National NewsPolitics

പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് കര്‍ണാടക ജെഡിഎസ് എംഎല്‍എ

Keralanewz.com

ബംഗളൂരു: പുരുഷന്മാർക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് കർണാടകയിലെ ജെഡിഎസ് എംഎല്‍എ. കർണാടക നിയമസഭയില്‍ എക്സൈസ് വരുമാനത്തെ കുറിച്ചുള്ള ചർച്ച പുരോഗമിക്കവെ മുതിർന്ന എംഎല്‍എയായ എം.ടി കൃഷ്ണപ്പയാണ് വിചിത്ര ആവശ്യവുമായി‌ രംഗത്തെത്തിയത്

ഒരു വർഷത്തിനുള്ളില്‍ സർക്കാർ മൂന്ന് തവണ എക്സൈസ് നികുതി വർധിപ്പിച്ചു. ഇത് ദരിദ്രരെയാണ് ബാധിക്കുന്നത്. 2025- 26ല്‍ എക്സൈസ് ലക്ഷ്യമിടുന്ന വരുമാനം 40,000 കോടി രൂപയാണ്. വീണ്ടും നികുതി വർധിപ്പിക്കാതെ ഇതെങ്ങനെ നേടും?’- തുരുവേക്കരെയെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമായ എം.ടി കൃഷ്ണപ്പ ചോദിച്ചു.

‘ആളുകള്‍ മദ്യപിക്കുന്നതില്‍ നിന്ന്, പ്രത്യേകിച്ച്‌ തൊഴിലാളി വർഗത്തെ തടയാൻ നമുക്ക് കഴിയില്ല. അവരുടെ ചെലവില്‍, നിങ്ങള്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപയും സൗജന്യ വൈദ്യുതിയും സൗജന്യ ബസ് യാത്രയും നല്‍കുന്നു. എന്തായാലും അത് ഞങ്ങളുടെ കൂടി പണമാണ്. അപ്പോള്‍, മദ്യപിക്കുന്ന പുരുഷന്മാർക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കുക. അവർ കുടിക്കട്ടെ. എല്ലാ മാസവും അവർക്കെങ്ങനെ പണം നല്‍കാനാവും?’- എംഎല്‍എ ചോദിച്ചു.

‘പുരുഷന്മാർക്ക് എന്തെങ്കിലും കൊടുക്കൂ… ആഴ്ചയില്‍ രണ്ട് കുപ്പി മദ്യമൊക്കെ കൊടുത്താല്‍ എന്താണ് കുഴപ്പം? സർക്കാരിനിത് സൊസൈറ്റികള്‍ വഴി നല്‍കാൻ കഴിയും’- കൃഷ്ണപ്പ നിർദേശിച്ചു. ഇതിന് ഭരണപക്ഷത്ത നിന്നും മറുപടിയുമായി ഊർജ മന്ത്രി കെ.ജെ ജോർജ് രംഗത്തെത്തി. ‘നിങ്ങള്‍ ആദ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കുക, എന്നിട്ട് സർക്കാർ രൂപീകരിക്കുക, തുടർന്ന് ഇത് ചെയ്യുക. ഞങ്ങള്‍ ആളുകളുടെ മദ്യപാനം കുറയ്ക്കാൻ ശ്രമിക്കുകയാണ്’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മദ്യനിരോധനമാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് എംഎല്‍എയായ ബി.ആർ പാട്ടീല്‍ ആവശ്യപ്പെട്ടു.’ഈ എക്സൈസ് വരുമാനം പാപത്തിന്റെ പണമാണ്. ദരിദ്രരില്‍ നിന്ന് ഊറ്റിയെടുത്ത രക്തമാണിത്. ഈ പണത്തിന് രാഷ്ട്രം കെട്ടിപ്പടുക്കാൻ കഴിയില്ല. ദേശീയതലത്തില്‍ മദ്യനിരോധനം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കണം’- പാട്ടീല്‍ പറഞ്ഞു. ‘രണ്ട് മണിക്കൂർ നേരത്തേക്ക് താൻ ഒരു സ്വേച്ഛാധിപതിയാണെങ്കില്‍ ആദ്യം മദ്യം നിരോധിക്കുമെന്ന് മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞിരുന്നു’- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനം മദ്യത്തെ ഇത്രയധികം ആശ്രയിക്കണമോയെന്നും ഇത് തുടർന്നാല്‍, നമ്മള്‍ എവിടേക്ക് പോകുമെന്നും ബിജെപി എംഎല്‍എയും പ്രതിപക്ഷ ഉപനേതാവുമായ അരവിന്ദ് ബെല്ലാഡ് ചോദിച്ചു. ബിഹാർ പോലുള്ള സംസ്ഥാനങ്ങള്‍ എക്സൈസ് വരുമാനമില്ലാതെ പ്രവർത്തിക്കുന്നു. ഗുജറാത്തിന്റെ വരുമാനത്തിന്റെ 0.1 ശതമാനം മാത്രമാണ് എക്സൈസ് എന്നും ബെല്ലാഡ് വാദിച്ചു.

Facebook Comments Box