തിരുവനന്തപുരം: പിവി അൻവറിനെ യുഡിഎഫിനൊപ്പം നിർത്താൻ പാർട്ടിയിലെ പല നേതാക്കളും തയ്യാറെടുത്തിരിക്കുകയാണ്. എന്നാല്‍ ഇനി ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് എന്താകുമെന്നാണ് രാഷ്രീയ കേരളം ഉറ്റുനോക്കുന്നത്.
ആദ്യം മുസ്ലീം ലീഗും പിന്നീട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അൻവറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ സതീശന്റെ നിർണ്ണായക തീരുമാനം എന്താകുമെന്നറിയാൻ എല്ലാവരും കാത്തിരിക്കുന്നത്. ഈ മാസം 12ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ ഇതുസംബന്ധിച്ച നിലപാട് വി ഡി സതീശൻ വ്യക്തമാക്കും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന തരത്തില്‍ അൻവർ മുൻപ് ഒരു പരാമർശം നടത്തിയിരുന്നു. അക്കാരണത്താല്‍ അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കുന്നതില്‍ വി ഡി സതീശന്‍ അടക്കം പലനേതാക്കളും അതൃപ്തി പങ്കുവെച്ചിരുന്നു. പ്രതിപക്ഷ നേതാവിനെതിരെയും അൻവർ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെ നിരന്തരം സമരം പ്രഖ്യാപിക്കുകയും നിലവില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവാദം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന അഭിപ്രായ യുഡിഎഫില്‍ രൂപപ്പെടുകയാണ്.
മുസ്ലീം ലീഗ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ അന്‍വറിന്റെ യുഡിഎഫ് പ്രവേശനം എളുപ്പമായിരിക്കുമെന്നാണ് നിലവിലെ അനുമാനം. ജനകീയ വിഷയങ്ങളില്‍ ഇടപെടുമ്ബോഴും പ്രതികരിക്കുമ്ബോഴും ജനപ്രതിനിധികള്‍ക്കെതിരെ ക്രിമിനലിനുസമാനമായ നടപടിയുണ്ടാകുന്നത് അംഗീകരിക്കാനാവുന്നതല്ല. അൻവറിനെ യുഡിഎഫില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നേതാക്കള്‍ക്കിടയില്‍ ആശയവിനിമയം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. വരാനിരിക്കുന്ന യുഡിഎഫ് യോഗത്തില്‍ ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. അന്‍വറിന്റെ യുഡിഎഫ് പ്രവേശത്തെ ഇതുവരെ ആര്‍എസ്പി സ്വാഗതം ചെയ്തിട്ടില്ല എന്നാല്‍ സിഎംപി വിഷയത്തില്‍ അനുകൂലനിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാവും അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തെപ്പറ്റി അന്തിമ തീരുമാനമുണ്ടാകുക.
ഇക്കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ മരണവും വനവകാശ ഭേദഗതി നിയമത്തിലെ ജനവിരുദ്ധതയും തന്റെ പ്രതിഷേധത്തിലൂടെ ചർച്ചയാക്കാൻ അൻവറിന് കഴിഞ്ഞിട്ടുണ്ട്. മലയോര മേഖലയിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയർത്തികാട്ടിയതോടെ സാധാരണക്കാരായ ജനങ്ങളുടെയും ക്രിസ്ത്യൻ സഭകളുടെ അടക്കം പിന്തുണ അൻവറിന് നേടാനായിട്ടുണ്ട്. ഇത്രയും വലിയ ജനകീയ പിന്തുണ അൻവറിന് ലഭിക്കുന്ന സാഹചര്യത്തില്‍ അത് മനഃപൂർവ്വം അവഗണിക്കാൻ യുഡിഎഫ് നേതൃത്വം തയ്യാറാകില്ലെന്നാണ് കരുതേണ്ടത്.