Mon. Feb 17th, 2025

സഭാ നേതൃത്വത്തിനെതിരെയുള്ള പ്രതിക്ഷേധ സൂചകമായി അൽമായരുടെ സമാന്തര സിനഡ് .

By admin Jan 11, 2025 #news #Syro Malabar Sabha
Keralanewz.com

എറണാകുളം: സഭാ സമൂഹം നേരിടുന്ന വിവിധ സാമൂഹിക, സാമുദായിക ആരാധനാ ക്രമ പ്രശ്നങ്ങളിൽ സീറോമലബാർ സഭാ നേതൃത്വത്വം പുലർത്തുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് വിവിധ സിറോ മലബാർ രൂപതകളിലെ വിശ്വാസികളുടെ നേതൃത്വത്തിൽ മെത്രാൻ സിനഡിന് സമാന്തരമായി “അൽമായ സിനഡ് ” നടത്തുന്നു.

കത്തോലിക്കാ സഭയിൽ മാർപാപ്പയുടെ ആത്മീയ അധികാരത്തിന് കീഴിൽ നിലനിൽക്കുന്ന ലോകമെമ്പാടുമുള്ള ഇരുപത്തിനാല് റീത്തുകളിൽ തന്നെ വിശ്വാസികളുടെ എണ്ണത്തിൽ മൂന്നാമതാണ് സിറോ മലബാർ സഭയുടെ സ്ഥാനം. ഇതിൽ തന്നെ ദൈവവിളികൾ കൊണ്ടും വിശ്വാസികളുടെ പങ്കാളിത്തം കൊണ്ടും സിറോ മലബാർ റീത്ത് ഏറെ മുൻപന്തിയിലാണ്.
ആളും അർഥവും എന്നതുപോലെ തന്നെ ആവശ്യമായ സംവിധാനങ്ങളും ഉണ്ടായിട്ടും തങ്ങളിൽ ഭരമേൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ മറന്ന് സുഖലോലുപതയിൽ മുഴുകിയിരിക്കുന്ന മെത്രാന്മാർ വിശ്വാസികൾക്ക് ബാധ്യതയായി മാറിയിരിക്കുകയാണെന്നതാണ് സാധാരണ വിശ്വാസികളുടെ ആക്ഷേപം. പുരോഹിതരോ, സന്യസ്തരോ അല്ലാത്ത സാധാരണ വിശ്വാസികളെ ശ്രവിക്കുന്നതിനോ അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനോ സഭാ നേതൃത്വം ഒരു ചെറുവിരൽ പോലും അനക്കുന്നില്ല . പതിവ് ചർച്ചാ വിഷയങ്ങളും പത്രക്കുറിപ്പുകളുമായി ഓരോ മെത്രാൻ സിനഡും അവസാനിക്കുന്നു.

അൽമായരുടെ വിവിധ സാമുദായിക വിഷയങ്ങളിൽ യാതൊരു തരത്തിലും ചർച്ചകൾ നടക്കുകയോ, സമുദായ നേതാക്കൾ എന്ന നിലയിൽ വേണ്ട നടപടികൾ എടുക്കുകയോ ചെയ്യാതെ ക്രിത്യവിലോപം കാണിക്കുന്നതിലും , അൽമായരുടെ ഇടയിൽ പ്രതിഷേധം ശക്തമാണ്. വിശ്വാസികളുടെ ചിലവിൽ സുഖജീവിതം നയിക്കുക മാത്രമാണ് നിലവിൽ സിറോമലബാർ നേതൃത്വം ചെയ്യുന്നത്.
കാസപോലെയുള്ള ക്രൈസ്തവരുടെ സ്വകാര്യ സംഘടനകൾ പല സാമുദായിക പ്രശ്നങ്ങളും ചർച്ചയ്ക്ക് വിധേയമാക്കുമ്പോൾ അവയൊന്നും മാനിക്കാത്ത നിലപാടാണ് സഭാ നേതൃത്വത്തിനുള്ളതെന്നും വിശ്വാസികൾ ആരോപിക്കുന്നു.

ഇതുകൂടാതെ, നാളുകളായി കത്തോലിക്കാ സഭയെതന്നെ മുൾമുനയിൽ നിർത്തുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത പക്ഷത്തിനെതിരെ നടപടികൾ സ്വീകരിക്കാതെ സമവായവും, രഹസ്യപിന്തുണയും നൽകി മാർപാപ്പയുടെ നിർദ്ദേശങ്ങളെ പോലും സിനഡ് മെത്രന്മാർ തന്നെ അട്ടിമറിക്കുന്നു.

ഇത്തരം കാര്യങ്ങൾക്കെതിരെയുള്ള പ്രതിക്ഷേധമായിട്ടാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം ആദ്യമായി വിശ്വാസികൾ പലരും സംഘടിച്ച് മെത്രാന്മാരുടെ യോഗത്തിന് ബദലായി സമാന്തരമായി സിനഡ് യോഗം സംഘടിപ്പിച്ച് സഭയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നത്.

സീറോമലബാർ സഭയുടെ മെത്രാൻ സംഘം 2025 ജനുവരി 6 മുതൽ 11 ആം തിയതി വരെ സഭാസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ സിനഡ് യോഗം കൂടുന്നതിന് സമാന്തരമായി രണ്ടാമത് അൽമായ സമാന്തര സിനഡ് അതേ ദിവസങ്ങളിൽ കൂടുകയായിരുന്നു .
കഴിഞ്ഞ ആറ് മാസത്തെ മെത്രാന്മാരുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തലും, സഭയും സമുദായവും നേരിടുന്ന ആനുകാലിക പ്രശ്നങ്ങളും , കാലഹരണപ്പെട്ട അൽമായ പുരോഹിത സങ്കൽപ്പങ്ങളും, എറണാകുളം – അങ്കമാലി അതിരൂപതയിലെ അരാജകത്വവും അതിനുള്ള സഭാപരമായ പരിഹാര മാർഗങ്ങളുമൊക്കെ സിനഡിൽ ചർച്ചയായി.
മെത്രാൻ സിനഡിന്റെ നിഷ്ക്രിയത്വത്തെ ചോദ്യം ചെയ്തുകൊണ്ട് വിശ്വാസികൾ മുന്നോട്ട് വരുന്നതും, തങ്ങൾക്ക് ഇതുവരെ ചർച്ച ചെയ്യാൻ കഴിയാഞ്ഞ സമുദായത്തിലെ സാധാരണ വിശ്വാസികളുടെ അടിസ്ഥാന വിഷയങ്ങളക്കം പരസ്യമായി ചർച്ച ചെയ്യുപ്പെടുന്നതും സീറോമലബാർ മെത്രാന്മാർക്ക് തന്നെ നാണക്കേടാണെന്ന കാര്യത്തിൽ സംശയമില്ല.

Facebook Comments Box

By admin

Related Post