ശ്യാമിലി ഇല്ലാത്ത ഓഫിസ് ചിന്തിക്കാൻ പോലും പറ്റില്ലെന്ന് സീനിയര്‍ പറഞ്ഞു; കാലുപിടിച്ചപ്പോഴാണ് മകള്‍ വീണ്ടും ജോലിക്ക് പോയത്; കുടുംബമുണ്ടെന്നും നാറ്റിക്കരുതെന്നും ബെയ്‌ലിൻ – മര്‍ദനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയില്‍ ജൂനിയർ വനിതാ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ സീനിയർ അഭിഭാഷകന്‍ ബെയ്ലിൻ ദാസ് ക്രൂരമായി മർദിച്ചതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
സി.എ പഠിക്കാൻ വേണ്ടി അഭിഭാഷക ജോലിക്ക് പോകുന്നില്ലെന്ന് മകള്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍, ബെയ്ലിൻ ദാസ് നിർബന്ധിച്ചതിനെ തുടർന്നാണ് വീണ്ടും ജോലിക്ക് പോകാൻ ശ്യാമിലി തയാറായതെന്നും മാതാവ് വസന്ത മാധ്യമങ്ങളോട് പറഞ്ഞു.
ഓഫിസ് ജോലിക്കൊപ്പം സി.എ പഠിക്കാമെന്ന് പറഞ്ഞാണ് സീനിയർ അഭിഭാഷകൻ വീണ്ടും മകളെ ഓഫിസില്‍ എത്തിച്ചത്. ശ്യാമിലിക്കേ ഓഫിസ് കാര്യങ്ങള്‍ അറിയുകയുള്ളൂവെന്നാണ് തന്നോട് ഫോണില്‍ സംസാരിച്ചപ്പോള്‍ സീനിയർ പറഞ്ഞത്. താൻ പറഞ്ഞത് കൊണ്ടാണ് വീണ്ടും മകള്‍ ഓഫിസില്‍ പോയതെന്നും വസന്ത വ്യക്തമാക്കി.
സീനിയർ അഭിഭാഷകൻ കാലുപിടിച്ച് പറഞ്ഞത് കൊണ്ടാണ് പ്രസവം കഴിഞ്ഞ് മൂന്നാം മാസത്തില്‍ തന്നെ മകള്‍ ജോലിക്ക് വീണ്ടും പോയത്. വിവാഹത്തിന് മുമ്ബ് രാവിലെ ഏഴ് മണിക്ക് ഓഫിസില്‍ പോകുന്ന ശ്യാമിലി രാത്രി ഏഴ് മണിക്കാണ് തിരികെ വീട്ടില്‍ വന്നിരുന്നത്. എന്നാല്‍, വിവാഹത്തിന് പിന്നാലെ കുട്ടി ജനിച്ചതോടെ അല്‍പസമയം താമസിച്ച് ഓഫിസില്‍ എത്തിയാല്‍ സീനിയർ അഭിഭാഷകൻ ദേഷ്യപ്പെടാറുണ്ടായിരുന്നു.
കുട്ടിക്ക് സുഖമില്ലാത്തപ്പോള്‍ ഓഫിസില്‍ വരാൻ സാധിക്കില്ലെന്നും ജോലി നിർത്തുകയാണെന്നും മകള്‍ സീനിയറിനോട് പറയുകയും ചെയ്തു. മകള്‍ വീണ്ടും ഓഫിസില്‍ എത്താനായി തന്നോടും മരുമകനോടും സീനിയർ കാലുപിടിക്കുന്ന രീതിയില്‍ സംസാരിച്ചു. ശ്യാമിലി ഇല്ലാത്ത ഓഫിസ് ചിന്തിക്കാൻ പോലും പറ്റില്ലെന്ന് തിങ്കളാഴ്ച ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞതിന് പിന്നാലെയാണ് ഓഫിസിലേക്ക് പോകാൻ മകള്‍ വീണ്ടും തയാറായത്.
മകളുടെ വിവാഹത്തിനും പേരക്കുട്ടിയുടെ നൂലുകെട്ടിനും സീനിയറും കുടുംബം വീട്ടില്‍ വന്ന് സഹകരിച്ചിരുന്നു. ഇത്രമാത്രം ക്രൂരത സീനിയറിന്‍റെ മനസില്‍ ഉണ്ടെന്ന് കരുതിയില്ല. മകള്‍ വിഡിയോ കോളില്‍ വിളിച്ചപ്പോഴാണ് ക്രൂരമായി മർദിച്ചത് കാണുന്നത്. വിവരം അറിഞ്ഞ് വഞ്ചിയൂരില്‍ എത്തിയ മരുമകന്‍റെ കാലുപിടിച്ച് സീനിയർ മാപ്പ് പറഞ്ഞു. കുടുംബമുണ്ടെന്നും നാറ്റിക്കരുതെന്നും പ്രശ്നം പരിഹരിക്കാമെന്നും ബെയ്ലിൻ ദാസ് അപേക്ഷിച്ചു. മകളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്ബോഴാണ് ബെയ്ലിൻ ദാസ് ഓഫിസില്‍ നിന്ന് കടന്നുകളഞ്ഞത്. കുറ്റം ചെയ്തയാളെ വെറുതെ വിടാൻ പാടില്ലെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും വസന്ത ആവശ്യപ്പെട്ടു.
ചൊവ്വാഴ്ചയാണ് വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മുതിർന്ന അഭിഭാഷകനായ ബെയ്ലിൻ ദാസ് ക്രൂരമായി മർദ്ദിച്ചത്. ഇതേതുടർന്ന് മുതിർന്ന അഭിഭാഷകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശ്യാമിലി ബാർ കൗണ്‍സിലില്‍ പരാതി നല്‍കി. ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം, മർദനം നടക്കുമ്ബോഴും കണ്ടുനിന്നവർ പിടിച്ചുമാറ്റാനോ അഭിഭാഷകയെ രക്ഷിക്കാനോ ശ്രമിച്ചില്ലെന്ന ആക്ഷേപമുണ്ട്. വഞ്ചിയൂർ കോടതിക്കും പൊലീസ് സ്റ്റേഷനും തൊട്ടടുത്താണ് ക്രൂരമായ രീതിയില്‍ ജൂനിയർ അഭിഭാഷകക്ക് മർദനമേറ്റത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശ്യാമിലിയുടെ സി.ടി സ്കാൻ പൂര്‍ത്തിയായപ്പോള്‍ കണ്ണിന് ഗുരുതര പരിക്കേറ്റതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അഞ്ച് മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. സീനിയർ ആയതു കൊണ്ടാണ് പരാതി നല്‍കാതിരുന്നതെന്നും ശ്യാമിലി പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച തന്നെ നിരവധി തവണ മർദിച്ചു. മൂന്നാമത്തെ അടിക്കു ശേഷം ബോധം നഷ്ടപ്പെട്ടു. കവിളില്‍ ആഞ്ഞടിക്കുകയും തറയില്‍ വീണപ്പോള്‍ അവിടെ വെച്ചും ക്രൂരമായി മർദിക്കുകയും ചെയ്തു. ജൂനിയര്‍ അഭിഭാഷകരോട് സീനിയർ വളരെ മോശമായാണ് പെരുമാറാറുള്ളതെന്ന് അഭിഭാഷക പറഞ്ഞു.
ജോലിയില്‍ നിന്ന് അകാരണമായി പറഞ്ഞുവിട്ടത് ചോദ്യം ചെയ്തപ്പോഴാണ് സീനിയര്‍ അഭിഭാഷകൻ മര്‍ദിച്ചതെന്ന് ശ്യാമിലി പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടത്. എന്നാല്‍, വെള്ളിയാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തിരിച്ചെത്തിയത്. ഇതിനുശേഷം ജോലിയില്‍ നിന്ന് പറഞ്ഞുവിടാനുണ്ടായ സാഹചര്യം പറയണമെന്ന് ചൊവ്വാഴ്ച അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായി തന്നോട് അങ്ങനെ ചോദിക്കാൻ ആയോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നെന്നും യുവതി ആരോപിച്ചു.
അതേസമയം, അഭിഭാഷകയെ മർദിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സീനിയർ അഭിഭാഷകനെ പൊലീസിന് ഇതുവരെ കണ്ടെത്താനായില്ല. മൊബൈല്‍ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. പൊലീസ് പൂന്തുറയില്‍ എത്തിയതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ബെയ്‍ലിന്‍ ദാസ് രക്ഷപ്പെടുകയാണ് ചെയ്തത്. അതിക്രമത്തില്‍ വനിത കമീഷൻ കേസെടുത്തിട്ടുണ്ട്.