Mon. Feb 17th, 2025

രാഹുല്‍ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നതും സതീശനതിരായ നൂറുകോടിയുടെ അഴിമതി ആരോപണവും അത്രപെട്ടെന്ന് മറക്കണോ? പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം പ്രതിസന്ധിയിൽ.

Keralanewz.com

തിരുവനന്തപുരം: നിലമ്പൂർ എംഎല്‍എ പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചുള്ള തർക്കം രൂക്ഷം.

പി അൻവറിനെ യുഡിഎഫിന്റെ ഭാഗമാക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നിലപാടെടുക്കുമ്പോൾ അതിനെ ശക്തിയുക്തം എതിർക്കുകയാണ് വലിയൊരു വിഭാഗം നേതാക്കള്‍. സിപിഎമ്മിന്റെ ഭാഗമായി നില്‍ക്കുമ്പോൾ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അൻവർ ഉയർത്തിയ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ തിരിഞ്ഞുകൊത്തുമെന്ന അഭിപ്രായവും കോണ്‍ഗ്രസിനുള്ളില്‍ നിന്നും ഉയരുന്നുണ്ട്.

കെ പി സി സി പ്രസിഡന്റ് കെ സുധാരനാണ് പി വി അൻവറിനെ മുന്നണിക്കൊപ്പം കൂട്ടണമെന്ന നിലപാട് സ്വീകരിക്കുന്നവരില്‍ പ്രമുഖൻ. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എ ഗ്രൂപ്പിനും അൻവറിനെ മുന്നണിയിലെടുക്കുന്നതിനോട് അത്ര യോജിപ്പില്ല. ഇടത് മുന്നണിയുടെ ഭാഗമായി നില്‍ക്കെ പി വി അൻവർ ഉയർത്തിയ ആരോപണങ്ങളും അധിക്ഷേപങ്ങളും അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. രാഹുല്‍ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന വിവാദപ്രസ്താവന അൻവറില്‍നിന്നുണ്ടായി. സതീശനെതിരേ നൂറുകോടിയുടെ അഴിമതിയാരോപണവും അൻവർ നിയമസഭയില്‍ ഉന്നയിച്ചിരുന്നു.

ഇത്രയും കടുത്ത ആരോപണം ഉന്നയിച്ചയാളെ എന്തിനാണ് യു.ഡി.എഫിലേക്ക് സ്വാഗതംചെയ്യുന്നതെന്ന് കണ്‍വീനർ എം.എം. ഹസൻ ചോദിച്ചു. കോണ്‍ഗ്രസിന്റെ മുൻ സ്ഥാനാർഥിയെ അടർത്തിമാറ്റി ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ അൻവർ മത്സരിപ്പിച്ചതും അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെ എതിർക്കുന്നവർ ആയുധമാക്കുന്നുണ്ട്.

കോണ്‍ഗ്രസിലായിരുന്നകാലത്ത് അൻവർ കെ. സുധാകരന്റെ അനുയായിയായിരുന്നു. സുധാകരൻ വനംമന്ത്രിയായിരിക്കെ അൻവർ അടുത്ത് പ്രവർത്തിക്കുകയും ചെയ്തിരുന്നു. മലപ്പുറത്ത് ആര്യാടൻ മുഹമ്മദ് പ്രതാപശാലിയായിനിന്നിരുന്ന അക്കാലത്ത് അൻവറിന് കോണ്‍ഗ്രസിലുള്ള ആശ്രയം സുധാകരനായിരുന്നു. പിന്നീട് ഇടതു സഹയാത്രികനായെങ്കിലും സുധാകരനുമായി സൗഹൃദബന്ധം അദ്ദേഹം സൂക്ഷിച്ചുപോരുന്നു.

മുസ്ലിംലീഗ് വഴി കോണ്‍ഗ്രസിലെ എതിർപ്പ് മറികടക്കാമെന്നാണ് അൻവറിന്റെ പ്രതീക്ഷ. മുന്നണിയില്‍ ഘടകകക്ഷിയായി നിലമ്ബൂർ സീറ്റ് ഉറപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. എ ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റാണിത്. മലപ്പുറത്തെ 16 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് നാലില്‍ മാത്രമാണ്. അത് വിട്ടുനല്‍കാൻ കോണ്‍ഗ്രസ് തയ്യാറല്ല. നിലമ്ബൂർ സീറ്റ് ആര്യാടൻ ഷൗക്കത്തിനായി നേതൃത്വം നോക്കിവെച്ചിരിക്കുന്നതുമാണ്. കഴിഞ്ഞപ്രാവശ്യം 2700 വോട്ടുകള്‍ക്ക് മാത്രമായിരുന്നു നിലമ്ബൂരില്‍ അൻവറിന്റെ ജയം. ഈ ഭൂരിപക്ഷം മറികടക്കാവുന്നതാണെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അൻവർ യു.ഡി.എഫിലേക്കെന്ന സൂചന വന്നപ്പോള്‍ത്തന്നെ ആര്യാടൻ ഷൗക്കത്ത് അതിനെതിരേ രംഗത്തുവന്നിട്ടുമുണ്ട്.

അതേസമയം, ഭരണം പിടിക്കാൻ ആരെയൊക്കെ ഒപ്പം കൂട്ടാമോ അവരെയെല്ലാം ഒപ്പം കൂട്ടണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. പി വി അൻവറിനെയും ആ അർത്ഥത്തില്‍ സഹകരിപ്പിക്കണമെന്നും രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. ഈ അഭിപ്രായം കോണ്‍ഗ്രസും യുഡിഎഫും പൊതുനിലപാടായി സ്വീകരിച്ചാല്‍ മാത്രമേ പി വി അൻവറിന്റെ യുഡിഎഫ് പ്രവേശം സാധ്യമാകൂ. അങ്ങനെ വന്നാല്‍ അൻവറിന് സീറ്റ് നല്‍കാനായി കോണ്‍ഗ്രസോ, ലീഗോ വിട്ടുവീഴ്ചചെയ്യേണ്ടിവരും.

Facebook Comments Box

By admin

Related Post