്കി രക്ഷപ്പെടാനുള്ള സാധ്യതയുണ്ടാക്കിയെന്നും ബിജെപി നേതാക്കാള്‍ ആരോപിച്ചു. പണം മാറ്റുവാനുള്ള എല്ലാ സാഹചര്യവും പോലീസ് ഉണ്ടാക്കിയെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ബി.ജെ.പി. നേതാവ് വി.വി. രാജേഷും സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും ആരോപിച്ചു.

Facebook Comments Box