Fri. Apr 26th, 2024

കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്ന പ്രദേശം അതീവ സുരക്ഷാ മേഖലയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു

By admin Aug 28, 2021 #news
Keralanewz.com

ന്യൂഡൽഹി: കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്ന പ്രദേശം അതീവ സുരക്ഷാ മേഖലയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 92 സി.സി.ടി.വി ക്യാമറകൾ ഹൈക്കോടതി സമുച്ചയത്തിലെ എല്ലാ ചലനങ്ങളും റെക്കോർഡ് ചെയ്യുന്നതായും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ 72 പോലീസുകാരെ ഹൈക്കോടതിയുടെ സുരക്ഷയ്ക്കായി വ്യന്യസിച്ചിട്ടുണ്ടെന്നും കേരളം സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേരള പോലീസ് നിയമത്തിലെ 83 (1), (2) വകുപ്പുകൾ പ്രകാരമാണ് ഹൈക്കോടതിയെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.സംസ്ഥാന ഇന്റലിജിൻസ് വിഭാഗം നേരിട്ട് ഹൈക്കോടതിയുടെ സുരക്ഷ വിലയിരുത്തുന്നുണ്ട്. ഹൈക്കോടതി ഉദ്യോഗസ്ഥനും, സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ള സംഘം കഴിഞ്ഞ വർഷം ഹൈക്കോടതിയുടെ സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. ഓഡിറ്റിന്റെ അടിസ്ഥാനത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയതായും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

കൊച്ചി സിറ്റിയിലെ സായുധ പോലീസിലെ 24 പേരുൾപ്പടെ 72 പോലീസുകാരെയാണ് ഹൈക്കോടതിയുടെ സുരക്ഷയ്ക്കായി വ്യന്യസിച്ചിരിക്കുന്നത്. 9 വനിത പോലീസ് ഉദ്യോഗസ്ഥരും ഇതിൽപ്പെടും. ഇതിനുപുറമെ സംസ്ഥാന വ്യവസായ സുരക്ഷ വിഭാഗത്തിൽ നിന്ന് 70 പേരെയും ഹൈക്കോടതിയുടെ സുരക്ഷയ്ക്കായി വ്യന്യസിച്ചിട്ടുണ്ട്. ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആവശ്യപ്പെട്ടതനുസരിച്ച് 1,71, 24,000 രൂപയുടെ സുരക്ഷ ഉപകരണങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും കേരളം സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യതമാക്കിയിട്ടുണ്ട്.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് എസ്കോർട്ടോട് കൂടിയ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിട്ടുണ്ട്. മറ്റ് ജഡ്ജിമാർക്കും വൈ കാറ്റഗറി സുരക്ഷയുണ്ട്. കൊച്ചിയിലെ എൻ.ഐ.ഐ കോടതിയിലെ ജഡ്ജിക്കും സി.ബി.ഐ കോടതി രണ്ടിലെ ജഡ്ജിക്കും വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിട്ടുണ്ട്. കൊച്ചിയിലെ സി.ബി.ഐ കോടതി മൂന്നിലേയും, തിരുവനന്തപുരത്തെ സി.ബി.ഐ കോടതിയിലെ സ്പെഷ്യൽ ജഡ്ജിനും എക്സ് കാറ്റഗറി സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

കീഴ്ക്കോടതികൾക്കും, കീഴ്ക്കോടതി ജഡ്ജിമാർക്കും ആവശ്യത്തിന് സുരക്ഷ അനുവദിച്ചിട്ടുണ്ടെന്നും കേരളം സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജഡ്ജിമാർക്കും കോടതികൾക്കും ഏർപ്പെടുത്തിയ സുരക്ഷ വിശദീകരിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാത്തതിന് കേരളം ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. ഈ തുക സുപ്രീംകോടതി ബാർ അസോസിയേഷൻ ക്ഷേമനിധി ഫണ്ടിൽ കേരളം അടച്ചു.

Facebook Comments Box

By admin

Related Post