CRIMEKerala News

‘കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചുകൂടേ’; മരിച്ചതിന് തലേന്ന് ഷൈനിയെ വിളിച്ച്‌ നോബി അധിക്ഷേപിച്ചെന്ന് കുടുംബം; നേരിട്ടത് ക്രൂരപീഡനം

Keralanewz.com

കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിനിന് മുന്നില്‍ യുവതിയും രണ്ട് പെണ്‍മക്കളും ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച ഷൈനിയുടെ കുടുംബം.

കല്യാണം കഴിഞ്ഞനാള്‍ മുതല്‍ ഷൈനി ഭർതൃവീട്ടില്‍ പീഡനം നേരിട്ടിരുന്നതായി പിതാവ് കുര്യാക്കോസും അമ്മ മോളിയും മാധ്യമങ്ങളോട് പറഞ്ഞു.

പീഡനവിവരം മകള്‍ വീട്ടില്‍ അറിയിച്ചിരുന്നു. ബന്ധുക്കളുടെ മുന്നില്‍വെച്ച്‌ ഷൈനിയെ ഭർത്താവ് നോബി മർദിക്കുകയും വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഇതോടെയാണ് മകളെയും കുട്ടികളെയും തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ഭർത്താവിന്‍റെ വീട്ടില്‍ ഷൈനിക്ക് വേലക്കാരിയുടെ സ്ഥാനമായിരുന്നു. വീട്ടില്‍ ബാക്കി എല്ലാവരും ഒന്നായിരുന്നു. മറ്റാരെങ്കിലും ഉപദ്രവിച്ചോയെന്നറിയില്ല. വിവാഹമോചന നോട്ടീസ്പോലും കൈപ്പറ്റാൻ നോബി തയാറായില്ല.

മരിച്ചതിന് തലേന്ന് നോബി ഷൈനിയെ ഫോണില്‍ വിളിച്ച്‌ ‘കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചുകൂടേയെന്ന്’ ചോദിച്ചതായും കുര്യാക്കോസ് ആരോപിച്ചു. ജോലി കിട്ടാത്തതില്‍ മകള്‍ക്ക് സങ്കടമുണ്ടായിരുന്നു. 12 ആശുപത്രിയില്‍ ജോലി അന്വേഷിച്ചു, കിട്ടിയില്ല. ഇതും കുട്ടികളുടെ കാര്യങ്ങള്‍, വിവാഹമോചനം എല്ലാം ഷൈനിയെ അലട്ടിയിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ട്രെയിനിന് മുന്നില്‍ ചാടിയാണ് പാറോലിക്കല്‍ 101കവലക്ക് സമീപം വടകരയില്‍ ഷൈനി കുര്യന്‍(41), മക്കളായ അലീന(11), ഇവാന (10) എന്നിവർ മരിച്ചത്. ഭർത്താവ് നോബി ലൂക്കോസ് അറസ്റ്റിലായിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ അറസ്റ്റ് ചെയ്തത്. നോബിക്കെതിരെ ഗാർഹികപീഡനം അടക്കം വകുപ്പുകള്‍കൂടി ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.

മരിച്ചതിന് മണിക്കൂറുകള്‍ക്കുമുമ്ബ് മദ്യലഹരിയില്‍ നോബി ഫോണില്‍ ഷൈനിയെ വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജോലിക്ക് ഇറാഖിലേക്ക് പോകാനായി വിമാനത്താവളത്തില്‍ ഇരിക്കുമ്ബോള്‍ പുലർെച്ച ഒരു മണിക്കാണ് ഷൈനിയെ വിളിച്ചത്. അന്ന് പുലർെച്ച 5.25നാണ് ഷൈനിയും മക്കളും ജീവനൊടുക്കിയത്. വിവാഹമോചനക്കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ ചെലവിനുള്ള പണം നല്‍കില്ലെന്നും ഇയാള്‍ ഷൈനിയെ അറിയിച്ചതായാണ് പൊലീസിന് ലഭിച്ച സൂചന. ഇതോടെയാണ് കുട്ടികളുമായി ജീവിതം അവസാനിപ്പിക്കാൻ ഷൈനി തീരുമാനിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ഭാര്യയെ ഫോണ്‍ വിളിച്ച കാര്യങ്ങള്‍ ചോദ്യം ചെയ്യലില്‍ നോബി സമ്മതിച്ചിട്ടുണ്ട്. വാട്സ്‌ആപ് സന്ദേശങ്ങളും അയച്ചിരുന്നു. ഇത് പിന്നീട് ഡിലീറ്റ് ചെയ്തു. ഈ സന്ദേശങ്ങള്‍ വീണ്ടെടുക്കാനായി നോബിയുടെയും ഷൈനിയുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്.

അതിനിടെ, ഷൈനിയും മക്കളും റെയില്‍പാളത്തിലേക്ക് പോകുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ഫെബ്രുവരി 28ന് പുലർെച്ച 4.44ന് വീട്ടില്‍നിന്നിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതിനിടെ, ഷൈനിക്ക് ജോലി ലഭിക്കാതിരിക്കാൻ നോബിയുടെ അടുത്ത ബന്ധുവായ വൈദികൻ ശ്രമിച്ചതായ ആരോപണങ്ങളുമുയർന്നിരുന്നു.

Facebook Comments Box