ഹമാസിനെ അനുകൂലിക്കുന്നവര്‍ അമേരിക്കയില്‍ പഠിക്കേണ്ട ; വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാൻ ഉത്തരവിട്ട് ട്രംപ്
വാഷിംഗ്ടണ്‍ : യുഎസിലെ കാമ്ബസുകളിലുള്ള ‘ഹമാസ് അനുഭാവികള്‍’ എന്ന് കരുതപ്പെടുന്ന വ്യക്തികളുടെ വിദ്യാർത്ഥി വിസ റദ്ദാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവുമായി പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.
പലസ്തീൻ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്ത അമേരിക്കൻ പൗരന്മാരല്ലാത്ത കോളേജ് വിദ്യാർത്ഥികളെയും മറ്റ് താമസക്കാരായ വിദേശികളെയും നാടുകടത്തുമെന്നാണ് ട്രംപിന്റെ പുതിയ ഉത്തരവില്‍ പറയുന്നത്.
അമേരിക്കൻ ജൂതന്മാർക്കെതിരായ തീവ്രവാദ ഭീഷണികള്‍, തീവെപ്പ്, നശീകരണ പ്രവർത്തനങ്ങള്‍, അക്രമം എന്നിവക്കെതിരായി കർശന നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ജൂതന്മാർക്കെതിരായി ആക്രമണങ്ങള്‍ നടത്തുന്നവരെ ആക്രമണാത്മകമായി വിചാരണ ചെയ്യാൻ ട്രംപ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റിനോട് ഉത്തരവിടും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
‘ജിഹാദിസ്റ്റ് അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാ വിദേശികളോടുമായി അറിയിക്കുന്നു. 2025 ല്‍ ഞങ്ങള്‍ നിങ്ങളെ കണ്ടെത്തും, ഞങ്ങള്‍ നിങ്ങളെ നാടുകടത്തും. മുമ്ബെങ്ങുമില്ലാത്തവിധം തീവ്രത നിറഞ്ഞ കോളേജ് കാമ്ബസുകളിലെ എല്ലാ ഹമാസ് അനുഭാവികളുടെയും വിദ്യാർത്ഥി വിസകളും ഞാൻ വേഗത്തില്‍ റദ്ദാക്കും.’ എന്നാണ് ട്രംപ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവിനെ കുറിച്ച് പറഞ്ഞത്.