പ്രോട്ടീനുകളുടെ ഉപയോഗം യുവാക്കളിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.
ന്യൂഡല്‍ഹി: ഗുണനിലവാരമില്ലാത്ത പ്രോട്ടീൻ പൗഡറുകളുടെയും സ്റ്റിറോയ്ഡുകളുടെയും ഉപയോഗം യുവാക്കളില്‍ ഗുരുതര പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കുന്നതായി എല്ലുരോഗ വിദഗ്ധർ.
ജിമ്മില്‍ വ്യായാമം ചെയ്യുന്ന 20ഉം അതിന് താഴെയും പ്രായമുള്ള യുവാക്കളില്‍ നട്ടെല്ലിനെ ബാധിക്കുന്ന ഗുരുതര രോഗങ്ങള്‍ ഗൗരവതരമായി ഉയരുന്നുവെന്നും രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച എല്ലുരോഗ വിദഗ്ധരുടെ കൂട്ടായ്മ ‘ഡല്‍ഹി ഹിപ് 360’ ചൂണ്ടിക്കാട്ടി.
രക്തപ്രവാഹം കുറയുന്നതിനെ തുടർന്ന് കലകളും തുടർന്ന് ബന്ധപ്പെട്ട അസ്ഥിയും നശിക്കുന്ന അവസ്‌കുലാർ നെക്രോസിസ് (എ.വി.എൻ) പൊതുവേ മുതിർന്നവരിലാണ് കണ്ടുവന്നിരുന്നത്. എന്നാല്‍, നിലവില്‍ ഇത് യുവാക്കളില്‍ ആശങ്കാജനകമായ രീതിയില്‍ വർധിക്കുകയാണെന്ന് സമ്മേളനം ഓർഗനൈസിങ് ചെയർമാനായ ഡോ. എല്‍.തോമർ പറഞ്ഞു. ഏതാനും വർഷങ്ങളായി നടുവേദനയടക്കം വിവിധ ലക്ഷണങ്ങളുമായി ചികിത്സക്കെത്തുന്ന യുവാക്കളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്. പരിശോധനകള്‍ക്കിടെ, 70 ശതമാനം രോഗികളും സ്റ്റിറോയ്ഡും പ്രോട്ടീൻ പൗഡറും ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്താറുണ്ടെന്നും ഡെല്‍ഹി മാക്സ് ആശുപത്രി എല്ലുവിഭാഗം തലവൻ കൂടിയായ ഡോ. തോമർ പറഞ്ഞു.
മദ്യത്തിന്‍റെയും സ്റ്റിറോയ്ഡിന്‍റെയും ഉപയോഗം യുവാക്കളില്‍ എ.വി.എൻ വർധിക്കുന്നതിന് കാരണമാകുന്നതായി അടുത്തിടെ നടന്ന പഠനങ്ങളില്‍ കണ്ടെത്തലുണ്ട്. മഹാരാഷ്ട്ര ഭക്ഷ്യ-മരുന്ന് ഗുണനിലവാര പരിശോധന വിഭാഗം അടുത്തിടെ നടത്തിയ പരിശോധനകളില്‍ പല പ്രമുഖ ബ്രാൻഡുകളുടെ പ്രോട്ടീൻ പൗഡറുകളിലും സ്റ്റിറോയ്ഡുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ പലതും മതിയായ അംഗീകാരമോ പരിശോധനകളോ ഇല്ലാതെ തന്നെ ഓണ്‍ലൈൻ ഷോപ്പിങ് സൈറ്റുകളിലും ജിമ്മുകളിലും വ്യാപകമായി വിറ്റഴിക്കപ്പെടുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വളരെ വേഗം ശരീരത്തില്‍ രൂപമാറ്റം ആഗ്രഹിച്ചെത്തുന്നവർ പലപ്പോഴും അറിയാതെ തങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുകയാണ്. സ്റ്റിറോയ്ഡടക്കമുള്ളവയുടെ ഉപയോഗം ഇടുപ്പ് സന്ധിയിലെ ഫെമോറല്‍ ഹെഡിനെ ഗുരുതരമായി ബാധിക്കുകയും രക്തപ്രവാഹത്തെ തടസപ്പെടുത്തി അസ്ഥി നിർജീവമാകുന്നതിന് കാരണമാകുകയും ചെയ്യുന്നുവെന്ന് മുതിർന്ന ഓർത്തോപീഡിക് സർജനായ ഡോ. രാജീവ് ജെയ്ൻ പറഞ്ഞു. പല എ.വി.എൻ ബാധിതരിലും ഇടുപ്പെല്ല് മാറ്റിവെക്കല്‍ മാത്രമാണ് അവസാന പോംവഴിയായി അവശേഷിക്കുക. ഡല്‍ഹിയില്‍ ചികിത്സക്കെത്തുന്ന ഇത്തരം രോഗികളില്‍ 30 ശതമാനവും 35 വയസില്‍ താഴെ പ്രായമുള്ളവരാണ്. ഇവരില്‍ ഭൂരിഭാഗവും സ്റ്റിറോയ്ഡോ ഗുണനിലവാരമില്ലാത്ത പ്രോട്ടീൻ പൗഡറോ ഉപയോഗിച്ചതായി വെളിപ്പെടുത്താറുണ്ടെന്നും സമ്മേളന ഭാരവാഹി കൂടിയായ ഡോ. ശരത് അഗർവാള്‍ പറഞ്ഞു.