National News

ഭാര്യയുടെ വിവാഹേതര ബന്ധത്തിലെ കുട്ടിയുടെ നിയമപരമായ പിതാവ് ഭര്‍ത്താവ് തന്നെ ‘സുപ്രീം കോടതിയുടെ നിർണ്ണായക വിധി

Keralanewz.com

ന്യൂഡൽഹി : ഭാര്യയുടെ വിവാഹേതരബന്ധത്തിലുണ്ടായ കുട്ടിയുടെ നിയമപരമായ പിതാവ് ഭര്‍ത്താവായിരിക്കുമെന്ന് സുപ്രീം കോടതി.

ഒരു കുട്ടിയുടെ പിതൃത്വവും നിയമസാധുതയും തമ്മിലുള്ള വിഷയത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ണായകമായ ഈ ഉത്തരവിറക്കിയത്.

വിവാഹബന്ധം നിലനില്‍ക്കുകയും പങ്കാളികള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടിയുടെ ജീവശാസ്ത്രപരമായ രക്ഷിതാവല്ലെങ്കില്‍ കൂടിയും ഭര്‍ത്താവ് നിയമപരമായ പിതാവായി തുടരുമെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.

കൊച്ചി സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിർണ്ണായകമായ ഈ ഉത്തരവ്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭൂയന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യുകെ, യുഎസ്, മലേഷ്യ എന്നീ രാജ്യങ്ങളിലെ കുടുംബ നിയമത്തിലെ വ്യവസ്ഥകള്‍ പരിശോധിച്ചാണ് കോടതി ഉത്തരവിട്ടത്. ഇന്ത്യന്‍ എവിഡന്‍സ് നിയമത്തിലെ 112ാം സെക്ഷന്‍ പ്രകാരം ഭാര്യയുമൊത്തുള്ള ദാമ്ബത്യ ജീവിതത്തിനിടയില്‍ അവര്‍ പ്രസവിക്കുന്ന കുട്ടിയുടെ പിതാവ് ഭര്‍ത്താവായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് വിധി പുറപ്പെടുവിക്കവെ ജസ്റ്റിസ് കാന്ത് പറഞ്ഞു.

നിയമസാധുതയുടെ നിര്‍ണായകമായ തെളിവ് പിതൃത്വത്തിന് തുല്യമാണെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നതായും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു കുട്ടിയുടെ രക്ഷാകര്‍ത്വത്തെക്കുറിച്ചുള്ള അനാവശ്യമായ അന്വേഷണം തടയുക എന്നതാണ് ഈ തത്വത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാര്യയുടെ അടുത്തേക്ക് ‘പ്രവേശനമില്ലായ്മ’ ഇല്ലായിരുന്നുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ ഇത് നിലനില്‍ക്കുകയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്ന സമയത്ത് ഭാര്യയുടെ അടുത്ത് പോകാന്‍ തനിക്ക് അനുവാദമില്ലായിരുന്നുവെന്ന് തെളിയിക്കാന്‍ കഴിയുമ്ബോള്‍ മാത്രമെ ഭര്‍ത്താവിന് കുട്ടിയുടെ നിയമസാധുതയെ ചോദ്യം ചെയ്യാന്‍ കഴിയുള്ളൂവെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.

പ്രവേശനമില്ലായ്മ എന്നാല്‍ പങ്കാളികള്‍ക്ക് പരസ്പരം ദാമ്ബത്യബന്ധം പുലര്‍ത്താനുള്ള കഴിവില്ലായ്മ എന്നത് മാത്രമല്ല മറിച്ച്‌ സാധ്യത ഇല്ലെന്നുള്ളത് കൂടിയാണ്. എന്നാല്‍, കുട്ടിയുടെ പിതൃത്വം സംബന്ധിച്ച്‌ നിയമസാധുത തേടണമെങ്കില്‍ അവര്‍ ഗര്‍ഭം ധരിക്കുന്ന സമയത്ത് ഭാര്യയുടെ അടുത്തുപോകാന്‍ അനുവാദമില്ലായിരുന്നുവെന്ന് തെളിവുകള്‍ ഉപയോഗിച്ച്‌ തെളിയിക്കണമെന്നും കോടതി പറഞ്ഞു.

വിവാഹിതയായിരിക്കേ തന്നെ ഭര്‍ത്താവല്ലാത്ത ഒരാളില്‍ നിന്ന് താൻ ഗര്‍ഭം ധരിച്ചതായി ഹര്‍ജിക്കാരിലൊരാളായ സ്ത്രീ കോടതിയെ അറിയിച്ചു. 1991ല്‍ ഇവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 2001ല്‍ അവര്‍ക്ക് ഒരു ആണ്‍കുട്ടിയും ജനിച്ചു. ഈ ആണ്‍കുട്ടിയുടെ അച്ഛന്‍ ഭര്‍ത്താവല്ലെന്നും മറ്റൊരാളാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്റെ ജനന രജിസ്റ്ററില്‍ ഭര്‍ത്താവിന്റെ പേരാണ് ആണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് ശേഷം അവര്‍ വിവാഹമോചനം നേടുകയും കുട്ടിയുടെ പിതാവിന്റെ പേര് ജന്മം നല്‍കിയ അച്ഛന്റേതാക്കി മാറ്റണമെന്നാവശ്യപ്പെട്ട് മുനിസിപ്പാലിറ്റിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍, ഈ ആവശ്യം മുനിസിപ്പാലിറ്റി നിരാകരിക്കുകയും കോടതി ഉത്തരവിലൂടെ മാത്രമെ ഇത് സാധ്യമാക്കൂ എന്ന് അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ തന്റെ ഭര്‍ത്താവല്ലെന്ന് അവര്‍ കോടതിയില്‍ അവകാശപ്പെട്ടു. എന്നാല്‍ ഇത് കുട്ടിയുടെ അച്ഛനെന്ന് യുവതി അവകാശപ്പെട്ടയാള്‍ നിഷേധിക്കുകയും സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. ഇയാളില്‍ നിന്ന് സ്ത്രീ തനിക്കും കുട്ടിക്കും ജീവനാംശം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഹര്‍ജി സമര്‍പ്പിച്ച കോടതി ഇയാളോട് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടു. ഇതിനെതിരേയാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ പുരുഷനെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് കുട്ടിയുടെ അച്ഛനെന്ന് യുവതി അവകാശപ്പെട്ടയാള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ റോമി ചാക്കോ വാദിച്ചു. ഒരു വ്യക്തിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കുന്നത് അയാളുടെ സ്വകാര്യ ജീവിതത്തെ പൊതു ഇടത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അത് അയാളുടെ സ്വകാര്യതയ്ക്കും അന്തസ്സിനും ഹാനികരമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വകാര്യതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ സുപ്രീം കോടതി പുരുഷന്റെ അപ്പീല്‍ അനുവദിച്ച്‌ അയാള്‍ക്ക് അനുകൂലമായി വിധിച്ചു. ഡിഎന്‍എ പരിശോധനയ്ക്കുള്ള ഉത്തരവ് റദ്ദാക്കി.

”പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമ്ബോള്‍ അതില്‍ ഉള്‍പ്പെട്ടിരിക്കുന്നയാളുകളുടെ താത്പര്യം കോടതി പരിശോധിക്കണം. ഡിഎന്‍എ പരിശോധന നടത്താതെ തന്നെ സത്യത്തില്‍ എത്തിച്ചേരാന്‍ കഴിയുമോ എന്ന കാര്യം പരിഗണിക്കണം. നിയമസാധുത പരിശോധിക്കുന്നതിന് കോടതികള്‍ നിലവിലുള്ള തെളിവുകള്‍ പരിഗണിക്കണം. ഒരു നിഗമനത്തിലെത്താന്‍ ആ തെളിവുകള്‍ പര്യാപ്തമല്ലെങ്കില്‍ മാത്രമെ ഡിഎന്‍എ പരിശോധന നടത്താൻ ഉത്തരവിടുന്നത് കോടതി പരിഗണിക്കാവൂ. ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടുന്നത് ഉള്‍പ്പെട്ട കക്ഷികളുടെ താത്പര്യമനുസരിച്ചാണോയെന്ന് കൂടി കോടതി പരിഗണിക്കണം. കൂടാതെ, ആ കക്ഷികള്‍ക്ക് അനാവശ്യമായ ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം,” വിധിന്യായത്തില്‍ സുപ്രീം കോടതി പറഞ്ഞു.

Facebook Comments Box