സി.എസ്.ആര്‍ ഫണ്ട് തട്ടിപ്പ്:പകുതി വിലക്ക് സ്കൂട്ടർ, ജില്ലയില്‍ പരാതി പ്രളയം,നടന്നത് കോടികളുടെ തട്ടിപ്പ്, നാണക്കേടില്‍ പരാതി നല്‍കാതെ നിരവധി പേര്‍
തൊടുപുഴ: വൻകിട കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഇരുചക്ര വാഹനങ്ങളും മറ്റും പകുതി വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ ഇടുക്കി ജില്ലയില്‍ പരാതികളുടെ പ്രളയം.
സീഡ് സൊസൈറ്റികള്‍ മുഖേന കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ കോളപ്ര ചക്കളത്തുകാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര അനന്തു കൃഷ്ണനെ (28) കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ജില്ലയില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പിനിരയായവർ കൂട്ടമായി പരാതികളുമായി എത്തിയത്. ഇന്നലെ തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ മാത്രം നാല്പതോളം പേർ പരാതിയുമായെത്തി. ഇതില്‍ ഒരു പരാതിയില്‍ എഫ്.ഐ.ആർ രജിസ്ട്രർ ചെയ്തു. കാഞ്ഞാർ പൊലീസ് സ്റ്റേഷനിലും മുപ്പതോളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. നെടുങ്കണ്ടം മേഖലയിലാണ് ഏറ്റവും കൂടുതല്‍ പേർ തട്ടിപ്പിനിരയയിരിക്കുന്നത്. ഇവിടെ ഇതിനകം അമ്പതിലേറെ പേർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അടിമാലിയിലും നിരവധി പേർ പരാതി നല്‍കി. ഭൂരിഭാഗം പരാതികളും സമാനമാണ്. അറസ്റ്റിലായ അനന്തു കൃഷ്ണനെതിരെയാണ് ഒട്ടുമിക്ക പരാതികളും.
ജില്ലയിലെമ്പാടുമായി ആയിരക്കണക്കിന് പേരാണ് തട്ടിപ്പിനിരയായത്. കൃത്യമായ കണക്ക് പൊലീസിനും തിട്ടമില്ല. പണം നഷ്ടമായവരിലേറെയും സ്ത്രീകളും കർഷകരും സാധാരണക്കാരുമാണ്. തട്ടിപ്പിനിരയായ സ്ത്രീകളടക്കമുള്ള പലരും മാനക്കേട് കാരണം പൊലീസില്‍ പരാതി നല്‍കാൻ മടിക്കുന്നുണ്ട്. നാഷനല്‍ എൻ.ജി.ഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷനല്‍ കോ- ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്ബനികളുടെ സി.എസ്.ആർ ഫണ്ട് കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടൻസികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സി.എസ്.ആർ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. കൂടുതല്‍പേർ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ പണം തിരികെ കിട്ടാനുള്ള സാദ്ധ്യത അടയുമെന്ന മുന്നറിയിപ്പുമായി പൊലീസ് സ്റ്റേഷനില്‍ നിന്ന് അനന്തു കൃഷ്ണന്റെ ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
തട്ടിപ്പ് ഇങ്ങനെ
വലിയ കമ്ബനികളുടെ സാമൂഹ്യ സുരക്ഷാനിധി (സി.എസ്.ആർഫണ്ട്) ഉപയോഗിച്ച് ഇരുചക്ര വാഹനം, കാർഷിക ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ നല്‍കുന്ന പദ്ധതിയാണ് നടപ്പിലാക്കിയത്. പദ്ധതിയില്‍ ഗുണഭോക്താക്കളാകണമെങ്കില്‍ ആദ്യം 300 രൂപ അടച്ച് സീഡ് സൊസൈറ്റിയില്‍ അംഗത്വം എടുക്കണമായിരുന്നു. ഇത്തരത്തില്‍ അംഗത്വമെടുത്ത് അപേക്ഷയോടൊപ്പം ഏതാണോ ആവശ്യം അതിന്റെ പകുതി തുക അടക്കണം. ഇത്തരത്തില്‍ ഇരുചക്ര വാഹനം, കാർഷികോപകരണം, ഗൃഹോപകരണം എന്നിവയ്ക്കായി പണമടച്ചവരാണ് തട്ടിപ്പിന് ഇരയായത്. ഓരോ പഞ്ചായത്തിലും, വാർഡുകള്‍ കേന്ദ്രീകരിച്ചും പ്രൊമോട്ടർമാരാണ് തുക സമാഹരിച്ചത്. പഞ്ചായത്തംഗങ്ങള്‍, മുൻ പഞ്ചായത്ത് അംഗങ്ങള്‍ മുതല്‍ സർക്കാർ ജീവനക്കാരും രാഷ്ട്രീയ നേതാക്കളും വരെ ഭാഗമായി. ഒരു സ്‌കൂട്ടറിന് ഒരാളില്‍ നിന്ന് 50,000 മുതല്‍ 60,000 രൂപ വരെയാണ് വാങ്ങിയത്. ഈ തുക മുഴുവൻ അനന്തു കൃഷ്ണന്റെ പേരിലുള്ള സ്വകാര്യ കമ്ബനികളുടെ അക്കൗണ്ടിലേക്കാണ് ഇട്ടതെന്നാണ് തുക വാങ്ങിയ പ്രൊമോട്ടർമാർ പറയുന്നത്. ആദ്യമെല്ലാം നിശ്ചിത സമയത്തിനുള്ളില്‍ പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങളും മറ്റും വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ വിശ്വസിച്ചാണ് പലരും പണം നല്‍കിയത്.