CRIMEKerala News

ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് ബോചെയുടെ അഭിഭാഷകൻ; ‘എന്തും വിലയ്ക്ക് വാങ്ങാമെന്ന് കരുതരുത്’ എന്ന് കോടതിയുടെ താക്കീത്

Keralanewz.com

കൊച്ചി: ജാമ്യം നല്‍കിയിട്ടും ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങാൻ വൈകിയ സംഭവത്തില്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച്ബോബിയുടെ അഭിഭാഷകൻ.
വിഷയത്തില്‍ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് അഭിഭാഷകൻ മാപ്പ് ചോദിച്ചത്. കേസില്‍ ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ഇന്നലെ പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി വേണമെന്നായിരുന്നു ഹൈക്കോടതിയുടെ ആവശ്യം. എന്തും വില കൊടുത്ത് വാങ്ങാൻ കഴിയുമെന്ന് കരുതരുതെന്നും കോടതി താക്കീത് നൽകി. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.

ഇതോടെയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി അഭിഭാഷകൻ മാപ്പ് പറഞ്ഞത്. സാങ്കേതിക കാരണങ്ങളാലാണ് ബോബി ചെമ്മണ്ണൂരിന്റെ മോചനം വൈകിയത് എന്നായിരുന്നു അഭിഭാഷകൻ നേരത്തെ സ്വീകരിച്ച നിലപാട്. മാധ്യമങ്ങളോട് ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് ജാമ്യ ഉത്തരവ് കിട്ടിയതെന്നും ട്രാഫിക് ബ്ലോക്ക് കാരണം എത്താനായില്ലെന്നും അഭിഭാഷകൻ വിശദീകരിച്ചിരുന്നു.

എന്നാല്‍ കോടതി ഈ വാദം ഉള്‍ക്കൊള്ളാൻ തയ്യാറായില്ല. ജാമ്യത്തിന് ശേഷം നടന്നതൊക്കെ അറിയാമെന്നായിരുന്നു കോടതിയുടെ മറുപടി. ബോബി ചെമ്മണ്ണൂർ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞ കോടതി അദ്ദേഹം നിയമത്തിനു മുകളിലാണോ എന്ന ചോദ്യവും ഉന്നയിച്ചു. കഴിഞ്ഞ ദിവസത്തെ ബോബി ചെമ്മണ്ണൂരിന്റെ ജയിലിലെ പെരുമാറ്റം ഉള്‍പ്പെടെ കോടതി കൃത്യമായി നിരീക്ഷിച്ചു എന്ന് വേണം കരുതാൻ.

ബോബി ചെമ്മണൂർ ജയിലില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം മാപ്പ് പറയുക ആണോ ചെയ്‌തത് എന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതോ റിമാൻഡ് പ്രതികള്‍ക്ക് വേണ്ടി ആണ് താൻ അകത്ത് തുടർന്നത് എന്ന് പറഞ്ഞോ എന്നും പരിശോധിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബോബിയുടെ കുരുക്ക് മുറുകുന്നുവെന്നാണ് ഹൈക്കോടതിയുടെ നിലപാടില്‍ നിന്ന് വ്യക്തമാവുന്നത്.

വിവിധ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പണം കൊടുക്കാൻ കഴിയാതെ പുറത്തിറങ്ങാനാവാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ബോബി കഴിഞ്ഞ ദിവസം ജയില്‍ മോചിതനാകാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതോടെയാണ് ഇന്ന് രാവിലെ തന്നെ ഹൈക്കോടതി ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിച്ചത്. ഇതോടെ പത്ത് മിനിറ്റിനുള്ളില്‍ ബോബി ജയില്‍ മോചിതനാവുകയും ചെയ്‌തു.

ഇതിന് പിന്നാലെ ഹൈക്കോടതി ആദ്യ കേസായി ഇത് പരിഗണിക്കുകയും ചെയ്‌തു. കോടതിയെ മുന്നില്‍ നിർത്തി കളിക്കാൻ ശ്രമിക്കരുതെന്നായിരുന്നു ജസ്‌റ്റിസ്‌ കുഞ്ഞികൃഷ്‌ണൻ മുന്നറിയിപ്പ് നല്‍കിയത്. കഥമെനയാൻ ശ്രമിക്കുകയാണോ. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമിക്കുന്നതെന്ന് ചോദിച്ച കോടതി ബോബിയെ അറസ്റ്റ് ചെയ്യാൻ പോലും ഉത്തരവിടാൻ കഴിയുമെന്നും പറഞ്ഞിരുന്നു.

Facebook Comments Box