National NewsPoliticsReligion

രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ്: പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചു

Keralanewz.com

അഹമ്മദാബാദ്: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച്‌ പാർട്ടി എം.എല്‍.എ രാജിവെച്ചു.

ഗുജറാത്തിലെ മുതിർന്ന കോണ്‍ഗ്രസ് എം.എല്‍.എ സി.ജെ ചാവ്ഡയാണ് സ്പീക്കർക്ക് രാജിക്കത്ത് നല്‍കിയത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിച്ച നിലപാടില്‍ താൻ അസ്വസ്ഥനാണെന്ന് രാജിക്ക് പിന്നാലെ ചാവ്ഡ പ്രതികരിച്ചു.

വിജയ്പുർ മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ എം.എല്‍.എയായ ചാവ്ഡ രാവിലെ സ്പീക്കർ ശങ്കർ ചൗധരിയുടെ മുമ്ബാകെയാണ് രാജിസമർപ്പിച്ചത്. കഴിഞ്ഞ 25 വർഷമായി താൻ കോണ്‍ഗ്രസില്‍ പ്രവർത്തിക്കുകയായിരുന്നു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങ് എല്ലാവരും ആഘോഷമാക്കുമ്ബോള്‍ അതില്‍ നിന്നും വിട്ടുനില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇത് തന്നെ അസ്വസ്ഥനാക്കിയെന്നും എം.എല്‍.എ പറഞ്ഞു.

ഗുജറാത്തില്‍ നിന്നുള്ള രണ്ട് നേതാക്കളുടെ നയങ്ങളെ എല്ലാവരും പിന്തുണക്കണം. നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും പിന്തുണക്കേണ്ട സമയമാണിത്. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ തനിക്ക് മോദിയേയും അമിത് ഷായേയും പിന്തുണക്കാൻ സാധിച്ചിരുന്നില്ലെന്നും ചാവ്ഡ പറഞ്ഞു.

ചാവ്ഡയുടെ രാജിയോടെ ഗുജറാത്ത് നിയമസഭയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ അംഗസംഖ്യ 15 ആയി ചുരുങ്ങി. ചാവ്ഡ വൈകാതെ ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. ജനുവരി 22നാണ് അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങ് നടക്കുന്നത്.

Facebook Comments Box