വിയറ്റ്‌നാം ഗോള്‍ഡൻ വിസ; ഇന്ത്യക്കാര്‍ക്ക് കുടുംബത്തോടൊപ്പം 10 വര്‍ഷം വരെ താമസാവകാശം ലഭിക്കുന്ന പുതിയ അവസരം
വിയറ്റ്‌നാം ഇന്ത്യക്കാർക്കായി 5 മുതല്‍ 10 വർഷം വരെ കാലാവധിയുള്ള ഗോള്‍ഡൻ വിസ പദ്ധതി അവതരിപ്പിച്ചിരിക്കുന്നു.
യുഎഇയുടെ 10 വർഷത്തെ ഗോള്‍ഡൻ വിസയും സൗദി അറേബ്യയുടെ പ്രീമിയം ഇഖാമയും പോലെ, ഈ ദീർഘകാല വിസയും ഇന്ത്യക്കാരില്‍ വലിയ ജനപ്രീതി നേടുന്നു. ഈ വിസയുള്ളവർക്ക് കുടുംബത്തെയും കുട്ടികളെയും ആശ്രിത വിസയില്‍ കൂട്ടിക്കൊണ്ടുവരാൻ കഴിയും. വിയറ്റ്‌നാം ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങള്‍ വിദേശികള്‍ക്ക് തുറന്ന് നല്‍കിയിട്ടുണ്ട്. അപേക്ഷാ നടപടികള്‍ പൂർണ്ണമായും ഓണ്‍ലൈനായി നടത്താം എംബസിയില്‍ നേരിട്ട് പോകേണ്ടതില്ല. കാലാവധിയുള്ള പാസ്‌പോർട്ട്, നിക്ഷേപത്തിന്റെ തെളിവുകള്‍ അല്ലെങ്കില്‍ വരുമാന സ്രോതസ്സുകളുടെ രേഖകള്‍, ആരോഗ്യ ഇൻഷുറൻസ് എന്നിവ ആവശ്യമാണ്. ആദ്യഘട്ടത്തില്‍ ഹോ ചി മിൻ സിറ്റി, ഹാനോയ്, ദാ നാങ്, ഫു കുവോക് എന്നിവിടങ്ങളിലാണ് വിദേശികള്‍ക്ക് താമസാനുമതി നല്‍കുന്നത്.
ഗോള്‍ഡൻ വിസ മൂന്ന് വിഭാഗങ്ങളിലായി നല്‍കപ്പെടുന്നു. ഒന്നാമത്, നിക്ഷേപകർക്കും ബിസിനസുകാർക്കും രണ്ടാമത്, ഐടി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രതിഭകള്‍ക്കായി മൂന്നാമത്, ദീർഘകാല യാത്രകള്‍ ചെയ്യുന്ന ടൂറിസ്റ്റുകള്‍ക്കും റിട്ടയർ ജീവിതം ആഗ്രഹിക്കുന്നവർക്കും. ഇവയ്ക്ക് 5 മുതല്‍ 10 വർഷം വരെ കാലാവധി ഉണ്ട്, പുതുക്കാവുന്നതുമാണ്. വിയറ്റ്‌നാം ചെലവ് കുറഞ്ഞ, ബജറ്റില്‍ ഒതുങ്ങുന്ന വിദേശ ടൂർ ആഗ്രഹിക്കുന്നവർക്കും, കൊച്ചിയില്‍ നിന്ന് നേരിട്ടുള്ള വിമാന സർവീസുകള്‍ ഉള്ളതിനാല്‍, മലയാളികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നിടുന്നു. വിയറ്റ്‌നാമീസ് ബജറ്റ് എയർലൈൻ വിയറ്റ്‌ജെറ്റ് ചിലപ്പോള്‍ ഒരു രൂപയ്ക്ക് പോലും ഓഫർ നിരക്കില്‍ ടിക്കറ്റ് വില്‍ക്കാറുണ്ട്.
വിയറ്റ്‌നാം ഉല്‍പ്പാദന രംഗത്ത് വലിയ കുതിപ്പിലാണ്. നമ്മുടെ നാട്ടില്‍ ലഭിക്കുന്ന നിത്യോപയോഗ ഉല്‍പ്പന്നങ്ങളില്‍ പലതും വിയറ്റ്‌നാമില്‍ നിർമ്മിക്കുന്നവയാണ്, പ്രത്യേകിച്ച് ഫുട്‌വെയർ, ടെക്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍. ഈ സാധ്യത വ്യവസായ സംരംഭകർക്കും ബിസിനസുകാർക്കും പ്രയോജനപ്പെടുത്താം. ചെറിയ രാജ്യമാണെങ്കിലും വ്യവസായ രംഗത്ത് ചൈനയെ പോലെ മുന്നേറ്റം കാഴ്ചവെക്കുന്ന വിയറ്റ്‌നാം, ഇന്ത്യക്കാരായ സംരംഭകർക്ക് മികച്ച അവസരങ്ങള്‍ നല്‍കുന്നു. ഗോള്‍ഡൻ വിസയുടെ സഹായത്തോടെ, ഇന്ത്യക്കാരായ ബിസിനസുകാർക്ക് വിയറ്റ്‌നാമില്‍ സ്ഥിരതയും വളർച്ചയും ഉറപ്പാക്കാൻ കഴിയും. ‘