Fri. Mar 29th, 2024

ലോക്ഡൗൺ കാലത്ത് കേരളത്തിലേക്ക് ഒഴുകിയത് കോടികളുടെ ഗോവൻ മദ്യം

By admin Jul 4, 2021 #news
Keralanewz.com

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് കേരളത്തിലേക്ക് ഒഴുകിയത് കോടികളുടെ ഗോവൻ മദ്യം. സാധനങ്ങൾ കൊണ്ടുവരുന്ന ലോറികളിലായിരുന്നു കടത്ത്. ഇതിന്റെ മറവിൽ സ്പിരിറ്റ് ഉപയോഗിച്ച് വ്യാജമദ്യവും ഉണ്ടാക്കി കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ലോക്ഡൗണിന്റെ അവസാന ഘട്ടത്തിൽ മദ്യവുമായി കേരളത്തിലേക്ക് എത്തിയ ലോറികൾ എക്‌സൈസ് തമിഴ്‌നാട്ടിൽ വച്ച് കണ്ടെത്തിയെങ്കിലും കടത്തുകാർ രക്ഷപ്പെടുകയായിരുന്നു. ഓരോ ആഴ്ചയിലും രണ്ട് ലോഡ് മദ്യം വീതം തിരുവനന്തപുരം ജില്ലയിൽ മാത്രം എത്തിയിട്ടുണ്ടെന്നാണ് അന്വേഷണസംഘങ്ങളുടെ കണക്ക്.

കുടപ്പനക്കുന്ന് മുക്കോല, നെയ്യാറ്റിൻകര, പാറശ്ശാല, വിഴിഞ്ഞം ചപ്പാത്ത്, വർക്കല, നെടുമങ്ങാട് എന്നിവിടങ്ങളിലാണ് പ്രധാന വിതരണ സംഘങ്ങളുണ്ടായിരുന്നത്. മുക്കോല ഭാഗത്ത് മാത്രം 15 ലക്ഷം രൂപയുടെ മദ്യം എത്തിച്ചിരുന്നതായാണ് എക്‌സൈസിന് കിട്ടിയ വിവരമെന്ന് എൻഫോഴ്‌സ്‌മെന്റ് സി.ഐ. ടി.അനിൽകുമാർ പറഞ്ഞു. ഓരോ സംഘത്തിന്റെ കൈവശവും ലക്ഷങ്ങളുടെ മദ്യശേഖരമാണ് ഉണ്ടായിരുന്നത്. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും ലോക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചിരുന്നു. ഇതിനെ തുടർന്നാണ് ഗോവയിൽ നിന്നും വൻതോതിൽ മദ്യം എത്തിക്കാൻ തുടങ്ങിയത്.

ഗോവയിൽ നിന്നും മദ്യം കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ അനസ് എന്ന പ്രധാനി ലോക്ഡൗണിന്റെ അവസാന സമയത്ത് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ പിടിയിലായിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗോവൻ മദ്യവുമായി കേരളത്തിലേക്ക് വന്ന ലോറി ഡിണ്ടിഗലിൽ വച്ച് എക്‌സൈസ് സംഘം കണ്ടെത്തിയെങ്കിലും ഇവർ രക്ഷപ്പെടുകയായിരുന്നു. അനസ് പിടിയിലാവുന്നതിന് തൊട്ടു മുമ്പും ഒരു ലോഡ് തിരുവനന്തപുരത്തേക്ക് കടത്തിയിരുന്നു. അനസിെൻറ കൂട്ടാളികളിലൊരാളാണ് കഴിഞ്ഞ ദിവസം പാറശ്ശാലയിൽ നിന്നും 4536 കുപ്പികളുമായി പിടിയിലായത്.

അനസിന്റെ നേതൃത്വത്തിലാണ് മദ്യം സംസ്ഥാനത്തേക്ക് കടത്തിയിരുന്നത്. എന്നാൽ, അനസ് പിടിയിലായ വിവരം അറിഞ്ഞതോടെ മിക്ക സംഘങ്ങളും ഗോവൻ മദ്യം മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ജില്ലയിലെ പല ഭാഗങ്ങളിൽ പരിശോധന നടത്തിയെങ്കിലും എത്തിച്ച മദ്യം കണ്ടെത്താനായില്ല. ജാമ്യത്തിലിറങ്ങിയ അനസിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എക്‌സൈസും തമിഴ്‌നാട് പോലീസും.

എക്‌സൈസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അനസിന്റെ തമിഴ്‌നാട് മേൽപ്പുറത്തെ വീട്ടിൽ നിന്നും 210 കിലോ കഞ്ചാവും സ്പിരിറ്റും ഗോവൻ മദ്യത്തിന്റെ ബോട്ടിലുകളും തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തിരുന്നു. മദ്യം പായ്‌ക്ക് ചെയ്യാനുള്ള സംവിധാനവും ഉണ്ടായിരുന്നു. ഇവിടെ വ്യാജ ഗോവൻ മദ്യവും ഉണ്ടാക്കിയിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഗോവൻ മദ്യത്തോടൊപ്പം വ്യജമദ്യവും വൻതോതിൽ ജില്ലയിലേക്ക് കടത്തിക്കൊണ്ടുവന്നിരുന്നു. പാറശ്ശാലയിൽ നിന്നും എക്‌സൈസ് പിടിച്ചെടുത്ത മദ്യക്കുപ്പികളിൽ ലേബൽ ഉണ്ടായിരുന്നില്ല.

ലോക്ഡൗൺ കാലത്ത് 750 മില്ലി ലിറ്റർ മദ്യത്തിന് 2000 രൂപവരെയാണ് ഇവർ ഈടാക്കിയിരുന്നത്. ലോക്ഡൗൺ കഴിഞ്ഞതോടെ 650 രൂപയാക്കി. വാരാന്ത്യ ലോക്ഡൗണായതോടെയാണ് കഴിഞ്ഞ ദിവസം വിൽപ്പന സംഘങ്ങൾ വീണ്ടും സജീവമായത്.

ജില്ലയിൽ പല സംഘങ്ങളുടെ കൈവശവും ഇത്തരം മദ്യത്തിന്റെ വൻ ശേഖരം ബാക്കിയുണ്ടെന്നാണ് എക്‌സൈസ് സംശയിക്കുന്നത്.

Facebook Comments Box

By admin

Related Post