Kerala NewsPolitics

പിണറായിക്ക് പിൻഗാമി കെ കെ ശൈലജയോ?മുഖ്യമന്ത്രിക്ക് ശേഷം കെ കെ ശൈലജ പ്രസംഗിച്ചത് മാറ്റത്തിന്റെ സൂചനയോ?

Keralanewz.com

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. അദ്ധ്യക്ഷ പ്രസംഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍വഹിച്ചു.

പൊളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. അതിന് ശേഷം മുഖ്യമന്ത്രിയും പി ബി അംഗവുമായ പിണറായി വിജയനാണ് സംസാരിച്ചത്.

എന്നാല്‍ പിണറായി വിജയന് ശേഷം സംസാരിക്കാനായി പാര്‍ട്ടി തിരഞ്ഞെടുത്തത് പുതുതായി സംസ്ഥാന സെക്രട്ടറിയേറ്റംഗമായി കെ കെ ശൈലജയെയാണ്. പി ബി അംഗങ്ങളായ എ വിജയരാഘവനും എംഎ ബേബിയും വേദിയിലിരിക്കുമ്ബോഴായിരുന്നു അത്.

മൂന്നാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സംസ്ഥാനത്തുണ്ടാവുകയാണെങ്കില്‍ പിണറായി വിജയന്‍ തന്നെ നയിക്കുമോ അതോ മറ്റൊരാള്‍ വരുമോ എന്ന ചോദ്യം വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് ഷൈലജയുടെ പ്രസംഗിക്കാനുള്ള ഊഴം ശ്രദ്ധേയമാവുന്നത്.

സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഇത്തവണ 89 പേരാണ് ഇടംപിടിച്ചത്. ഇതില്‍ പതിനേഴ് പേര്‍ പുതുമുഖങ്ങളാണ്. കണ്ണൂരില്‍ നിന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, എം പ്രകാശന്‍ എന്നിവര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടംനേടി. ആലപ്പുഴയില്‍ നിന്ന് കെ പ്രസാദ് സംസ്ഥാന സമിതിയില്‍ ഇടംപിടിച്ചു. ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ് എംപി, എം രാജഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍ കുമാര്‍, കെ പ്രസാദ്, പി ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡി കെ മുരളി എന്നിവരാണ് 89 അംഗ സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. പി കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍, എ കെ ബാലന്‍ എന്നിവര്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായി. സൂസന്‍ കോടി, പി ഗഗാറിന്‍ എന്നിവരെ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക നടപടിയുടെ ഭാഗമായാണ് നടപടി.

Facebook Comments Box